Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു ടെസ്റ്റുകളിൽ ഏഴു വിജയം, മൂന്നു സമനില; ഇന്ത്യയ്ക്ക് കരുത്തായി ടെസ്റ്റിലെ ‘കറക്കുകമ്പനി’

jadeja-ashwin രവീന്ദ്ര ജഡേജയും അശ്വിനും.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് വേദികൾ കീഴടക്കുമ്പോൾ വിജയത്തിനു കാർമികത്വം വഹിക്കുന്നതു പതിവുപോലെ സ്പിൻ കരുത്ത്. എന്നാൽ സ്പിന്നിന്റെ മാത്രം തിണ്ണമിടുക്കിലല്ല വിജയങ്ങളെന്നു ടീമിന്റെ സമീപകാല മൽസരങ്ങൾ തെളിയിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ക്രിസ് വോക്സിനെ പുറത്താക്കിയ മുഹമ്മദ് ഷമിയുടെ പന്തു നോക്കിയാലറിയാം പേസ് ബോളർമാരും മോശക്കാരല്ലെന്ന്. അതേ ഓവറിൽ ആദിൽ റഷീദിനെ വീഴ്ത്തിയ പന്തും ന്യൂബോൾ ബോളിങ്ങിന്റെ മികവേറ്റുന്നതുതന്നെ. 2016ൽ ഇതുവരെ ഇന്ത്യ കളിച്ചത് 10 ടെസ്റ്റ് മൽസരങ്ങൾ. അതിൽ ഏഴിലും വിജയം; മൂന്നു സമനിലകളും.

∙ വിദേശത്തും മോശമല്ല

ഈവർഷം ഇന്ത്യ കളിച്ച ടെസ്റ്റുകളിൽ നാലെണ്ണം വെസ്റ്റ് ഇൻഡീസിനെതിരെ അവരുടെ പിച്ചുകളിലായിരുന്നു. ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലായി നടന്ന പരമ്പരയിൽ രണ്ടു ടെസ്റ്റുകളിൽ വിജയം ഇന്ത്യയ്ക്കൊപ്പം നിന്നു. രണ്ടെണ്ണം സമനിലയിൽ അവസാനിച്ചു. ആന്റിഗ്വയിലെ ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 92 റൺസിനും ഇന്ത്യ വിജയിച്ചപ്പോൾ ഏഴു വിക്കറ്റുമായി അശ്വിൻ മികവുകാട്ടി. ആദ്യ ഇന്നിങ്സിൽ വിക്കറ്റൊന്നുമില്ലാതിരുന്ന അശ്വിൻ രണ്ടാം ഇന്നിങ്സിൽ തകർത്തുവാരി. അമിത് മിശ്ര മൂന്നു വിക്കറ്റെടുത്തു.

CRICKET-IND-NZL ആർ.അശ്വിൻ

പേസ് ബോളിങ് പിച്ചിലെ കരുത്തുമായി ഉമേഷ് യാദവ് അ‍ഞ്ചുപേരെ പറഞ്ഞയച്ചിരുന്നു. കിങ്സ്റ്റണിൽ സമനിലയിലായ രണ്ടാം ടെസ്റ്റിൽ ആശ്വിന് ആറു വിക്കറ്റുകളായിരുന്നു സമ്പാദ്യം. അമിത് മിശ്ര മൂന്നെണ്ണം വീഴ്ത്തി. മുഹമ്മദ് ഷമിയുടെ പേരിൽ നാലു വിക്കറ്റ്. ഗ്രോസ് ഐസ്‌ലെറ്റിലെ മൂന്നാം ടെസ്റ്റിൽ 237 റൺസിന്റെ ഇന്ത്യൻ വിജയത്തിൽ ഭുവനേശ്വർ കുമാറിന്റെ ആറു വിക്കറ്റ് നേട്ടം മികച്ചുനിന്നു. ആദ്യ ഇന്നിങ്സിലായിരുന്നു അ‍ഞ്ചു വിക്കറ്റും. അശ്വിൻ, ജഡേജ, ഇഷാന്ത് ശർമ, ഷമി എന്നിവർ മൂന്നു വിക്കറ്റുകൾ വീതമെടുത്തതോടെ വിജയത്തിൽ ഇന്ത്യൻ ബോളർമാരെല്ലാം പങ്കാളികളായി. പോർട് ഓഫ് സ്പെയിനിൽ ആദ്യദിനം മാത്രമെ കളി നടന്നുള്ളൂ. ബാക്കി നാലു ദിനങ്ങളിലും മഴ മുടക്കി.

