Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ പോരിൽ ഗോവ

Super-cup-3 സൂപ്പ‌‍ര്‍കപ്പ് ഫുട്ബോളിൽ കൊല്‍ക്കത്ത–എഫ്‍സി ഗോവ മൽസരത്തിനിടെ ചിത്രങ്ങൾ: റിജോ ജോസഫ് ∙ മനോരമ.

ജയിച്ച ഗോവയ്ക്കും തോറ്റ കൊൽക്കത്തയ്ക്കും സല്യൂട്ട് – ആവേശകരമായ ഒരു മത്സരം സമ്മാനിച്ചതിന്! ബോക്സ് ടു ബോക്സ് മുന്നേറ്റങ്ങൾ നിറഞ്ഞ സൂപ്പർ കപ്പ് ഫുട്ബോളിൽ കൊൽക്കത്തയെ 3–1നു വീഴ്ത്തി എഫ്സി ഗോവ ക്വാർട്ടർ ഫൈനലിൽ കടന്നു. ഫെറാൻ കൊറോമിനാസ്, ഹ്യൂഗോ ബൗമാസ്, ബ്രണ്ടൻ ഫെർണാണ്ടസ് എന്നിവരാണ് ഗോവയുടെ ഗോളുകൾ നേടിയത്. കൊൽക്കത്തയുടെ ആശ്വാസ ഗോൾ സൂപ്പർ താരം റോബി കീനിന്റെ ബൂട്ടിൽ നിന്ന്. ഇന്ന് പുണെ സിറ്റി എഫ്സി ഷില്ലോങ് ലജോങിനെ നേരിടും. 

Super-cup-1

ബ്ലാസ്റ്റേഴ്സിൽ നിന്നു ‘നാടുവിട്ട’ ഫെറാൻ കൊറോമിനാസിനെ ഏക സ്ട്രൈക്കറാക്കിയാണ് ഗോവ ഇറങ്ങിയത്. കൊൽക്കത്തയുടെ മുന്നേറ്റത്തിൽ ക്യാപ്റ്റനും കോച്ചുമായ റോബി കീനിനൊപ്പം ഇന്ത്യൻ താരം റോബിൻ സിങും. ഇരുടീമും തുടക്കം മുതൽ ആക്രമിച്ചു കളിച്ചതോടെ കളി ആവേശകരം. മികച്ച പാസുകളുമായി സ്വതസിദ്ധമായ അതിവേഗക്കളിയിൽ ഗോവ വിശ്വസിച്ചപ്പോൾ വിങിലൂടെയുള്ള മുന്നേറ്റങ്ങളായിരുന്നു കൊൽക്കത്തയുടേത്.

പക്ഷേ, ദക്ഷിണാഫ്രിക്കൻ താരം എംബാതയും കീനും തമ്മിൽ പരസ്പര ധാരണയുണ്ടായില്ല. റോബിൻ പലപ്പോഴുമുള്ള മിന്നലാട്ടങ്ങളിൽ ഒതുങ്ങി. മറുഭാഗത്ത് കൊറോമിനാസ് മുഴുസമയവും കൊൽക്കത്ത പ്രതിരോധത്തിനു ഭീഷണിയായി. എന്നാൽ അധ്വാനിച്ചെങ്കിലും ആദ്യ പകുതിയിൽ അവസരങ്ങൾ നിരന്തരം തുലയ്ക്കുകയായിരുന്നു വലതു വിങിൽ കളിച്ച ഫെർണാണ്ടസ്. 

Super-cup-2

ഒരു കാലത്ത് ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ മികച്ച താരങ്ങളിലൊരാളായിരുന്ന റോബി കീൻ 37–ാം വയസ്സിലും കാഴ്ച്ചവച്ച കളി ഐഎസ്എലിൽ അലസമായി കളിച്ച മറ്റു പല സൂപ്പർ താരങ്ങളും കണ്ടു പഠിക്കേണ്ടത്. കീനിന്റെ അധ്വാനം 27–ാം മിനിറ്റിൽ ഫലം കാണേണ്ടതായിരുന്നു. എന്നാൽ ഉരുണ്ടു കയറിയ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങി. ഗോളില്ലാതെ ആദ്യപകുതി അവസാനിക്കും എന്നു കരുതിയിരിക്കെ ഗോവയുടെ ഗോൾ വന്നു. കൊൽക്കത്തയുടെ ഓഫ്സൈഡ് കെണി പൊളിച്ച് മുന്നോട്ടു കയറിയ ഫെർണാണ്ടസ് തൊടുത്ത ഷോട്ട് വലയിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കീനിന്റെ അധ്വാനത്തിനും ഫലം കിട്ടി. ഇടതു പാർശ്വത്തിൽ നിന്നുള്ള ഷോട്ടിൽ കൊൽക്കത്ത ഒപ്പത്തിനൊപ്പം. എന്നാൽ ആക്രമിച്ചു കളിച്ച ഗോവ കളി ഏറ്റെടുത്തു. 70–ാം മിനിറ്റിൽ നാരായൺ ദാസ് തുടക്കമിട്ട മുന്നേറ്റം കോറോമിനാസ് പാകപ്പെടുത്തി ബൗമോസ് ഗോളിലെത്തിച്ചു. ഓടിക്കളിച്ച ബ്രണ്ടനും ഒടുവിൽ 78–ാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ ഗോവയ്ക്ക് അർഹിച്ച ജയം.