Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ടിനെ കടപുഴക്കി ‘ജഡേജച്ചുഴലി’; വഴിമാറി റെക്കോർഡുകളും

CRICKET-IND-NZL

ചെന്നൈ∙ ലോകത്തെ ക്രിക്കറ്റ് കളിക്കാൻ പഠിപ്പിച്ച ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച ടെസ്റ്റ് പരമ്പര വിജയമാണ് കോഹ്‍ലിയുടെ നേതൃത്വത്തിൽ സ്വന്തമാക്കിയ 4-0 വിജയം. വീരേന്ദർ സെവാഗിനുശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ മലയാളി താരം കരുൺ നായരുടെയും അവസാന ദിനം ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചുഴലിക്കാറ്റായി വീശിയടിച്ച രവീന്ദ്ര ജഡേജയുടെയും മികവിലാണ് ചെന്നൈ ടെസ്റ്റിൽ ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഇരട്ടസെഞ്ചുറിക്ക് ഒരു റൺ മാത്രം അകലെ പുറത്തായ ലോകേഷ് രാഹുലിന്റെ ഇന്നിങ്സും വിജയത്തിൽ നിർണായകമായി.

ആദ്യ ദിനങ്ങളിൽ ഇംഗ്ലണ്ടും പിന്നീട് ഇന്ത്യയും മേധാവിത്തം പുലർത്തിയ ഈ മൽസരം സമനിലയിലയിൽ അവസാനിക്കാനായിരുന്നു എല്ലാ സാധ്യതയും. എന്നാൽ, അവസാന ദിനം ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്കുമേൽ താ‌ണ്ഡവമാടിയ ജഡേജയാണ് മൽസരം ഇന്ത്യയ്ക്ക് അനുകൂലമായി തിരിച്ചത്. സാധാരണ ഈ ജോലി ചെയ്യാറുള്ള, ചെന്നൈയുടെ സ്വന്തം താരം കൂടിയായ രവിചന്ദ്ര അശ്വിന്‍ പതിവില്ലാതെ നിശബ്ദനായപ്പോൾ, ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടാനുള്ള ചുമതല ജഡേജ ഒറ്റയ്ക്ക് ഏറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ 25 ഓവർ ബോൾ ചെയ്ത് 48 റൺസ് മാത്രം വഴങ്ങിയ ജഡേജ ഏഴു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്സിലെ മൂന്നു വിക്കറ്റ് ഉൾപ്പെടെ മൽസരത്തിലാകെ നേടിയത് 10 വിക്കറ്റ്.

അവസാന ദിനം ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്രവേഗം വിജയത്തിലേക്കെത്തുമെന്ന് പരിശീലകനായ കുംബ്ലെ പോലും കരുതിയിരിക്കില്ല. നാലാം ദിനത്തിൽപോലും സ്പിന്നർമാരെ അതിരുവിട്ട് സഹായിക്കാതിരുന്ന പിച്ചിൽ അവസാന ദിനം ഇന്ത്യൻ ബോളർമാർ അസാമാന്യ മികവ് പ്രകടിപ്പിച്ചാലേ വിജയം നേടാനാകൂ എന്ന് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ, എല്ലാവരും സംസാരിച്ചത് വിദൂരമായ വിജയസാധ്യതകളെക്കുറിച്ച് മാത്രം.

ജോ റൂട്ട്, അലസ്റ്റയർ കുക്ക്, ജോണി ബെയർസ്റ്റോ, ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ് തുടങ്ങിയ സമകാലീന ക്രിക്കറ്റിലെ വമ്പൻമാരെല്ലാം അണിനിരക്കുന്ന ഇംഗ്ലീഷ് ബാറ്റിങ് നിര ഇന്ത്യൻ ബോളിങ് ആക്രമണത്തെ പ്രതിരോധിക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ പരമ്പരയിൽ ഇന്ത്യൻ ബോളർമാരെ നേരിടുന്നതിൽ പ്രത്യേക മികവ് പ്രകടിപ്പിച്ച മോയിൻ അലി, ഈ പരമ്പരയിൽ സെഞ്ചുറിയോടെ അരങ്ങേറിയ കീറ്റൺ ജെന്നിങ്സ്, ഈ ടെസ്റ്റിൽ അർധസെഞ്ചുറിയോടെ അരങ്ങേറിയ ലിയാം ഡേവ്സൻ എന്നിവരും ചേരുമ്പോൾ മാന്യമായൊരു ചെറുത്തുനിൽപ്പ് ഇംഗ്ലണ്ട് നിരയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല, ഇംഗ്ലണ്ട് നിരയിലെ നാലു പേർ ഈ കലണ്ടർ വർഷത്തിൽ ടെസ്റ്റിൽ 1000 റൺസിന് മുകളിൽ സ്വന്തമാക്കിയവരുമാണ്. ജോ റൂട്ട് (32 ഇന്നിങ്സിൽ 1477), ജോണി ബെയർസ്റ്റോ (29 ഇന്നിങ്സിൽ 1470), അലസ്റ്റയർ കുക്ക് (33 ഇന്നിങ്സിൽ 1270), മോയിൻ അലി (1078) എന്നിവരാണ് ഈ താരങ്ങൾ.

ഒന്നാം വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ കീറ്റൺ ജെന്നിങ്സും (54), ക്യാപ്റ്റൻ അലസ്റ്റയർ കുക്കും (49) പ്രതീക്ഷ കാത്തെങ്കിലും തുടർന്നെത്തിയവർക്ക് ഈ മികവു തുടരാനായില്ല. പിന്നീട് രണ്ടക്കം കടന്നതുതന്നെ മോയിൻ അലി (44), ബെൻ സ്റ്റോക്സ് (23) എന്നിവർ മാത്രം. 50 പന്തിൽ ആറു റൺസുമായി ജോസ് ബട്‌ലർ പ്രതിരോധിച്ചുനോക്കിയെങ്കിലും മറുഭാഗം ജഡേജ അനായാസം വീഴ്ത്തിയതോടെ ഇംഗ്ലണ്ട് അനിവാര്യമായ തോൽവി ഏറ്റുവാങ്ങി.

ചെന്നൈ ടെസ്റ്റ് ബാക്കിവയ്ക്കുന്ന ചില റെക്കോർഡുകൾ

∙ ഒന്നാം ഇന്നിങ്സിൽ 450നു മുകളിൽ റൺസെടുത്ത ടീം മൽസരം ഇന്നിങ്സിന് തോൽക്കുന്നത് ഇതാദ്യം. 2001ൽ ആഷസ് പരമ്പരയിൽ ഒന്നാം ഇന്നിങ്സിൽ 432 റൺസെടുത്തശേഷം ഓസീസിനോട് ഇന്നിങ്സ് തോൽവി വഴങ്ങിയ ഇംഗ്ലണ്ട് തന്നെയാണ് ഇക്കാര്യത്തിൽ രണ്ടാമതുമുള്ളത്.

∙ ഈ പരമ്പരയിൽ രവീന്ദ്ര ജഡേജ ഒരു ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തുന്നത് ഇതാദ്യമാണ്. മൽസരത്തില് 10 വിക്കറ്റ് വീഴ്ത്തുന്നതും ആദ്യം.

∙ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റയർ കുക്ക് രവീന്ദ്ര ജഡേജയ്ക്കു മുന്നിൽ കീഴടങ്ങുന്നത് ഇത് ആറാം തവണയാണ്. മറ്റൊരു ബോളർക്കും ഈ നേട്ടം അവകാശപ്പെടാനാകില്ല.

related stories
Your Rating: