Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് ട്രോഫി: മിസോറമിനെ തോൽപിച്ച് കേരളം ഫൈനലിൽ(1–0), എതിരാളികൾ ബംഗാൾ

കൊൽക്കത്തയിൽ‌ നിന്ന് പ്രതീഷ്.ജി. നായർ
santhosh-kerala-celeb സന്തോഷ്ട്രോഫി ഫുട്ബോൾ സെമിഫൈനലിൽ മിസോറമിനെ തോൽപിച്ച് ഫൈനലിലെത്തിയ കേരള താരങ്ങളുടെ ആഹ്ലാദം. ഗോൾ നേടിയ വി.കെ. അഫ്ദലാണ് ഇടത്തുനിന്ന് രണ്ടാമത്. ചിത്രം: സലിൽ ബേറ ∙ മനോരമ

അഗ്നിപരീക്ഷ കടന്നു കേരളം അവസാന പോരിലേക്ക്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽപ്പോരാട്ടത്തിനു കേരളം യോഗ്യത നേടിയതു മിസോറം എന്ന വടക്കു കിഴക്കൻ ശക്തികളെ വീഴ്ത്തി. പന്തു കൈവശം വയ്ക്കുന്നതിലും ആക്രമിക്കുന്നതിലും മുന്നിട്ടുനിന്ന മിസോറം ഗോൾ അടിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, കിട്ടിയ അവസരം മുതലാക്കി കേരളം വിജയത്തിന്റെ സന്തോഷം കുറിച്ചു. പകരക്കാരനായിറങ്ങിയ വി.കെ.അഫ്ദലിന്റെ 54–ാം മിനിറ്റിലെ ഗോൾ  കേരളത്തിനു ഫൈനൽ സന്തോഷവും 14 വർഷത്തിനു ശേഷം കിരീടമെന്ന പ്രതീക്ഷയും നൽകി. കേരളത്തിന്റെ 14–ാം ഫൈനൽ കൂടിയാണിത്. കർണാടകയെ 2–0ന് തോൽപിച്ചാണു ബംഗാൾ ഫൈനലിൽ എത്തിയത്. ക്യാപ്റ്റൻ ജിതൻ മുമ്റു (54) തീർഥങ്കർ സർക്കാർ (90+3) എന്നിവർ ബംഗാളിനുവേണ്ടി ഗോൾ നേടി. 

കേരളത്തിന്റെ അതിജീവനം

Santhosh Trophy Kerala Team സന്തോഷ് ട്രോഫി ഫൈനൽ യോഗ്യത നേടിയ കേരള ടീമിന്റെ ആഹ്ലാദം

അടിതടയുമായി മുന്നേറിയ മിസോറമിനെ പിടിച്ചു നിർത്തിയതു കേരളത്തിന്റെ പ്രതിരോധവും ഗോൾ കീപ്പർ വി.മിഥുനും. 4–4–2 എന്ന ഫോർമേഷനിൽ ആക്രമിച്ചു കളിക്കാൻ തയാറെടുത്ത കേരളത്തിന് അവസരങ്ങൾ നൽകാതെയാണു മിസോറം കളി മെനഞ്ഞത്. 4–1–4–1 എന്ന മിസോറം ചക്രവ്യൂഹം ഭേദിക്കാൻ കേരളത്തിനു പലപ്പോഴും സാധിച്ചില്ല. കൈക്കരുത്തു കൂടി സമം ചേർത്തു മിസോറം ഇടിച്ചു കയറിയപ്പോൾ കേരളത്തിന്റെ പ്രതിരോധത്തിൽ രാഹുൽ വി.രാജിനും, എസ്.ലിജോയ്ക്കും വിബിൻ തോമസിനും ഓവർടൈം ജോലിയായി. കിടിലൻ ക്രോസുകളുമായി കൗമാര താരം ലാൽ റൊമാവിയ ആദ്യ നിമിഷങ്ങളിൽ കേരള നിരയിൽ ഭീതി വിതച്ചു. ഗോൾ കീപ്പർ മിഥുന്റെ ഫുൾഡൈവ് ശ്രമമാണ് റൊമാവിയയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് തടഞ്ഞത്. 

