Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പിലെ മറക്കാനാവാത്ത ഗോൾ ആഘോഷങ്ങൾ

shabalala

ഒറ്റത്തിരയിൽ തീരുന്ന ആഘോഷമല്ല ഗോൾ. പന്ത് വലയിൽ കയറുന്ന നിമിഷങ്ങൾ മനോഹരമാണെങ്കിൽ അതിനു ശേഷമുള്ള ആഘോഷങ്ങൾ അതിമനോഹരമാണ്. ലക്ഷ്യപ്രാപ്തിയുടെ ആഹ്ലാദത്തിനൊപ്പം ചിലപ്പോൾ അതിൽ പ്രിയപ്പെട്ടവർക്കുള്ള സന്ദേശവുമുണ്ടാകും, രാജ്യത്തിന്റെ രാഷ്ട്രീയമുണ്ടാകും... പലപ്പോഴും ഗോളിനെക്കാൾ ഓർമിക്കപ്പെടുന്ന നിമിഷങ്ങളായി അവ മാറും. ലോകകപ്പ് ചരിത്രത്തിൽ നിന്നുള്ള അത്തരം നിമിഷങ്ങളിതാ... 

∙ മാകറെന നൃത്തം (ഷബലാലാ–2010)

സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് ദക്ഷിണാഫ്രിക്കൻ കാണികൾ ആഘോഷമാക്കിയപ്പോൾ ഗ്രൗണ്ടിൽ കളിക്കാരും മോശമാക്കിയില്ല. മെക്സിക്കോയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ ആദ്യഗോൾ നേടിയശേഷം സൈഡ്‌ലൈനിനടുത്തെത്തിയ ഷബലാലാ സഹതാരങ്ങളെ കാത്തുനിന്നു. ശേഷം ഒരേ ചുവടുകളോടെയുള്ള മനോഹരമായ നൃത്തം. ദക്ഷിണാഫ്രിക്കൻ തനത് നൃത്തമായ മാകറെനയാണ് ഷബലാലാ അന്ന് ലോകത്തിനു മുന്നിൽ കാഴ്ചവച്ചത്. 

tardelli

∙ കണ്ണീരാഘോഷം (മാർക്കോ താർഡെല്ലി–1982)

ഒരു ലോകകപ്പ് ഫൈനലിൽ ഗോൾ നേടുകയെന്നാൽ എന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത ആഘോഷം. പശ്ചിമ ജർമനിക്കെതിരെ ഗോൾ നേടിയ ശേഷം ഇറ്റാലിയൻ താരം താർഡെല്ലിക്ക് ആഹ്ലാദമടക്കാനായില്ല. വികാരത്തള്ളലിൽ മുഷ്ടി ചുരുട്ടി നെഞ്ചിലിടിച്ച് അലറിപ്പാഞ്ഞ താർഡെല്ലിയുടെ കണ്ണുകളിൽ കണ്ണീർ പൊടിയുന്നതു വരെ ക്യാമറക്കണ്ണുകൾ കണ്ടു. ‘താർഡെല്ലിയുടെ അലർച്ച’ എന്നാണ് പിന്നീട് ഈ ആഘോഷം അറിയപ്പെട്ടത്.  

bebeto

∙ കുട്ടിത്താരാട്ട് (ബെബറ്റോ–1994)

1994 ലോകകപ്പിലെ ഏറ്റവും മിഴിവുള്ള ദൃശ്യം. ഹോളണ്ടിനെതിരെ ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയ ശേഷം ബെബറ്റോ കോർണർ ഫ്ലാഗിന് അടുത്തേക്കോടി. കൈകൾ തൊട്ടിലാടുന്നതു പോലെ വീശിയായിരുന്നു ബെബറ്റോയുടെ ആഹ്ലാദം. സഹതാരങ്ങളായ മാസിഞ്ഞോയും റൊമാരിയോയും ബെബറ്റോയുടെ ആഘോഷത്തിൽ പങ്കുചേർന്നു. ആയിടെ പിറന്ന മകനുള്ള സമർപ്പണമായിരുന്നു ബെബറ്റോയുടെ ആഘോഷം. പിന്നീട് 20 വയസ്സു തികഞ്ഞ മകനൊപ്പം 2014ൽ ബ്രസീൽ ലോകകപ്പ് സമയത്ത് ബെബറ്റോ അതേദൃശ്യം ആവർത്തിച്ചു. 

milla

∙ ഹിപ്സ് ഡോണ്ട് ലൈ (റോജർ മില്ല–1990)

കാമറൂൺ താരം റോജർ മില്ലയെ ലോകം ഓർക്കുന്നതു കളിമികവു കൊണ്ടു മാത്രമല്ല. ഇറ്റാലിയൻ ലോകകപ്പിൽ മില്ല നേടിയ ഓരോ ഗോളും ഗാലറിക്കു ദൃശ്യവിരുന്നായിരുന്നു. ഗോൾ നേടിയ ശേഷം കോർണർ ഫ്ലാഗിനരികിലേക്ക് ഓടിയെത്തി അരക്കെട്ട് കുലുക്കിയുള്ള നൃത്തമായിരുന്നു മില്ലയുടെ സ്റ്റൈൽ. 38 വയസ്സ് പ്രായമുള്ള, അൽപം തടിയുള്ള മില്ലയുടെ നൃത്തം കാണികൾക്കു ചിരിവിരുന്നുകൂടിയായി. 

ladrup

∙ റിലാക്സ് അറ്റ് ബീച്ച് (ബ്രയാൻ ലാഡ്രൂപ്–1998)

ഗോളടിച്ചാൽ വിശ്രമിക്കുക എന്നതായിരുന്നു ലാഡ്രൂപ്പിന്റെ സ്റ്റൈൽ. ഫ്രാൻസ് ലോകകപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടിയ ശേഷം ലാഡ്രൂപ് ആഘോഷിക്കാനായി ഓടി. ടീം അംഗങ്ങൾ ഓടിയെത്തിയപ്പോഴേക്കും നിലത്ത് ചെരിഞ്ഞു കിടന്ന് കൈ തലയിൽ വച്ച് നിസ്സംഗഭാവത്തിൽ ആഘോഷം. ബീച്ചിൽ വിശ്രമിക്കുന്നതു പോലെ ഇതൊക്കെ എന്ത് എന്ന മട്ട്!

എന്നാൽ പൊരുതിക്കളിച്ചെങ്കിലും ഡെൻമാർക്ക് മൽസരം 2–3നു തോറ്റു. ബ്രയാന്റെ സഹോദരൻ മൈക്കൽ ലാഡ്രൂപ്പും ആ ലോകകപ്പിൽ ഡെൻമാർക്ക് ടീമിൽ അംഗമായിരുന്നു.