സാഫ് കപ്പ് ഫുട്ബോൾ; ഇന്ത്യ മാലദ്വീപിനും ശ്രീലങ്കയ്ക്കുമൊപ്പം

ന്യൂഡൽഹി∙ സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവർക്കൊപ്പം ബി ഗ്രൂപ്പിൽ. എ ഗ്രൂപ്പിൽ ആതിഥേയരായ ബംഗ്ലദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ഭൂട്ടാൻ എന്നിവരാണുള്ളത്. സെപ്റ്റംബർ നാലു മുതൽ 15 വരെ ധാക്കയിലാണ് സാഫ് കപ്പ്. മൂന്നുവട്ടം സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ നേരിട്ട ടീമാണ് മാലദ്വീപ്.

 1997ലും 2009ലും ഇന്ത്യ ജയിച്ചപ്പോൾ 2008ൽ മാലദ്വീപിനായിരുന്നു ജയം. 2015ൽ നടന്ന അവസാന ചാംപ്യൻഷിപ്പിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യയുടെ ഏഴാം കിരീടമായിരുന്നു അത്. സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷനിൽ ചേർന്നതിനാൽ ഇത്തവണ അഫ്ഗാനിസ്ഥാൻ ചാംപ്യൻഷിപ്പിനില്ല.