Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിവർപൂളിനു സ്റ്റോക്കിന്റെ സമനില സ്റ്റോപ്

Liverpool vs Stoke City match

ലണ്ടൻ ∙ ചാംപ്യൻസ് ലീഗ് സെമിഫൈനലിലെ ഉജ്വല പ്രകടനത്തിനുശേഷം പ്രീമിയർ ലീഗിൽ കളിക്കാനിറങ്ങിയ ലിവർപൂളിനു നിരാശ. തരംതാഴ്ത്തൽ ഭീഷണിയിലുള്ള സ്റ്റോക്ക് സിറ്റിയോടു ലിവർപൂൾ ഗോളില്ലാ സമനില വഴങ്ങി. രണ്ടു കളികൾ ബാക്കിനിൽക്കെ ലിവർപൂളിന്റെ അടുത്ത വർഷത്തെ ചാംപ്യൻസ് ലീഗ് യോഗ്യതയും തുലാസിൽ തന്നെ. 72 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അവരെങ്കിലും നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ടോട്ടനമും ചെൽസിയും രണ്ടു മൽസരങ്ങൾ കുറവാണു കളിച്ചത്. ചെൽസിക്കെതിരെ ലിവർപൂളിനു മൽസരവുമുണ്ട്.

സ്വന്തം മൈതാനമായ ആൻഫീൽഡിൽ സീസണിൽ ഇതുവരെ തോറ്റിട്ടില്ല എന്ന റെക്കോർഡുമായിറങ്ങിയ ലിവർപൂൾ വിരസമായ കളിയാണു കാഴ്ചവച്ചത്. കഴിഞ്ഞ വാരം റോമയെ 5–2നു തോൽപിച്ച ടീമിൽനിന്ന് അഞ്ചു മാറ്റങ്ങളുമായാണു കോച്ച് യൂർഗൻ ക്ലോപ്പ് ടീമിനെ ഇറക്കിയത്. കളിയുടെ തുടക്കത്തിൽത്തന്നെ മുഹമ്മദ് സലായും ട്രെന്റ് അലക്സാണ്ടർ അർനോൾഡും സുവർണാവസരങ്ങൾ തുലയ്ക്കുകയും ചെയ്തു. ഡാനി ഇങ്സിന്റെ ശ്രമം റഫറി ഓഫ്സൈഡ് വിളിക്കുകയും ചെയ്തു. സ്റ്റോക്ക് താരം എറിക് പീറ്റേഴ്സ് പന്ത് കൈകൊണ്ടു തൊട്ടതിനു റഫറി പെനൽറ്റി നൽകാതിരിക്കുകയും ചെയ്തതോടെ ലിവർപൂളിന്റെ നിർഭാഗ്യം പൂർണം.