Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമാസത്തിനിടെ പുറത്താക്കിയത് ആറു പരിശീലകരെ; ‘റെക്കോർഡിട്ട്’ ചൈനീസ് ക്ലബ്ബുകൾ

Choi-Yong-soo ജിയാങ്സു സുനിങ് ക്ലബ്ബിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ ദക്ഷിണ കൊറിയക്കാരൻ ചോയ് യോങ് സൂ.

ബെയ്ജിങ് ∙ പന്ത്രണ്ടുമാസത്തിനിടെ അഞ്ചുവട്ടം ഏഷ്യൻ ഫുട്ബോൾ ട്രാൻസ്ഫർ റെക്കോർഡ് തിരുത്തിയെഴുതിയ ചൈനീസ് ലീഗിൽ പുതിയൊരു ‘റെക്കോർഡ്’ കൂടി. ഒരുമാസത്തിനിടെ ചൈനീസ് ക്ലബ്ബുകൾ പുറത്താക്കിയത് ആറു പരിശീലകരെ. പതിനാറു ടീമുകളുടെ ചൈനീസ് സൂപ്പർ ലീഗിൽ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ചുമത്തിയാണു വൻ തുക കൊടുത്തു കരാറിലാക്കിയ പരിശീലകരെ ടീം മാനേജ്മെന്റ് പറഞ്ഞുവിട്ടത്.

കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനത്തായിരുന്ന ജിയാങ്സു സുനിങ് ക്ലബ്ബിന്റെ പരിശീലകൻ ദക്ഷിണ കൊറിയക്കാരൻ ചോയ് യോങ് സൂവാണ് അടുത്തിടെ ‘ബൈ’ പറഞ്ഞ പ്രമുഖൻ. സീസണിൽ നിലവിൽ പതിനഞ്ചാം സ്ഥാനത്താണു ക്ലബ്. ബെയ്ജിങ് ഗുവോൺ, ടിയാൻജിൻ ടെഡ, ഗുയ്സോ ഷിചെങ്, ചോങ്‌ക്വിങ് ലിഫാൻ, ചാങ്ചുൻ യതായി തുടങ്ങിയ ക്ലബ്ബുകളും അടുത്തയിടെ പരിശീലകരെ പുറത്താക്കിയിരുന്നു.

എഎഫ്സി ചാംപ്യൻസ് ലീഗിൽ ഷാങ്ഹായ് ടീമിനോടു തോറ്റതിനു പിന്നാലെ ജിയാങ്സു സുനിങ്ങിന്റെ പരിശീലകസ്ഥാനമൊഴിയുകയാണെന്നു ചോയ് യോങ് സൂ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ പഴയ ടീമായ എഫ്സി സോളിലേക്കു മടങ്ങിപ്പോവുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

‘പരിശീലകരല്ല, ചൈനീസ് കളിക്കാരാണു പ്രശ്നമെന്നും പോകും മുൻപ് സൗത്ത് ചൈന മോണിങ് പോസ്റ്റ് ദിനപത്രത്തിലെ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. ചൈനയിലെ ഫുട്ബോൾ കളിക്കാർ പരിശീലകർ പറയുന്നതു മനസ്സിലാക്കാൻ വൈകുന്നു. ഇതേ പരിശീലന സമ്പ്രദായം ദക്ഷിണ കൊറിയയിൽ നടപ്പാക്കിയാൽ 85% വിജയിക്കും. ചൈനയിൽ അതുപക്ഷേ 60%ൽ താഴെ മാത്രമേ നടപ്പുള്ളൂ. ആധുനിക സംവിധാനങ്ങളും പണവും വിദേശ താരങ്ങളുമെല്ലാമുണ്ടെങ്കിലും ഒപ്പം കളിക്കുന്ന ചൈനീസ് താരങ്ങൾ യഥാർഥ നിലവാരത്തിലേക്ക് ഉയരാതെ പരിശീലകരെ പുറത്താക്കിയിട്ട് എന്തുകാര്യം?! – ചോയ് യോങ് സു ചോദിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, ബെയ്ജിങ് ഗുവോൺ പോർച്ചുഗീസ് പരിശീലകൻ ഹൊസെ ഗോൺസാലെസിനെ പുറത്താക്കിയതു സീസണിലെ അഞ്ചാമത്തെ തോൽവിയുടെ പേരിലാണ്. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനക്കാരായ ടീം ചോങ്‌ക്വിങ് ലിഫാനോടു തോറ്റു. ടീമിപ്പോൾ വലിയ പ്രതിസന്ധിയിലാണ്. അതു പരിഹരിക്കാൻ ഈ മാറ്റം ഉപകരിക്കും – കോച്ചിനെ പുറത്താക്കിയതിനെക്കുറിച്ചു ടീം മാനേജ്മെന്റ് നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു.

യൂറോപ്യൻ ഫുട്ബോൾ ലീഗുകളുടെ മാതൃകയിൽ ലോകശ്രദ്ധ നേടാനുള്ള ശ്രമത്തിനിടെയാണ് ഈ സംഭവങ്ങളെല്ലാം. ലോകഫുട്ബോളിലെ വൻതാരങ്ങളെ കോടികൾ മുടക്കി ടീമിലെത്തിച്ചായിരുന്നു ചൈനീസ് ക്ലബ്ബുകൾ ‘ഫുട്ബോൾ വിപ്ലവം’ നടപ്പാക്കാൻ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി അടുത്തയിടെ അർജന്റീന താരം എസെക്കിയേൽ ലാവെസി, കാർലോസ് ടെവസ്, ബ്രസീൽ താരം ഓസ്കർ, ഹൾക് തുടങ്ങിയവർ ചൈനീസ് ക്ലബ്ബുകൾക്കുവേണ്ടി കളിച്ചുതുടങ്ങുകയും ചെയ്തു. ചൈനയെ ഫുട്ബോളിലും സൂപ്പർ പവർ ആയി കാണാനുള്ള തന്റെ ആഗ്രഹം പ്രസിഡന്റ് ഷി ജിങ് പിങ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ടീമുകൾ പ്രതീക്ഷയ്ക്കൊത്തു പ്രകടനം നടത്താത്തതാണു വൻ പണം മുടക്കിയ ക്ലബ് മാനേജ്മെന്റുകളെ ചൊടിപ്പിക്കാൻ കാരണം. ടീം തോൽക്കുന്നതിന്റെ ഉത്തരവാദിത്തം പരിശീലകനെന്ന യൂറോപ്യൻ പാരമ്പര്യം മനസ്സിൽവച്ചാണ്, യൂറോപ്യൻ ക്ലബ്ബുകളുടെ മാതൃകയിൽ പരിശീലകരെ പുറത്താക്കിയത്.