Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവെന്റസിനെതിരെ ബാർസയ്ക്ക് തകർപ്പൻ ജയം; മെസ്സിക്ക് ഇരട്ട ഗോൾ

Lionel Messi യുവെന്റസിനെതിരെ ഗോൾ നേടിയ മെസ്സിയുടെ പ്രതികരണം.

ബാർസിലോന ∙ ടൈം മെഷീനിൽ രണ്ടു വർഷം പിന്നോട്ടു സഞ്ചരിച്ച പോലെ ഒരു കളി! തങ്ങളുടെ പഴയകാല പ്രതാപത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തോടെ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് ചാംപ്യൻസ് ലീഗിൽ വിജയത്തുടക്കം. ലയണൽ മെസ്സിയുടെ രണ്ടു ഗോളിൽ ഇറ്റാലിയൻ ക്ലബ് യുവെന്റസിനെ 3–0നു വീഴ്ത്തിയ ബാർസ കഴിഞ്ഞ വർഷം സെമിഫൈനലിലെ തോൽവിക്ക് മധുരപ്രതികാരവും ചെയ്തു. ഇവാൻ റാകിട്ടിച്ചാണ് ബാർസയുടെ രണ്ടാം ഗോൾ നേടിയത്.

കരിയറിൽ ആദ്യമായി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ബുഫണെ കീഴടക്കിയ മെസ്സി ആ സന്തോഷം അവിസ്മരണീയമാക്കി. ബാർസയുടെ മൂന്നു ഗോളിനു പിന്നിലും മെസ്സിയുടെ കാൽസ്പർശമുണ്ടായിരുന്നു. ഒസ്മാൻ ഡെംബെലെ കൂടി പങ്കാളിയായ മുന്നേറ്റത്തിനൊടുവിലാണ് മെസ്സി ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ബുഫണെ ആദ്യമായി മറികടന്നത്. ഡെംബെലെയിൽ നിന്നു പന്തു സ്വീകരിച്ച മെസ്സി സ്വാരെസുമൊത്ത് മുന്നേറിയതിനു ശേഷം പന്തിനെ കൃത്യതയോടെ ഗോളിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുവെന്റസിനു സുവർണാവസരം ലഭിച്ചെങ്കിലും പൗളോ ഡൈബാലയുടെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. പിന്നാലെ മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചുവന്നത് ബുഫണിന്റെ തലയിൽ തട്ടി ബാറിനു മുകളിലൂടെ പോയി. ഗോളിനൊപ്പം മെസ്സിക്കു കളിയിൽ ഭാഗ്യവുമുണ്ടായി. ഫൗളിനെത്തുടർന്ന് റഫറിയുടെ തോളിൽ കൈവച്ച് പ്രതിഷേധിക്കാൻ തുനിഞ്ഞ മെസ്സിയോട് പക്ഷേ മഞ്ഞക്കാർഡ് മാത്രം നൽകി റഫറി കരുണ കാട്ടി.

വീണുകിട്ടിയ ജീവൻ മുതലാക്കിയ മെസ്സി യുവെ പ്രതിരോധ നിരയ്ക്കിടയിലൂടെ വെട്ടിച്ചു കയറി തൊടുത്ത ഷോട്ട് സ്റ്റെഫാനോ സ്റ്റുറാറോ തട്ടിയകറ്റിയെങ്കിലും റാകിട്ടിച്ച് നേരെ വലയിലേക്കു വിട്ടു. മെസ്സിയുടെ ഒരു ഫ്രീകിക്ക് മനോഹരമായൊരു സേവിലൂടെ ബുഫൺ തട്ടിയകറ്റിയെങ്കിലും 69–ാം മിനിറ്റിൽ ഒരിക്കൽ കൂടി ഇറ്റാലിയൻ ഗോൾകീപ്പറെ മറികടന്ന് മെസ്സി ബാർസയുടെ വിജയം പൂർണമാക്കി. ജയത്തോടെ ബാർസ ഡി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ഒളിംപിയാക്കോസിനെ 3–2നു തോൽപ്പിച്ച സ്പോർട്ടിങ് ലിസ്ബണാണ് രണ്ടാം സ്ഥാനത്ത്. ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളിനു മുന്നിലെത്തിയ അതിഥികൾ‍ക്കെതിരെ ഇടവേളയ്ക്കു ശേഷം ഒളിംപിയാക്കോസ് രണ്ടെണ്ണം തിരിച്ചടിച്ച് തോൽവിയുടെ ഭാരം കുറച്ചു.