Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോയുടെ പോർച്ചുഗലുമുണ്ട്, ലോകകപ്പിന്; റഷ്യൻ ലോകകപ്പിന്റെ നഷ്ടമായി ആര്യൻ റോബനും സംഘവും

Cristiano Ronaldo

ലിസ്ബൺ ∙ സമകാലീന ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണൽ മെസ്സിയും ഇല്ലാത്ത ലോകകപ്പാകുമോ 2018ൽ റഷ്യയിൽ അരങ്ങേറുക എന്ന ഫുട്ബോൾ പ്രേമികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഉത്തരമാകുന്നു. അതും മണിക്കൂറുകളുടെ വ്യത്യാസത്തിൽ. ലോകകപ്പ് യോഗ്യതാ മൽസരത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് പോർച്ചുഗൽ 2018 ലോകകപ്പിനു നേരിട്ടു ടിക്കറ്റെടുത്തു.

മറുനാട്ടിൽ ഹാട്രിക്കോടെ മെസ്സി താരമായ ദിനം ജന്മനാട്ടിൽ പോർച്ചുഗലിനെ വിജയത്തിലേക്കു നയിച്ച് ക്രിസ്റ്റ്യാനോയും മോശമാക്കിയില്ല. യൂറോപ്യൻ യോഗ്യതാ റൗണ്ട് ബി ഗ്രൂപ്പിലെ അവസാന മൽസരത്തിൽ സ്വിറ്റ്സർലൻഡിനെ 2–0നു തോൽപ്പിച്ചാണു പോർച്ചുഗൽ യോഗ്യത നേടിയത്. ബെലാറൂസിനെ 2–1നു തോൽപ്പിച്ച് എ ഗ്രൂപ്പിൽ നിന്നു ഫ്രാൻസും യോഗ്യത നേടി. ആർസനൽ താരം ഒളിവർ ജിരൂദ്, അത്‌ലറ്റിക്കോ മഡ്രിഡ് താരം അന്റോയ്ൻ ഗ്രീസ്മാൻ എന്നിവരാണു ഗോളുകൾ നേടിയത്.

സ്വീഡനെ 2–0നു തോൽപ്പിച്ചെങ്കിലും ഗോൾശരാശരിയിൽ പ്ലേഓഫിനു യോഗ്യത നേടാനാകാതെ ഹോളണ്ട് പുറത്തായി. ഏഴു ഗോളിനെങ്കിലും ജയിച്ചിരുന്നെങ്കിലേ ഹോളണ്ടിനു പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. ജിബ്രാൾട്ടറിനെ 4–0നു തകർത്തു ഗ്രീസ് പ്ലേ ഓഫിനു യോഗ്യത നേടി. നേരത്തേ തന്നെ യോഗ്യത നേടിയ ബെൽജിയം സൈപ്രസിനെ 4–0നു തോൽപ്പിച്ചു.

പോർച്ചുഗലിന്റെയും ഫ്രാൻസിന്റെയും വരവോടെ റഷ്യൻ ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയ യൂറോപ്യൻ ടീമുകളുടെ എണ്ണം ഒൻപതായി. ഫ്രാൻസ്, പോർച്ചുഗൽ, ജർമനി, സെർബിയ, പോളണ്ട്, ഇംഗ്ലണ്ട്, സ്പെയിൻ, ബെൽജിയം, ഐസ്‌ലൻഡ് എന്നിവരാണ് യോഗ്യത നേടിയത്. എട്ടു ടീമുകൾ പ്ലേ ഓഫിനും യോഗ്യത നേടി. സ്വീഡൻ, സ്വിറ്റ്സർലൻഡ്, വടക്കൻ അയർലൻഡ്, റിപ്പബ്ലിക്ക് ഓഫ് അയർലൻഡ്, ഡെൻമാർക്ക്, ഇറ്റലി, ഗ്രീസ്, ക്രൊയേഷ്യ എന്നിവരാണു പ്ലേ ഓഫിൽ ഏറ്റുമുട്ടുക. ഇവരിൽ നാലു ടീമുകള്‍ക്കു കൂടി ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കും. രണ്ടു പാദങ്ങളായി നടക്കുന്ന പ്ലേ ഓഫ് മൽസരങ്ങളുടെ നറുക്കെടുപ്പ് അടുത്ത ചൊവ്വാഴ്ച സൂറിച്ചിൽ നടക്കും.

പേരു കാത്ത് ‘യൂറോപ്യൻ ചാംപ്യൻമാർ’

2016 യൂറോ കപ്പിലെ ത്രസിപ്പിക്കുന്ന വിജയത്തിനുശേഷം ലോകകപ്പിലേക്കു നോട്ടമിടുന്ന ക്രിസ്റ്റ്യാനോയും സംഘവും ഗ്രൂപ്പ് ബിയിലെ നിർണായക പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചാണ് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. അവസാന മൽസരം വരെ ഗ്രൂപ്പിൽ ഒന്നാമതായിരുന്ന സ്വിറ്റ്സർലൻഡ് ഈ തോൽവിയോടെ പ്ലേ ഓഫ് കളിക്കേണ്ട ഗതികേടിലുമായി.