kerala-santosh കേരള–മിസോറം മത്സരത്തിൽ നിന്ന്.ചിത്രം: പ്രതീഷ്.ജി. നായർ

റൊമാവിയയെ വെറുതെ വിട്ടാൽ പണിപാളുമെന്നു മനസ്സിലാക്കിയ കേരളം ക്യാപ്റ്റൻ രാഹുൽ വി.രാജിനെ പ്രത്യേക ഡ്യൂട്ടി നൽകിയാണു കളിമുന്നോട്ടു കൊണ്ടുപോയത്. റൊമാവിയയുടെ കാലുകളെ നിശബ്ദമാക്കുന്നതിൽ രാഹുൽ വിജയിച്ചപ്പോൾ മിസോറം മുന്നേറ്റത്തിന്റെ ആദ്യംകണ്ട ഒത്തിണക്കം പിന്നീടു നഷ്ടപ്പെട്ടു. മിസോറമിനെ പ്രതിരോധിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടി വന്നതോടെ കഴിഞ്ഞ മത്സരങ്ങളിൽ വിജയിച്ച കേരളത്തിന്റെ വിങ്ങുകളിലൂടെയുള്ള ആക്രമണം കൈമോശം വന്നു. മധ്യനിരയിൽ ബോൾ നിയന്ത്രിച്ചു മുന്നോട്ടു നൽകുന്ന കേരളത്തിന്റെ തന്ത്രം കാലുകളിൽനിന്നു പന്തു റാഞ്ചി ലാൽനുൻ ലുംഗയും ലാൽ ബിഖുലയും തകർത്തു. 

Santhosh-trophy-kerala-team സന്തോഷ് ട്രോഫി ഫൈനൽ യോഗ്യത നേടിയ കേരള ടീമിന്റെ ആഹ്ലാദം

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കേരളത്തിന്റെ ഹാഫിലാണു കളി ഏതാണ്ടു മുഴുവൻ സമയവും നടന്നത്. ഇരമ്പിയെത്തുന്ന ഷോട്ടുകൾ കേരള പോസ്റ്റിനെ വിറപ്പിക്കുന്ന കാഴ്ച. എന്നാൽ മുന്നേറ്റത്തിൽ റെമുവാറ്റയ്ക്കും റിൻപുയിയക്കും ലിയാനയ്ക്കും പന്തു കണക്ട് ചെയ്യുന്നതിൽ മികവ് കണ്ടെത്താനാകാതെ വന്നതോടെ കേരളം രക്ഷപ്പെടുകയായിരുന്നു. 

കൈക്കരുത്തിന്റെ മിസോറം

ശാരീരിക ക്ഷമതയിൽ കേരളത്തെക്കാൾ മുന്നിട്ടു നിന്നതു മിസോറമിന്റെ താരങ്ങൾ. പന്തു റാഞ്ചുന്നതിനൊപ്പം കേരള താരങ്ങളെയും മിസോറം കൈകാര്യം ചെയ്തു. മുന്നേറ്റ നിര താരങ്ങളായ പി.സി.അനുരാഗിനേയും സജിത് പൗലോസിനേയും ചവിട്ടിയിടുന്നതിൽ മിസോറം പ്രത്യേക ശ്രദ്ധ വച്ചു. ആദ്യ പകുതിക്കു തൊട്ടുമുൻപു സജിത്തിനു കാലിനു പരുക്കേറ്റ് കളം വിടേണ്ടി വന്നു. അഫ്ദലിനെ പകരക്കാരനാക്കിയിറക്കി പരിശീലകൻ സതീവൻ ബാലൻ സജിത്തിനെ പിൻവലിക്കുകയായിരുന്നു. 64–ാം മിനിറ്റിലായിരുന്നു മിസോറം കേരളത്തിനെ ശരിക്കും മുറിവേൽപ്പിച്ചത്. അനുരാഗിനെ ഗോൾ കീപ്പർ ലാൽ തൻപുയിയ റാൾട്ടെ കൈകൊണ്ട് നെഞ്ചിനിടിച്ചു.സ്ട്രെക്ചറിൽ മൈതാനത്തിനു പുറത്തേക്കു കൊണ്ടുപോയ അനുരാഗിനെ അടുത്തുള്ള ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടി വന്നു. പിന്നീട് അനുരാഗ് ആശുപത്രി വിട്ടു. 

അവസാന നിമിഷത്തിലേക്കു കളി മുന്നേറിയപ്പോൾ കേരളത്തിന്റെ ബോക്സിനുള്ളിൽ നടന്ന കൂട്ടപ്പൊരിച്ചിലുകൾക്കിടയിൽ കേരളതാരങ്ങൾ പലരും ചവിട്ടുകൊണ്ടു വീണു. 81–ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച മിസോറം നീക്കവും കയ്യാങ്കളിയിലാണ് അവസാനിച്ചത്. ഗോൾ ശ്രമത്തിനിടയിൽ പന്തു പിടിച്ചെടുത്ത ഗോൾ കീപ്പർ മിഥുന്റെ മുഖത്തു മിസോറം താരം റെമുവാറ്റ ചവിട്ടി. തുടർന്ന് കേരള–മിസോറം  താരങ്ങൾ തമ്മിൽ ഉന്തുംതള്ളുമായി. 

