സ്പിൻ ചുഴലിയിൽ ഇംഗ്ലണ്ട് വീണു; ഇന്ത്യൻ ജയം ഇന്നിങ്സിനും 75 റൺസിനും

ചെന്നൈ ∙ ഇതാണു കളി; ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം പട്ടം വെറും പേരിനു കിട്ടിയതല്ലെന്നു കോഹ്‌ലിയും കൂട്ടുകാരും തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ പതിവു വിരസതകളല്ല ഇന്നലെ ചെപ്പോക്കിൽ കണ്ടത്. പകരം, കുഞ്ഞൻ ക്രിക്കറ്റിനെ പോലും കടത്തിവെട്ടുന്ന ആവേശ ലഹരി. ഇംഗ്ലണ്ട് സമനിലയ്ക്കു വേണ്ടിയാണു കളിച്ചത്, ഇന്ത്യ വിജയത്തിനു വേണ്ടിയും; അതായിരുന്നു വ്യത്യാസം. അവസാന വിക്കറ്റും വീഴ്ത്തി ഇന്ത്യൻ താരങ്ങൾ സ്റ്റംപുകൾ വലിച്ചൂരി ആഘോഷിച്ചപ്പോഴാണ് ഇംഗ്ലിഷുകാർക്ക് അത് മനസ്സിലായതെന്നു മാത്രം. ഇന്നിങ്സിനും 75 റൺസിനുമായിരുന്നു ഇന്ത്യൻ വിജയം. പരമ്പരയിൽ 4–0 വിജയം. സ്കോർ: ഇംഗ്ളണ്ട്– 477, 207. ഇന്ത്യ: ഏഴിന് 759.

ജീവനില്ലാത്ത പിച്ചിൽ അദ്ഭുതം നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇംഗ്ലണ്ട് എങ്ങനെയെങ്കിലും പിടിച്ചു നിന്നു മൽസരം സമനിലയിലാക്കുമെന്നായിരുന്നു പ്രതീക്ഷ. ഉച്ച വരെ കാര്യങ്ങൾ ഇംഗ്ലണ്ടിന്റെ കയ്യിൽത്തന്നെയായിരുന്നു. ക്യാപ്റ്റൻ അലസ്റ്റയർ കുക്കും, കീറ്റൻ ജെന്നിങ്സും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൂക്ഷിച്ചാണു കളിച്ചത്. വിക്കറ്റു പോകാതെ സ്കോർ 103ൽ എത്തുന്നതു വരെ ഒന്നും സംഭവിച്ചില്ല. അണ്ണാ പവലിയൻ എൻഡിൽ നിന്നു സ്പിൻ ചുഴലി വീശാൻ തുടങ്ങിയത് അപ്പോഴാണ്. പിന്നീട് കാര്യങ്ങൾ തീരുമാനിച്ചത് രവീന്ദ്ര ജഡേജയാണ്. കുക്ക് ആയിരുന്നു ആദ്യ ഇര. അർധ സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന കുക്ക് (49), ജഡേജയുടെ പന്തിൽ രാഹുലിനു പിടി നൽകി മടങ്ങി. ടെസ്റ്റ് സീരിസിൽ ആറാം തവണയാണു കുക്ക് ജഡേജയ്ക്കു വിക്കറ്റ് നൽകുന്നത്. ഒരു വിക്കറ്റിന് 103 എന്ന സ്കോർ ഇംഗ്ലണ്ടിനെ ഭയപ്പെടുത്തിയിരുന്നില്ല; പക്ഷേ, ജഡേജയെ ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർ പേടിച്ചിരുന്നു. പിന്നീട്, കാര്യങ്ങൾ ഇന്ത്യയുടെ വഴിയേയായി.