ലിസ്ബണിൽ സ്വിറ്റ്സർലൻഡിനെതിരെ ജയം ലക്ഷ്യമിട്ടിറങ്ങിയ പോർച്ചുഗലിനെ സ്വിസ് ഡിഫൻഡർ യോഹാൻ ജൗറൗവിന്റെ സെൽഫ് ഗോളും ആന്ദ്രെ സിൽവയുടെ ഗോളുമാണു തുണച്ചത്. ഇരുടീമിനും ഒരേ പോയിന്റാണെങ്കിലും ഗോൾ ശരാശരി പോർച്ചുഗലിനു ഗുണമായി. കളിയിൽ ഗോൾ നേടാനായില്ലെങ്കിലും 15 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലെ ടോപ് സ്കോറർമാരിൽ രണ്ടാമനായി. പോളണ്ട് താരം റോബർട്ട് ലെവൻഡോവ്‌സ്കിയാണ് ഒന്നാമത്.

ലോകകപ്പിന്റെ നഷ്ടം, ഈ ഓറഞ്ചുപട

Portugal

ഗ്രൂപ്പ് എയിലെ നിർണായക മൽസരത്തിൽ സ്വീഡനെ തോൽപ്പിച്ചെങ്കിലും ഗോൾശരാശരിയിൽ പിന്നിലായതോടെയാണ് ആര്യൻ റോബനും സംഘവും ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തായത്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കുറഞ്ഞത് ആറു ഗോൾ വ്യത്യാസത്തിലെങ്കിലും ജയിക്കേണ്ടിയിരുന്ന ഹോളണ്ടിന്, രണ്ടു ഗോളിന്റെ വിജയമേ സ്വന്തമാക്കാനായുള്ളൂ. സൂപ്പർതാരം ആര്യൻ റോബൻ ഇരട്ടഗോളുകളുമായി കളം നിറഞ്ഞിട്ടും ഹോളണ്ടിന്റെ ഓറഞ്ചു പടയ്ക്കു ലോകകപ്പ് യോഗ്യത നേടാനാകാതെ പോയത് ഫുട്ബോൾ പ്രേമികൾക്കു നിരാശയായി.

16–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ടീമിനു ലീഡു സമ്മാനിച്ച റോബൻ അഞ്ചു മിനിറ്റിനുശേഷം ലീഡു വർധിപ്പിച്ചു. എന്നാൽ, കൂടുതൽ ഗോളുകൾക്കായുള്ള ഓറഞ്ചുപടയുടെ ശ്രമങ്ങളെ സ്വീഡൻ ചെറുത്തുതോൽപ്പിച്ചതോടെ ഹോളണ്ടിന് വേദനാജനകമായ പുറത്താകൽ. സ്വീഡനാകട്ടെ, പ്ലേ ഓഫിനു യോഗ്യത നേടുകയും ചെയ്തു. 2014 ലോകകപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയ ടീമാണ് തൊട്ടടുത്ത ലോകകപ്പിൽ യോഗ്യത പോലും നേടാനാകാതെ പുറത്താകുന്നത്. 2016ലെ യൂറോകപ്പിനും യോഗ്യത നേടാനാകാതെ പോയ ഹോളണ്ടിന്റെ തകർച്ച ഇതോടെ പൂർണമായി.

യോഗ്യത ഉറപ്പാക്കി ഫ്രാൻസ്, പ്ലേ ഓഫിനു ഗ്രീസ്

മുൻ ലോക ചാംപ്യൻമാരായ ഫ്രാൻസും ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ബെലാറസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു വീഴ്ത്തിയാണ് ഫ്രാൻസ് യോഗ്യത ഉറപ്പാക്കിയത്. സൂപ്പർതാരങ്ങളായ അന്റോയിൻ ഗ്രീസ്മൻ, ഒലിവർ ജിറൗദ് എന്നിവരാണ് ഫ്രാൻസിന്റെ വിജയഗോളുകൾ നേടിയത്.

ഗ്രൂപ്പ് എച്ചിൽ ദുർബലരായ ജിബ്രാള്‍ട്ടറിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു തകർത്ത ഗ്രീസ് പ്ലേ ഓഫിനു യോഗ്യത നേടി. നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞ ബെൽജിയം എതിരില്ലാത്ത നാലു ഗോളുകൾക്ക് സൈപ്രസിനെ തകർത്തു. ചെൽസി താരം ഏഡൻ ഹസാർഡിന്റെ ഇരട്ടഗോളുകളാണ് ബെൽജിയത്തിന്റെ വിജയത്തിലെ ഹൈലൈറ്റ്. ഹസാർഡിന്റെ സഹോദരൻ തോർഗൻ ഹസാർഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുക്കാക്കു എന്നിവരുടെ വകയാണ് അവരുടെ മറ്റു ഗോളുകൾ.