മിസോറമിനു വേണ്ടി റഫറിയുടെ ‘കളി’ 

മിസോറമിന് അനുകൂലമായ നിലപാടുകൾ സ്വീകരിച്ച റഫറി സി.സുമൻ കുമാറും മത്സരത്തിൽ ‘കളിച്ചു’. കേരളത്തിന്റെ ഫൗളുകൾക്കു ഫ്രീകിക്കുകൾ അനുവദിച്ച റഫറി മിസോറമിന്റെ തെറ്റുകൾ പലതും കണ്ടില്ലെന്നു നടിച്ചു. അനുരാഗിനെ ബോക്സിനുള്ളിൽ പന്തു കൈവശമില്ലാത്ത സമയത്തു മിസോറം ഗോൾ കീപ്പർ റാൾട്ടെ ഇടിച്ചിട്ടതു റഫറി ‘കണ്ടില്ല’. പെനൽറ്റി അനുവദിക്കേണ്ട ഫൗളിനു നേരെ കണ്ണടച്ച റഫറി കളി മുന്നോട്ടു കൊണ്ടുപോയി. ഇടിയേറ്റു വീണ അനുരാഗ് നാലു മിനിറ്റോളം ഗ്രൗണ്ടിൽ വീണു കിടന്നെങ്കിലും സുമൻ കുമാർ അതും കണ്ടില്ല. പാർശ്വവരയ്ക്ക് അടുത്തുനിന്ന് കേരള പരിശീലകൻ സതീവൻ ബാലനും ഗ്യാലറിയിൽനിന്ന് കാണികളും അലറി വിളിച്ച ശേഷമാണു കളി നിർത്തിവച്ച് റഫറി അനുരാഗിന് അടുത്തെത്തിയതു തന്നെ. ഗോൾ പോസ്റ്റിനുള്ളിൽ ഗോൾ കീപ്പറിന്റെ മുഖത്തു ചവിട്ടിയെന്ന ഗുരുതര കുറ്റം ചെയ്ത റെമുവാറ്റയ്ക്ക് മഞ്ഞക്കാർഡ് ശിക്ഷ മാത്രം നൽകിയാണു റഫറി കനിഞ്ഞത്. 

afdal-goal കേരളത്തിനായി ഗോൾ നേടിയ വി.കെ.അഫ്ദലിന്റെ ആഹ്ലാദം. കെ.പി.രാഹുൽ സമീപം

കേരളം സന്തോഷിച്ചു; അഫ്ദലിലൂടെ 

മൈതാന മധ്യത്തുനിന്നു ജിതിൻ ഗോപാലൻ പൊക്കിയിട്ടു കൊടുത്ത പന്തുമായി എം.എസ്.ജിതിന്റെ കുതിപ്പാണു കേരളത്തിനു സന്തോഷം നൽകിയത്. മിസോറം പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞു എം.എസ്.ജിതിൻ വലതു പാർശ്വവരയിലൂടെ അതിവേഗം മുന്നേറിയെത്തി. ബോക്സിനു പുറത്തുനിന്നു പന്ത് അനുരാഗിനു നീട്ടി നൽകി. 

അനുരാഗിന്റെ ഗോൾ ശ്രമം പോസ്റ്റിൽത്തട്ടി മടങ്ങി. ബോൾ റീബൗണ്ട് ചെയ്തെത്തിയതു അഫ്ദലിന്റെ കാലുകളിലേക്ക്. അഫ്ദലിന്റെ ആദ്യ ഷോട്ട് മിസോറം പ്രതിരോധത്തിൽത്തട്ടി വീണ്ടും റീബൗണ്ട് ചെയ്തു. എന്നാൽ വീണ്ടും ബോൾ പിടിച്ചെടുത്ത അഫ്ദലിന് ഇക്കുറി തെറ്റിയില്ല. മിസോറം ഗോൾ കീപ്പറെ നിഷ്പ്രഭനാക്കി പന്ത് പോസ്റ്റിലേക്ക് റോക്കറ്റ് കണക്കെ പാഞ്ഞു കയറി. 

ഫൈനൽ നാളെ ഉച്ചയ്ക്ക്

കേരള –ബംഗാൾ ഫൈനൽ നാളെ ഉച്ചയ്ക്കു 2.30നു കൊൽക്കത്ത സാൾട്ട് ലേക്ക് വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടക്കും. 2013 ൽ കൊച്ചിയിലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി ഫൈനൽ കളിച്ചത്. അന്നു സർവീസസിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. 2004 ലാണു കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 33–ാം കിരീടം തേടിയാണു നിലവിലെ ചാംപ്യൻമാരായ ബംഗാൾ ഫൈനലിലിറങ്ങുക.