ജഡേജ കൃത്യമായ ഇടവേളകളിൽ ആഞ്ഞടിച്ചു. ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരിൽ ഒരാൾക്കു പോലും പിടിച്ചു നിൽക്കാനായില്ല. കുക്കിനു പിന്നാലെ അർധ സെഞ്ചുറിയടിച്ച കീറ്റൻ ജെന്നിങ്സ് (54) വീണു, ജോ റൂട്ട് (6) വീണു, ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരൻ മോയിൻ അലി (44) വീണു. ഇഷാന്ത് ശർമയുടെ പന്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെയർസ്റ്റോയെ വാരകളോളം പിന്നോട്ടോടി ജഡേജ കൈപ്പിടിയിലൊതുക്കിയതോടെ ഉറപ്പായി; ചെപ്പോക്കിൽ ഇന്നലെ ജഡേജയുടെ ദിവസം. ചെറുത്തു നിൽക്കാൻ ശ്രമിച്ച വാലറ്റം ജഡേജയുടെ പന്തേറിനു മുന്നിൽ ചുരുണ്ടു കൂടുന്നതാണ് പിന്നീടു കണ്ടത്. പതിനൊന്നാമൻ ജെയ്ക് ബോളിനെ ജഡേജ, കരുൺ നായരുടെ കയ്യിലെത്തിച്ചപ്പോൾ ഇംഗ്ലണ്ട് പതനം പൂർണം. വിക്കറ്റു പോകാതെ 103 എന്ന അവസ്ഥയിൽ നിന്ന് 207ന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്ത്. 104 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിലാണ് പത്തു വിക്കറ്റും പോയത്. മുങ്ങാൻ തുടങ്ങിയ ഇംഗ്ലിഷ് ടീമിനെ പാറ പോലെ ഉറച്ചു നിന്നു രക്ഷിക്കാൻ ആരുമില്ലാതെ പോയി.

ബോളർമാരെ ഒട്ടും സഹായിക്കാതിരുന്ന പിച്ചിലാണ് അവസാന ദിവസം മാത്രം ഇന്ത്യ പത്തു വിക്കറ്റ് വീഴ്ത്തിയത്. കളി എങ്ങനെ ജയിക്കണമെന്നതിന് ഇംഗ്ലണ്ട് ക്യാപ്റ്റൻ കുക്കിനു കോ‌ഹ്‍‌ലിയെ കണ്ടു പഠിക്കാം. ഒന്നാം ഇന്നിങ്സിൽ കൃത്യമായ ലീഡെടുത്ത് അവസാന ദിവസം ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചപ്പോൾത്തന്നെ ഇന്ത്യൻ ടീമിന്റെ മനസ്സിലിരിപ്പു വ്യക്തമായിരുന്നു. ചെന്നൈക്കാരൻ അശ്വിന് ഒന്നും ചെയ്യാൻ കഴിയാതിരുന്ന പിച്ചിൽ രവീന്ദ്ര ജഡേജയെ സമർഥമായാണു കോ‌ഹ്‌ലി ഉപയോഗിച്ചത്. രണ്ടാം ഇന്നിങ്സിലെ ഏഴു വിക്കറ്റുകളുൾപ്പെടെ മൊത്തം 10 വിക്കറ്റുകളാണു ജഡേജ ചെപ്പോക്കിൽ നേടിയത്. ആ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന്റെ പതനത്തിനു കാരണമായതും. ഇന്ത്യയുടെ ജയത്തിനൊപ്പം, ചെപ്പോക്ക് എന്നെന്നും മനസ്സിലോർക്കുന്നത് മലയാളി താരം കരുൺ നായരുടെ ഇന്നിങ്സായിരിക്കും. ഒന്നര ദിവസത്തോളം നിന്നു ബാറ്റ് ചെയ്ത് ട്രിപ്പിൾ സെഞ്ചുറിയടിച്ചതിന്റെ ക്ഷീണമൊന്നും ഇന്നലെ കരുണിന് ഉണ്ടായിരുന്നില്ല. ഫീൽഡിൽ ഉഷാറായ കരുൺ രണ്ടു ക്യാച്ചുകളെടുക്കുകയും ചെയ്തു.