Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 വർഷത്തിനു ശേഷം വിദേശത്ത് ഇന്ത്യയ്ക്കു സൗഹൃദ ഫുട്ബോൾ വിജയം

football-india

ന്യൂഡൽഹി∙ പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ വിദേശത്ത് ഒരു സൗഹൃദ ഫുട്ബോൾ മൽസരം ജയിച്ചു. നോംപെന്നിൽ 3–2നു കംബോഡിയയെയാണു കീഴടക്കിയത്.

മലയാളി താരം അനസ് ഇടത്തൊടിക അടക്കം രണ്ടു പേർ അരങ്ങേറ്റം കുറിച്ച മൽസരത്തിൽ സുനിൽ ഛേത്രി(35ാം മിനിറ്റ്), ജെജെ ലാൽപെഖുല(49), സന്ദേശ് ജിങ്കാൻ(52) എന്നിവർ ഇന്ത്യയുടെ ഗോളുകൾ നേടി. കംബോഡിയയുടെ സ്കോറർമാർ ലബോറവി(36), ചാൻ വത്തനക്ക(62) എന്നിവരായിരുന്നു. പകുതി സമയത്തു ടീമുകൾ 1–1ൽ ഒപ്പം നിന്നു. 

രണ്ടാം പകുതിയിലെ മൂന്നു മിനിറ്റിനിടെ വീണ രണ്ടു ഗോളാണു മൽസരഫലം നിശ്ചയിച്ചത്. ഇടവേളയ്ക്കു ശേഷം ജെജെ ലാൽപെഖുലയേയും സന്ദേശ് ജിങ്കാനേയും പകരക്കാരായി ഇറക്കിയ കോച്ച് കോൺസ്റ്റന്റൈന്റെ നീക്കം ഫലിച്ചു.

ജെജെ 49ാം മിനിറ്റിലും സന്ദേശ് ജിങ്കാൻ 52ാം മിനിറ്റിലും സ്കോർ ചെയ്തതോടെ മൽസരം ഇന്ത്യയുടെ വരുതിയിലായി. അനസിനു പുറമെ സി.കെ.വിനീതും മലയാളി പ്രതിനിധിയായി ടീമിലുണ്ടായിരുന്നു. 

എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ മ്യാൻമറിനെ നേരിടാനിരിക്കെ നേടിയ ഈ വിജയം ടീമിനും കോച്ച് കൊ‍ൺസ്റ്റന്റൈനും ആത്മവിശ്വാസം പകരും. യുഎഇയിൽ 2019ലാണ് ഏഷ്യൻ കപ്പ്.

Your Rating: