Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് കളിച്ചവർ ഇനി അണ്ടർ 19 ടീം ക്യാംപിൽ; കോമൾ തട്ടാലിനെ ഒഴിവാക്കി

indian-team

ന്യൂഡൽഹി ∙ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ താരങ്ങൾ ഏഷ്യൻ ചാംപ്യൻഷിപ്പിനു യോഗ്യത തേടി സൗദിയിൽ പോരിനിറങ്ങുന്നു. അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ഏഷ്യൻ ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മൽസരങ്ങൾക്കായി മലയാളി താരം കെ.പി.രാഹുൽ ഉൾപ്പെട്ട സംഘം കളത്തിലിറങ്ങും. സൗദി അറേബ്യയിൽ നവംബർ നാലുമുതൽ എട്ടുവരെയാണു യോഗ്യതാ പോരാട്ടം. സൗദി, യെമൻ, തുർക്ക്മെനിസ്ഥാൻ എന്നിവരുൾപ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ.

അണ്ടർ 17 ലോകകപ്പ് കളിച്ച ടീമിലെ 14 പേരും നിലവിലെ അണ്ടർ 19 ടീമിലെ മികച്ച താരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യൻ ടീം. ലോകകപ്പ് ടീമിലെ കോമൾ തട്ടാൽ, അനികേത് ജാദവ്, അഭിജിത് സർക്കാർ, സണ്ണി ധലിവാൽ, നമിത് ദേശ്പാണ്ഡെ, ഹെൻറി ആന്റണി, മുഹമ്മദ് ഷാജഹാൻ എന്നിവരെ ഒഴിവാക്കി. ലോകകപ്പ് പരിശീലകൻ ലൂയി നോർട്ടൻ ഡി മാറ്റോസ് തന്നെയാണു ടീമിന്റെ മുഖ്യ പരിശീലകൻ. അണ്ടർ 19 ടീം പരിശീലകൻ ഫ്ലോയ്ഡ് പിന്റോ സഹ പരിശീലകനും. യോഗ്യതാ പോരാട്ടങ്ങൾക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി നിലവിൽ ടീം ദോഹയിൽ പരിശീലനത്തിലാണ്.

യോഗ്യതാ മൽസരങ്ങൾക്കു ശേഷം തിരിച്ചെത്തുന്ന ടീം ഐ ലീഗിൽ പങ്കെടുക്കും. ലീഗിൽ ഡൽഹിയായിരിക്കും ടീമിന്റെ ഹോം മൽസര വേദി. ദേശീയ ടീമിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലും ഐ ലീഗിൽ ആഭ്യന്തര ക്ലബ്ബുകൾക്കെതിരെയും കളിക്കുന്നതു താരങ്ങൾക്ക് ആവശ്യമായ മൽസര പരിചയം ലഭ്യമാക്കുമെന്നാണു ഫെഡറേഷന്റെ വിലയിരുത്തൽ. ടീമിനെ ഐ ലീഗിന്റെ ഭാഗമാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണമെന്നു മാറ്റോസ് മുൻപ് ആവശ്യപ്പെട്ടിരുന്നു.

ടീമിനെ ഐ ലീഗിൽ പങ്കെടുപ്പിക്കുന്നതിൽ ഫുട്ബോൾ ഫെഡറേഷൻ സാങ്കേതിക സമിതിക്ക് എതിർപ്പില്ല. ടീമംഗങ്ങളെ വിവിധ ക്ലബ്ബുകളിലുൾപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ, ടീമെന്ന നിലയിലുള്ള വളർച്ചയ്ക്ക് അതു ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിൽ, പുതിയ ടീമിനു രൂപം നൽകാൻ തീരുമാനിക്കുകയായിരുന്നു.

നിലവിലെ അണ്ടർ 16 ടീമിനെ 2019ൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന്റെ യോഗ്യതാ മൽസരങ്ങൾക്കുള്ള പരിശീലന ക്യാംപിലേക്കു തിരഞ്ഞെടുത്തു. മുൻ ടീമിനു ലഭിച്ചതിനു സമാനമായ പരിശീലനവും വിദേശ മൽസര പരിചയവും ഇവർക്കു ലഭ്യമാക്കുമെന്നു ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ക്യാംപിന്റെ പൂർണ ചെലവ് ഫെഡറേഷൻ വഹിക്കും. വിദേശ പര്യടനങ്ങളുടേതു കേന്ദ്ര സർക്കാരും.

വിദേശ രാജ്യങ്ങളിലേതു പോലെ ഓരോ പ്രായവിഭാഗത്തിലും ലോക നിലവാരമുള്ള ടീമിനു രൂപം നൽകുകയാണു ലക്ഷ്യം. ഇതുവഴി സീനിയർ ടീമിലേക്കു പ്രതിഭയുള്ള താരങ്ങളുടെ വൻ നിരയെ ലഭിക്കുമെന്നുമാണു ഫെഡറേഷന്റെ കണക്കുകൂട്ടൽ.