ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്കു മുന്നേറ്റം; മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി

ഇന്ത്യൻ ഫുട്ബോൾ ടീം

ന്യൂഡൽഹി∙ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്കു വീണ്ടും മുന്നേറ്റം. വ്യാഴാഴ്ച പുറത്തിറങ്ങിയ പുതിയ റാങ്കിങ് പ്രകാരം 102–ാമതാണ് ഇന്ത്യയുടെ സ്ഥാനം. 2017 ഡിസംബറിലേതിൽനിന്നു മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്കായി. കഴിഞ്ഞ വർഷാവസാനം 105–ാമതായിരുന്നു ഇന്ത്യ.

പുതുതായി നേടിയ 13 പോയിന്റുൾപ്പെടെ 333 റേറ്റിങ് പോയിന്റാണ് ഇന്ത്യയ്ക്കു സ്വന്തമായുള്ളത്. 2017ൽ കളിച്ച ഒൻപതുകളികളിലും തോൽവിയറിയാതെയുള്ള മുന്നേറ്റമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏഴു ജയവും രണ്ടു സമനിലയും. 2019ൽ യുഎഇയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിലേക്കും കഴിഞ്ഞ നവംബറിൽ ഇന്ത്യ യോഗ്യത നേടിയിരുന്നു. 

കിർഗിസ് റിപ്പബ്ലിക്കിനെതിരെ മാര്‍ച്ച് 27നാണ് ഇന്ത്യയുടെ അടുത്ത മൽസരം. റാങ്കിങ്ങിൽ ഇന്ത്യയ്ക്കു പിന്നിലായി 116–ാമതാണ് കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ ഇപ്പോഴത്തെ സ്ഥാനം. എഎഫ്സി അംഗങ്ങളിൽ മുന്നിലുള്ള ഇറാൻ ഫിഫ റാങ്കിങ്ങിൽ 34–ാമതാണ്. ലോകകപ്പ് ജേതാക്കളായ ജർമനിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ബ്രസീൽ രണ്ടാമതും പോർച്ചുഗൽ മൂന്നാമതുമാണ്.