∙ കിവികളുടെ ചിറകെരിച്ച്

മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇന്ത്യയിലെത്തുമ്പോൾ ഇത്രയും ദയനീയതോൽവി ന്യൂസീലൻഡ് പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ പക്ഷേ, അവരുടെ സ്പിന്നർമാർക്ക് (ഇഷ് സോധി, മിച്ചൽ സാന്റ്നർ, ജീതൻ പട്ടേൽ) നമ്മുടെയത്രയും മികവു കാട്ടാനായില്ല. കാൺപൂരിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ജയിച്ചതു 197 റൺസിന്. രണ്ട് ഇന്നിങ്സുകളിലായി അശ്വിൻ വീഴ്ത്തിയതു 10 വിക്കറ്റുകൾ. ആറു വിക്കറ്റുമായി ജഡേജയും മോശമാക്കിയില്ല.

CRICKET-IND-NZL രവീന്ദ്ര ജഡേജ

കൊൽക്കത്തയിലെ രണ്ടാം ടെസ്റ്റിൽ പക്ഷേ, പേസർമാരുടെ വിളയാട്ടമായിരുന്നു. ഭുവനേശ്വർകുമാറും ഷമിയും ആറുവീതം വിക്കറ്റ് വീഴ്ത്തി. ജഡേജയും അശ്വിനും വീഴ്ത്തിയത് നാലുവീതവും. ഇൻഡോറിലെത്തിയപ്പോൾ വീണ്ടും സ്പിന്നാധിപത്യം. അശ്വിന് 13 വിക്കറ്റ്!. ജഡേജയ്ക്കാകട്ടെ നാലും. ഇന്ത്യയുടെ വിജയം 321 റൺസിന്.

∙ ഇംഗ്ലിഷ് പരീക്ഷയും ജയിച്ചു

ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്നു ടെസ്റ്റുകൾ പിന്നിട്ടപ്പോൾതന്നെ ഇന്ത്യ 2–0നു മുന്നിലെത്തിക്കഴിഞ്ഞു. രാജ്കോട്ടിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്കു ചങ്കിടിപ്പേകി ഇംഗ്ലണ്ടു കരുത്തറിയച്ചപ്പോൾ കഷ്ടപ്പെട്ടാണ് ഇന്ത്യ സമനില പിടിച്ചത്. അശ്വിൻ, ജഡേജ, അമിത് മിശ്ര സഖ്യം മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടുകാർ സ്പിൻ കളിക്കാൻ പഠിച്ചല്ലോ, പരമ്പര ബുദ്ധിമുട്ടാകും എന്ന തോന്നലുണ്ടാക്കി. എന്നാൽ വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിൽ കഥ മാറി.

Jayant-yadav-kohli ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജയന്ത് യാദവ്.

അശ്വിന് എട്ടു വിക്കറ്റ്. ജഡേജയ്ക്ക് മൂന്ന്. അരങ്ങേറ്റ ടെസ്റ്റ് കളിച്ച ജയന്ത് യാദവിനു നാലു വിക്കറ്റ്! ഇംഗ്ലണ്ട് തോറ്റമ്പിയത് 246 റൺസിന്. മൊഹാലിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ബോളർമാരുടെ പ്രകടനം ഏതാണ്ടു തുല്യമായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഷമിയുടെ ബോളിങ്ങായിരുന്നു ശ്രദ്ധേയം. വിശേഷിച്ചും രണ്ടാം ഇന്നിങ്സിൽ ഒരോവറിൽ വീഴ്ത്തിയ രണ്ടു വിക്കറ്റുകൾ. ജയന്ത് യാദവും ജഡേജയും അശ്വിനും നാലുവീതവും ഉമേഷ് യാദവ് രണ്ടും വിക്കറ്റു വീഴ്ത്തിയപ്പോൾ ഇന്ത്യയുടെ വിജയം എട്ടു വിക്കറ്റിന്. അതും ഒരുദിവസം ബാക്കിനിൽക്കെ.

മുംബൈയിലും ചെന്നൈയിലുമായി രണ്ടു ടെസ്റ്റുകൾ കൂടിയുണ്ട് ഇംഗ്ലണ്ടിനെ പേടിപ്പിക്കാൻ. ഇന്ത്യൻ ബാറ്റിങ് നിരയുടെ മികവിനൊപ്പം ബോളർമാരും വാഴ്ച തുടർന്നാൽ ഇംഗ്ലണ്ടിനെ ഈ പരമ്പര വേദനിപ്പിക്കുമെന്നുറപ്പ്.

related stories