Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

(ഭൂ)ഗോളാരവത്തിന് ഇനി 194 ദിവസം

Maradona-pele കിസ് ഓഫ് ലവ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ചടങ്ങിനിടെ ബ്രസീലിയൻ താരം പെലെയെ ചുംബിക്കുന്ന അർജന്റീന താരം ഡിയേഗോ മറഡോണ. വീൽചെയറിലാണ് പെലെ ചടങ്ങിനെത്തിയത്.

മോസ്കോ ∙ കളിത്തട്ടുകളായി; ഗോളാരവത്തിന് ഇനി 194 നാൾ. 2018 റഷ്യൻ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് മോസ്കോയിലെ ക്രെംലിൻ കൊട്ടാരത്തിൽ പൂർത്തിയായപ്പോൾ ബ്രസീലിനും അർജന്റീനയ്ക്കും ശക്തരല്ലാത്ത എതിരാളികൾ. ഇ ഗ്രൂപ്പിൽ സ്വിറ്റ്സർലൻഡ്, കോസ്റ്റ റിക്ക, സെർബിയ എന്നിവർക്കൊപ്പമാണ് ബ്രസീൽ. ഡി ഗ്രൂപ്പിൽ അർജന്റീനയ്ക്കൊപ്പമുള്ളത് ക്രൊയേഷ്യ, ഐസ്‍ലൻഡ്, നൈജീരിയ എന്നിവർ. പോർച്ചുഗലിന് സ്പെയിനും ഇംഗ്ലണ്ടിന് ബൽജിയവും എതിരാളികളായുണ്ട്. ജർമനി, മെക്സിക്കോ, സ്വീഡൻ, ദക്ഷിണ കൊറിയ എന്നിവരടങ്ങുന്ന എഫ് ഗ്രൂപ്പാണ് ഏറ്റവും കടുപ്പമുള്ള ഗ്രൂപ്പ്. ജൂൺ 14ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടും. 

തനതു റഷ്യൻ നൃത്ത. സംഗീത പരിപാടികളുമായി തുടങ്ങിയ ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അടക്കമുള്ള പ്രമുഖരും പെലെ, മറഡോണ തുടങ്ങിയ ഇതിഹാസതാരങ്ങളുമുണ്ടായിരുന്നു. 77കാരനായ പെലെ വീൽചെയറിലാണ് എത്തിയത്. മുൻ ഇംഗ്ലണ്ട് താരം ഗാരി ലിനേക്കറും റഷ്യൻ ടിവി ജേണലിസ്റ്റ് മരിയ കൊമാൻഡന എന്നിവരായിരുന്നു മുഖ്യ അവതാരകർ. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളുടെ പരിശീലകരും ചടങ്ങിനെത്തി. 

യൂറോപ്യൻ ലീഗുകളിൽ ഒരേ ക്ലബിൽ മൽസരിക്കുന്ന കളിക്കാരുടെ താരപ്പോരിനും ലോകകപ്പിൽ കളമൊരുങ്ങിക്കഴിഞ്ഞു. ഡി ഗ്രൂപ്പിൽ അർജന്റീനയും ക്രൊയേഷ്യയുമായുള്ള കളിയിൽ ബാർസിലോന താരങ്ങളായ ലയണൽ മെസ്സിയും ഇവാൻ റാകിട്ടിച്ചും നേർക്കുനേർ വരും. ജി ഗ്രൂപ്പിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ബൽജിയം ടീമിലെ സൂപ്പർ താരങ്ങളായ ഏദൻ ഹസാർഡും റൊമേലു ലുക്കാക്കുവും ഇംഗ്ലിഷ് പ്രീമിയർ ലീഗ് താരങ്ങൾ.

