Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് ട്രോഫി ടീമിനായി കേരളത്തിന്റെ വിജയദിനം

chief-minister-honouring-rahul-raj സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്ബോൾ ടീം അംഗങ്ങൾക്കു സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു നൽകിയ സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റൻ രാഹുൽ രാജിനെ അഭിനന്ദിക്കുന്നു. കോച്ച് സതീവൻ ബാലൻ, വൈസ് ക്യാപ്റ്റൻ എസ്.സീസൺ, മന്ത്രി എ.സി.മൊയ്തീൻ എന്നിവർ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തിരുവനന്തപുരം ∙ സന്തോഷ് ട്രോഫി ഫുട്‌ബോൾ ജേതാക്കളായ കേരള ടീമിനു സംസ്ഥാന സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ തലസ്ഥാനത്ത് ആവേശോജ്വല സ്വീകരണം. മ്യൂസിയത്തുനിന്ന് അശ്വാരൂഢ സേന ഉൾപ്പെടെയുള്ളവയുടെ അകമ്പടിയോടെ താരങ്ങളെ സംസ്ഥാന സർക്കാർ സ്വീകരണ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു.

സ്വീകരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എ.സി.മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്.സുനിൽകുമാർ, സി.രവീന്ദ്രനാഥ്, കെ.രാജു എന്നിവർ പ്രസംഗിച്ചു. കളിക്കാർക്കും കോച്ചിനും മാനേജർക്കും ഉൾപ്പെടെ കാഷ് അവാർഡും ഫലകവും സമ്മാനിച്ചു. ഇന്നലെ രാവിലെ തലസ്ഥാനത്തെത്തിയ ടീമിനെ ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരിച്ചു. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സ്വീകരണം ഏർപ്പെടുത്തി. 

പ്രോത്സാഹനത്തിന് എല്ലാ നടപടിയും: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ കേരളത്തിന്റെ കായിക മികവ് ഉയർത്തിപ്പിടിക്കാൻ സന്തോഷ് ട്രോഫി ടീമിനു കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ടീമിന് ഇനിയുമേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ഒരുപാട് ഇല്ലായ്മകളുടെ പ്രതീകങ്ങളാണ് ഇവരിൽ പലരും. എന്നാൽ, എല്ലാവരും ഒന്നിനൊന്നു മികച്ച രീതിയിൽ കളിച്ചതോടെയാണു നമ്മൾ ചാംപ്യന്മാരായത്. ടീമിന്റെ പ്രോത്സാഹനത്തിന് ആവശ്യമായ എല്ലാ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.