Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എല്ലിൽ കേരളത്തിന് ‘ബ്ലാസ്റ്റേഴ്സ്’ മാത്രം; ബെംഗളൂരുവും ജംഷഡ്പുരും പുതിയ ടീമുകൾ

isl-kerala

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017–18 സീസണിലേക്ക് ബെംഗളൂരു എഫ്സിയും ടാറ്റാ സ്റ്റീലിന്റെ ടീമും. നിലവിലുള്ള എട്ടു നഗരങ്ങൾക്കു പുറമെ ബെംഗളൂരുവും ജംഷഡ്പൂരും മൽസര വേദികളാകും. 10 ടീമുകളാകുന്നതോടെ ഐഎസ്എൽ അഞ്ചുമാസം നീളുന്ന ടൂർണമെന്റാകും.

ടൂർണമെന്റ് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡിന്റെ ലേലത്തിലൂടെയാണ് പുതിയ രണ്ടു ഫ്രാഞ്ചൈസികളെ തിരഞ്ഞെടുത്തത്. ടാറ്റാ ഗ്രൂപ്പിന്റെ ഉപവിഭാഗമായ ടാറ്റാ സ്റ്റീൽ ലിമിറ്റഡ്, ജിൻഡാൽ സൗത്ത് വെസ്റ്റ് (ജെഎസ്ഡബ്ല്യു) ഗ്രൂപ്പ് എന്നിവ. ലേലത്തിൽ പങ്കെടുത്തവരുടെ യോഗ്യതകളും സാധ്യതകളും പരിഗണിച്ച സ്വതന്ത്ര പാനലും കൺസൽട്ടിങ് ഏജൻസിയായ ഏണസ്റ്റ് ആൻഡ് യങ്ങും സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണു രണ്ടു ഫ്രാഞ്ചൈസികളെയും തിരഞ്ഞെടുത്തത്. 

രാജ്യത്തെ ഫുട്ബോൾ കളരികളിൽ മികച്ചതെന്നു പേരെടുത്ത, 1987 മുതൽ സജീവസാന്നിധ്യമായ ടാറ്റാ ഫുട്ബോൾ അക്കാദമിയിലൂടെ ടാറ്റാ സ്റ്റീൽ ഫുട്ബോളിനോടു പ്രതിബദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി ബെംഗളൂരു എഫ്സിയുടെ വിജയകരമായ നടത്തിപ്പിലൂടെയാണു ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഫുട്ബോൾ രംഗത്തു സാന്നിധ്യം അറിയിച്ചത്. മൂന്നിൽ രണ്ടു തവണയും ഐ ലീഗ് കിരീടം നേടിയ ബെംഗളൂരു എഎഫ്സി കപ്പിലും മികച്ച നേട്ടം കൈവരിച്ചു.

രണ്ടു ടീമുകൾകൂടി എത്തുന്നതോടെ ഐഎസ്എൽ നാലാം പതിപ്പ് നവംബറിൽ തുടങ്ങി അടുത്ത വർഷം ഏപ്രിൽവരെ നീളുമെന്നാണു സൂചന. ഓരോ വേദിയിലും ഒൻപതു ഹോംമാച്ച് വീതമുണ്ടാകും. ഓരോ ടീമിനും ഒൻപത് എവേ മാച്ചുമാകും.

related stories