WC-2018-DRAW ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പിനിടെ റഷ്യൻ നർത്തകിമാർ

ഗ്രൂപ്പ് എ – റഷ്യ, സൗദി അറേബ്യ, ഈജിപ്ത്, യുറഗ്വായ് 

ഗ്രൂപ്പ് ബി – പോർച്ചുഗൽ, സ്പെയിൻ, മൊറോക്കോ, ഇറാൻ 

ഗ്രൂപ്പ് സി – ഫ്രാൻസ്, ഓസ്ട്രേലിയ, പെറു, ഡെൻമാർക്ക് 

ഗ്രൂപ്പ് ഡി – അർജന്റീന, ഐസ്‌ലൻഡ്, ക്രൊയേഷ്യ, നൈജീരിയ 

ഗ്രൂപ്പ് ഇ – ബ്രസീൽ, സ്വിറ്റ്സർലൻഡ്, കോസ്റ്റ റിക്ക, സെർബിയ 

ഗ്രൂപ്പ് എഫ് – ജർമനി, മെക്സിക്കോ, സ്വീഡൻ, ദക്ഷിണ കൊറിയ 

ഗ്രൂപ്പ് ജി – ബൽജിയം, പാനമ, തുനീസിയ, ഇംഗ്ലണ്ട് 

ഗ്രൂപ്പ് എച്ച് – പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ

1994 മുതൽ കളിച്ച ആറു ലോകകപ്പുകളിൽ ഇത് അഞ്ചാം തവണയാണ് നൈജീരിയ അർജന്റീനയുടെ ഗ്രൂപ്പിൽ വന്നു പെടുന്നത്. 

Russia-WC-Logo

കാത്തിരിക്കാം ഈ പോരാട്ടങ്ങൾക്കായി

(ഗ്രൂപ്പ് റൗണ്ടിലെ മികച്ച 10 പോരാട്ടങ്ങൾ)

1. ജൂൺ 15: പോർച്ചുഗൽ–സ്പെയിൻ (ഗ്രൂപ്പ് ബി) 

2. ജൂൺ 16: അർജന്റീന– ഐസ്‌ലൻഡ് (ഗ്രൂപ്പ് ഡി)

3. ജൂൺ 16: ഫ്രാൻസ് – ഓസ്ട്രേലിയ (ഗ്രൂപ്പ് സി) 

4. ജൂൺ 17: ബ്രസീൽ – സ്വിറ്റ്സർലൻഡ് (ഗ്രൂപ്പ് ഇ)  

5. ജൂൺ 17: ജർമനി – മെക്സിക്കോ (ഗ്രൂപ്പ് എഫ്)   

6. ജൂൺ 20: ഇറാൻ – സ്പെയിൻ (ഗ്രൂപ്പ് ബി)  

7. ജൂൺ 21: അർജന്റീന – ക്രൊയേഷ്യ (ഗ്രൂപ്പ് ഡി)  

8. ജൂൺ 23: ജർമനി – സ്വീഡൻ (ഗ്രൂപ്പ് എഫ്)  

9. ജൂൺ 24: പോളണ്ട് – കൊളംബിയ (ഗ്രൂപ്പ് എച്ച്)  

10. ജൂൺ 27: ദക്ഷിണ കൊറിയ – ജർമനി (ഗ്രൂപ്പ് എഫ്)  

ലോകകപ്പ് സമ്മാനത്തുക (യുഎസ് ഡോളറിൽ)

ജേതാക്കൾ: 38 ദശലക്ഷം (ഏകദേശം 245 കോടി രൂപ)

രണ്ടാം സ്ഥാനക്കാർ: 28 ദശലക്ഷം (180 കോടി രൂപ)

മൂന്നാം സ്ഥാനക്കാർ: 24 ദശലക്ഷം (154 കോടി രൂപ)

നാലാം സ്ഥാനക്കാർ: 22 ദശലക്ഷം (141 കോടി രൂപ)

5–8 സ്ഥാനക്കാർ: 16 ദശലക്ഷം (103 കോടി രൂപ)

9–16 സ്ഥാനക്കാർ: 12 ദശലക്ഷം (77 കോടി രൂപ)

17–32 സ്ഥാനക്കാർ: 8 ദശലക്ഷം (51 കോടി രൂപ)

ആകെ സമ്മാനത്തുക (കളിക്കാർക്കുള്ളവയും ഉൾ‌പ്പെടെ)  400 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 2578 കോടി രൂപ).

ക്രൊയേഷ്യ, ഐസ്‍ലൻഡ്, നൈജീരിയ എന്നിവർ അത്ര മോശം എതിരാളികളല്ല. അർജന്റീന യോഗ്യതാ റൗണ്ടിൽ കാണിച്ചതു പോലെ കളിച്ചാൽ പോര..’’

                                      – ഡിയേഗോ മറഡോണ