Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോളിന്റെ ഇനിയേസ്റ്റ

FBL-LIGA-ESP-BARCELONA-REAL SOCIEDAD

ആറുവയസ്സുള്ളപ്പോൾ റയൽ മഡ്രിഡ് ആയിരുന്നു ഇനിയേസ്റ്റയുടെ ഇഷ്ട ടീം! പ്രാദേശിക ടീമായ ആൽബാസീറ്റെയുടെയും കടുത്ത ആരാധകനായിരുന്നു ഇനിയേസ്റ്റ അന്ന്. ആൽബസീറ്റേയെ ബാർസിലോന ഒരിക്കൽ 7–1 നു തകർത്തതോടെ ബാർസയോടുള്ള വിദ്വേഷം റയലിനോടുള്ള സ്നേഹമായി പരിണമിച്ചതാണ്. ഇഷ്ടതാരമായ മൈക്കൽ ലാഡ്രൂപ്പ് ബാർസയിൽ നിന്ന് റയലിലേക്കു ചേക്കേറിയതോടെ ആ ഇഷ്ടം കൂടി. പക്ഷേ കാലം ഇനിയേസ്റ്റയ്ക്കായി കാത്തുവച്ചത് ബാർസിലോനയിലെ എട്ടാം നമ്പർ ജഴ്സി! 14 സീസണുകൾ, 674 മൽസരങ്ങൾ, 34 പ്രധാന കിരീടങ്ങൾ.. അങ്ങനെ നീളുന്നു കറ്റാലൻ ക്ലബിലെ ഇനിയേസ്റ്റയുടെ കരിയർ. ബാർസിലോനയുമായുള്ള പൊക്കിൾക്കൊടി മുറിച്ചു മാറ്റി പടിയിറങ്ങുന്ന വേളയിൽ ഇനിയേസ്റ്റ പറഞ്ഞത് ഇത്രമാത്രം, ‘ബാർസയ്ക്കെതിരെ ഞാൻ ബൂട്ടുകെട്ടില്ല!’

ജെന്റിൽമാൻ ഫുട്ബോളർ

‘ഇനിയേസ്റ്റയെ ഞാൻ ഫാൾസ് വിങറായും സെന്റർ മിഡ്ഫീൽഡറായും കളിപ്പിച്ചു. ഡീപ് മിഡ്ഫീൽഡിൽ കളിപ്പിച്ചുനോക്കി; ഒടുവിൽ സ്ട്രൈക്കർക്കു പിന്നിൽ വരെ കളിപ്പിച്ചു, എല്ലാ പൊസിഷനുകളിലും ഇനിയേസ്റ്റ എന്നെ അമ്പരപ്പിച്ചുകളഞ്ഞു’, ബാർസ മുൻ പരിശീലകൻ ഫ്രാങ്ക് റെയ്ക്കാർഡ് ഇനിയേസ്റ്റയെപ്പറ്റി പറഞ്ഞതിങ്ങനെ. ‘കംപ്ലീറ്റ് ഫുട്ബോളർ’ എന്ന് വിചെന്റ ഡെൽബോസ്ക്യു ഇനിയേസ്റ്റയെ വിശേഷിപ്പിച്ചതിനുള്ള കാരണം വേറെ തേടേണ്ടതില്ല. കളിപ്പിച്ച പൊസിഷനുകൾ തന്റേതാക്കിയാണ് ഇനിയേസ്റ്റ ശീലിച്ചിട്ടുള്ളത്.

സ്പെയിനിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ആൽബാസീറ്റെ പ്രവിശ്യയിലാണ് ഇനിയേസ്റ്റയുടെ സ്വദേശം. അവിടെനിന്നാണ് കാറ്റലോണിയയുടെ സ്പന്ദനമായ ബാർസിലോനയിലേക്ക് ഇനിയേസ്റ്റ എത്തുന്നത്. സ്പെയിനിൽനിന്നുള്ള മോചനം ആഗ്രഹിക്കുമ്പോഴും കാറ്റലോണിയയെ സ്പെയിനുമായി എല്ലായ്പ്പോഴും ചേർത്തുവയ്ക്കുന്ന ഒന്നുണ്ട്; 2010 ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെതിരെ ഇനിയേസ്റ്റ നേടിയ വിജയ ഗോൾ!

ഗോൾനേട്ടത്തിനു ശേഷമുള്ള ആഹ്ലാദപ്രകടനം കാട്ടിത്തന്നത് ഇനിയേസ്റ്റ എന്ന പച്ചമനുഷ്യനെയാണ്. ഗോൾ നേട്ടത്തിനുശേഷം ഇനിയേസ്റ്റ തന്റെ ജഴ്സി ഊരിമാറ്റി. അതിനടിയിലെ ടീ ഷർട്ടിൽ ഇങ്ങനെ എഴുതിയിരുന്നു, ‘ഡാനി ജാർക്വെ, താങ്കൾ ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്’. 2009 ൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു എസ്പന്യോൾ ഡിഫൻഡറായ ജാർക്വയുടെ അപ്രതീക്ഷിത മരണം. ഇനിയേസ്റ്റയുടെ അടുത്ത സുഹൃത്തായിരുന്നു ഡാനി ജാർക്വെ. പിന്നീട് ഈ ടീഷർട്ട് ഇനിയേസ്റ്റ തന്നെ എസ്പന്യോളിനു സമ്മാനിച്ചു. 

ഇനിയെന്ത്; ഇനിയേസ്റ്റ?

‘ലാ മാസിയാ’ എന്നു വിളിപ്പേരുള്ള ബാർസ യൂത്ത് അക്കാദമിയിൽ നിന്ന് 2002 ലാണ് സീനിയർ ടീമിലേക്ക് ഇനിയേസ്റ്റ കാലെടുത്തുവയ്ക്കുന്നത്. അന്നു പ്രായം 18. കാർലോസ് പുയോളിനും റിക്വെൽമിക്കും പാട്രിക്ക് ക്ലൈവർട്ടിനും ചാവിക്കും ഒപ്പം തുടങ്ങിയ യാത്ര ഇപ്പോൾ അവസാനിക്കുന്നത് മെസ്സിക്കും സ്വാരെസിനും കുടീഞ്ഞോയ്ക്കും ഒപ്പം.

ഗ്വാർഡയോളയുടെ കീഴിൽ ടിക്കി ടാക്ക ലോകം കീഴടക്കിയപ്പോൾ എറ്റുവിനെക്കൊണ്ടും മെസ്സിയെക്കൊണ്ടു ഗോളടിപ്പിച്ചും ഗോളടിച്ചും ഇനിയേസ്റ്റ കളം നിറഞ്ഞു. കൗണ്ടർ അറ്റാക്കുകൾ കൊണ്ടും വേഗതകൊണ്ടും ലൂയി എൻറിക്വ ബാർസിലോന സമവാക്യങ്ങൾ പൊളിച്ചെഴുതിയപ്പോൾ ഇടതു വിങിൽ നെയ്മർക്കു പന്തെത്തിച്ചു കൊടുക്കുന്ന ദൗത്യം ഇനിയേസ്റ്റ ഭംഗിയാക്കി. ഒരു കാര്യം തീർച്ച, ഇനിയേസ്റ്റാ, താങ്കൾക്കു പകരം വയ്ക്കാൻ മറ്റൊരാളുണ്ടാകില്ല, ബാർസിലോനയിലും ഫുട്ബോളിലും! 

related stories