Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോൾകിക്ക് നിയമം മാറി; കോച്ചിനും ചുവപ്പുകാർഡ്!

fifa-logo-image-1

ഈ കളി കാണുമ്പോൾ ആർക്കെങ്കിലുമൊക്കെ ചില സംശയങ്ങളുണ്ടായേക്കാം. ഗോൾകിക്ക് എടുത്ത പന്ത് പെനൽറ്റി ഏരിയ കടക്കും മുൻപേ മറ്റൊരാൾ ഏറ്റെടുത്ത് കളി തുടരുന്നു! ഗോൾകിക്ക് പെനൽറ്റി ഏരിയ തടസ്സമില്ലാതെ കടന്നിരിക്കണമെന്ന ഫുട്ബോളിന്റെ അടിസ്ഥാന നിയമങ്ങളിലൊന്നു തെറ്റിച്ചിട്ടും റഫറിയുടെ വിസിലില്ല!

അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന് ഇതെന്തു പറ്റിയെന്നു ചിന്തിക്കാൻ വരട്ടെ. ഫുട്ബോളിലെ രണ്ടു നിയമങ്ങളുടെ പരിഷ്കരണത്തിനാണ് ഈ അണ്ടർ 17 ലോകകപ്പ് പരീക്ഷണ വേദിയാകുന്നത്. ഗോൾകിക്ക് നിയമം, പരിശീലകൻ ഉൾപ്പെടെയുള്ള സപ്പോർട്ടിങ് സ്റ്റാഫിനും മഞ്ഞ–ചുവപ്പ് കാർഡ് എന്നിവയാണു പുതിയ പരിഷ്കാരങ്ങൾ. ഫുട്ബോളിന്റെ രാജ്യാന്തര നിയമപരിഷ്കരണ സമിതിയായ ‘ഇഫാബ്’ ശുപാർശ അനുസരിച്ചാണ് അണ്ടർ 17 ലോകകപ്പിൽ ഇവ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. 

fifa-new-law

ഗോൾകിക്ക്

ഗോൾകീപ്പറോ ടീമംഗമോ ഗോൾകിക്ക് എടുക്കുമ്പോൾ, പന്ത് ആ ടീമിന്റെ പെനൽറ്റി ഏരിയ കടന്നിരിക്കണമെന്നായിരുന്നു പഴയ നിയമം. പന്തു പെനൽറ്റി ഏരിയ ക്രോസ് ചെയ്യും മുൻപേ തടുക്കുകയോ ഏറ്റെടുത്തു കളി തുടരുകയോ ചെയ്യാമെന്നതാണു പുതിയ നിയമം. കിക്ക് എടുക്കുമ്പോൾ എതിർ ടീം കളിക്കാരൻ പെനൽറ്റി ഏരിയയ്ക്കു പുറത്തായിരിക്കണമെന്നു മാത്രം. ഓടിക്കയറി പന്തു തടുക്കാൻ തടസ്സമില്ല. പെനൽറ്റി ഏരിയയിൽ എതിർ ടീം കളിക്കാരനുണ്ടെങ്കിലും, പന്തു തടുത്തില്ലെങ്കിൽ കുഴപ്പമില്ല. മുൻപ് എതിർ ടീമംഗത്തിനു ഗോൾകിക്ക് സമയത്തു പെനൽറ്റി ഏരിയയിൽ നിൽക്കാൻ അനുവാദമുണ്ടായിരുന്നില്ല. 

കോച്ചിനും റെഡ് കാർഡ്

മോശമായി പെരുമാറുന്ന സപ്പോർട്ടിങ് സ്റ്റാഫിനെ പുറത്താക്കാൻ റഫറിമാർക്ക് മുൻപും അധികാരമുണ്ടായിരുന്നു. എന്നാൽ, ഇവർക്കു നേരെയും ഇനി മഞ്ഞ–ചുവപ്പു കാർഡുകൾ ആവശ്യംപോലെ ഉയർത്താമെന്നതാണു പുതിയ നിയമം. 

∙ മൂന്നുമാസം മുൻപേ, അണ്ടർ 17 ലോകകപ്പിൽ കളിക്കുന്ന 24 ടീമുകളെയും ഈ നിയമ പരിഷ്കാരങ്ങളെക്കുറിച്ചു ഫിഫ അറിയിച്ചിരുന്നു. കളിയുടെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനാണു പുതിയ നിയമം ‘ഇഫാബ്’ ആലോചിക്കുന്നത്. പരീക്ഷണം വിജയകരമായാൽ ഇവ പിന്നീട് ഔദ്യോഗികമായി നിയമമായി മാറും.

related stories