സ്പിൻ കളിക്കാൻ ദ്രാവിഡ് തുണയായി: ബില്ലിങ്സ്

മുംബൈ ∙ ഡൽഹി ഡെയർ ഡെവിൾസ് ടീമംഗമായി ആറാഴ്ച രാഹുൽ ദ്രാവിഡിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണു സ്പിന്നിനെതിരെ മികച്ചരീതിയിൽ കളിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ സാം ബില്ലിങ്സ്. ഇന്ത്യ എയ്ക്കെതിരായ മൽസരത്തിൽ 93 റൺസെടുത്ത ബില്ലിങ്സിന്റെ മികവിലാണ് ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് വിജയം സ്വന്തമാക്കിയത്. ‘‘ ഐപിഎൽ കാലം ഈ പരമ്പരയിൽ എനിക്കു തുണയാകും.

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ രാഹുൽ ദ്രാവിഡിൽനിന്നു ലഭിച്ച നിർദേശങ്ങൾ സ്പിന്നിനെതിരെ കളിക്കുന്നതിൽ തുണയായി. ആ ആറാഴ്ചക്കാലം ആവേശഭരിതമായിരുന്നു. വീണ്ടും ഞാനെത്തും.’’– ബില്ലിങ്സ് പറഞ്ഞു. ‘‘പരമ്പരയിൽ സ്പിൻ നിർണായകമാവും. അശ്വിനും ജഡേജയും ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരാണ്. ഇവിടത്തെ സാഹചര്യങ്ങളുമായി പരിചയമുള്ള ഒട്ടേറെപ്പേർ ഞങ്ങളുടെ സംഘത്തിലുമുണ്ട്.’’

ധോണിയെക്കുറിച്ചും ബില്ലിങ്സ് ഏറെ വാചാലനായി. ‘‘ഇന്ത്യയിൽ മാത്രമല്ല, ക്രിക്കറ്റ് ലോകമെമ്പാടും ധോണി ഹീറോയാണ്. ക്യാപ്റ്റനെന്ന നിലയിൽ എന്തൊരു പ്രകടനമായിരുന്നു! ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ടെന്ന് ആദ്യ സന്നാഹ മൽസരത്തിലും തെളിയിച്ചില്ലേ.’’