Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണയുടെ രൂപം ഈ കരുൺ; ബാറ്റെടുത്താലോ, അങ്കക്കലി!

CRICKET-IND-ENG

കരുണയുടെ രൂപം. ബാറ്റ് കയ്യിലെടുത്താൽ തീരെ കരുണയില്ല. സൂക്ഷ്മതയോടെയുള്ള കളി. പിന്നെപ്പിന്നെ അത് ആക്രമണത്തിലേക്കും കടന്നാക്രമണത്തിലേക്കും മാറും. ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ, ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ സെഞ്ചുറിതന്നെ ഡബിളും ട്രിപ്പിളുമാക്കി ആരാധകമനസ്സിലേക്കു കയറിയ കരുൺ നായരെക്കുറിച്ചാണു പറയുന്നത്.

ഇതു മൂന്നും ടെസ്റ്റിലെ ഒരേ ഇന്നിങ്‌സിൽ ഒരേ ദിവസം നേടിക്കൊണ്ടാണു വാർത്തകളിൽ നിറഞ്ഞതെങ്കിലും അതു ടെസ്റ്റ് മാത്രമായിരുന്നു എന്നു പറഞ്ഞാൽ അതു സാങ്കേതികം മാത്രം. ടെസ്റ്റും ഏകദിനവും ട്വന്റി20യും ചേർന്ന കളിയാണു കരുൺ അന്നു കളിച്ചത്. ഒരുതരം ത്രീ ഇൻ വൺ ശൈലി.

ജനനം ജോധ്പുരിലും പഠനവും കളിയും ജീവിതവുമെല്ലാം ബെംഗളൂരുവിലുമാണെങ്കിലും കരുൺ സംസാരിക്കുമ്പോൾ അതൊന്നും തോന്നില്ല. നാട്ടിൻപുറത്തുകാരൻ മലയാളിയുടെ ശൈലി. അതിന്റെ ക്രെഡിറ്റ് മാതാപിതാക്കളും ചെങ്ങന്നൂർ സ്വദേശികളുമായ കലാധരൻ നായർക്കും പ്രേമ നായർക്കുമാണ്.

കരുണിനെ ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധിച്ചിട്ടുള്ളവർക്ക് ഈ ട്രിപ്പിൾ നേട്ടം അത്ര കണ്ട് അത്ഭുതമായിരിക്കില്ല. കാരണം കർണാടകയ്ക്കായും ദക്ഷിണമേഖലയ്ക്കായുമെല്ലാം കരുൺ കൈവരിച്ച നേട്ടങ്ങളിൽ സെഞ്ചുറികളും ഡബിൾ സെഞ്ചുറികളും ട്രിപ്പിൾ സെഞ്ചുറിയും ഉണ്ട്. ട്വന്റി20 ക്രിക്കറ്റിലും മികവിന്റെ ഒരുപിടി ഇന്നിങ്‌സുകളുണ്ട് ഈ ഇരുപത്തഞ്ചുകാരന്റെ റെക്കോർഡ് പട്ടികയിൽ. ഓഫ് ബ്രേക്ക് ബോളിങ് മികവ് വേറേയും.

കരുൺ നായരുടെ ബാറ്റിങ് ശൈലി ഏതാണ്? പ്രതിരോധത്തിലൂന്നിയ ശൈലിയെന്നു പറഞ്ഞാലും അടിച്ചുകളിക്കുന്ന ശൈലിയെന്നു പറഞ്ഞാലും യോജിക്കും. കരുണിന് ഇതെല്ലാം വഴങ്ങും. ഇന്നിങ്‌സ് മുഴുവൻ നീളുന്ന തരത്തിൽ 'മുട്ടി നിൽക്കാനും' തകർപ്പൻ ഷോട്ടുകളിലൂടെ അടിച്ചുതകർക്കാനും രണ്ടും ചേർന്നുള്ള ശൈലി പ്രയോഗിക്കാനും നല്ലവശം.

ഐപിഎൽ അടക്കമുള്ള ട്വന്റി20 മത്സരങ്ങളിൽ മിന്നുന്ന പ്രകടനങ്ങൾ പേരിലുണ്ട്. ചെന്നൈ ടെസ്റ്റിൽത്തന്നെ മൂന്നാംദിനം കളി നിർത്തുമ്പോൾ കരുണിന്റെ സ്‌കോർ 136 പന്തിൽ പുറത്താകാതെ 71 മാത്രം. ശരിക്കും 'മുട്ടിക്കളി'. പിറ്റേന്നു സെഞ്ചുറിയിലേക്കുള്ള 29 റൺസിനു 49 പന്തു നേരിട്ടു. ഇരട്ടസെഞ്ചുറിയിലേക്കും ട്രിപ്പിളിലേക്കുമുള്ള പ്രയാണത്തിൽ സ്കോറിങ് വേഗം കൂടിക്കൂടിവന്നു. 39 പന്തിലാണ് അവസാന 57 റൺസടിച്ചെടുത്തത്. 

ക്രിക്കറ്റ് ടെക്‌സ്റ്റ് ബുക്കിലെ സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനായ രാഹുൽ ദ്രാവിഡാണു കരുണിന്റെ ആരാധനാമൂർത്തി. കരുണിന്റെ ഓരോ ഷോട്ടിലും ആ തികവു ദർശിക്കാം. വിരേന്ദർ സെവാഗിനു ശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരമായി കരുൺ. ആദ്യ സെഞ്ചുറി ട്രിപ്പിളാക്കി മാറ്റിയ ലോകത്തെതന്നെ മൂന്നാമത്തെ താരവും.

ഗാരി സോബേഴ്‌സും ബോബ് സിംപ്‌സണുമാണ് ആ നിരയിലെ മറ്റു രണ്ടുപേർ.
നാടിനെക്കുറിച്ചു സംസാരിക്കുമ്പോൾ വാചാലനാകും പൊതുവെ മിതഭാഷിയായ കരുൺ. ഓരോ അവധിക്കാലത്തും ചെങ്ങന്നൂരെത്താൻ കൊതിക്കും. നാട്ടിലുണ്ടാകുക എന്നതു വ്യത്യസ്തമായ അനുഭവമാണെന്നും ബെംഗളൂരുവിലെ തിരക്കുകളിൽനിന്നു തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണു നാട്ടിലെന്നും കരുൺ പറയുന്നു.

സ്റ്റാര്‍ ഓഫ് 2016 – നിങ്ങളുടെ വോട്ട് കരുണിനെങ്കിൽ VOTE സ്പെയ്സ് B എന്നു രേഖപ്പെടുത്തി 56767123 ലേയ്ക്ക് എസ്എംഎസ് * ചെയ്യുക.
*നിരക്കുകൾ ബാധകം

related stories