Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതെന്ത്, ഗുസ്തിയോ?; റാമോസിന്റെ ഫൗളിൽ ക്ഷുഭിതനായി ക്ലോപ്പ് – വിഡിയോ

ramos-foul മുഹമ്മദ് സലായ്ക്കെതിരെ റാമോസിന്റെ ഫൗൾ. (ട്വിറ്റർ ചിത്രം)

കീവ്∙ ചാംപ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സലയ്ക്കെതിരായ റയൽ മഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ഫൗളിനെ ഗുസ്തിയുമായി താരതമ്യപ്പെടുത്തി ലിവർപൂൾ എഫ്സി പരിശീലകൻ യുർഗ്‌മൻ ക്ലോപ്പ് രംഗത്ത്. റാമോസിന്റെ കടുത്ത ഫൗളിനെ തുടർന്ന് തോളിന്റെ ലിഗ്‌മെന്റിന് പരുക്കേറ്റ സലാ, മൽസരത്തിന്റെ ആദ്യ അര മണിക്കൂറിനുള്ളിൽത്തന്നെ കണ്ണീരോടെ മടങ്ങിയിരുന്നു. സലയുടെ സാന്നിധ്യത്തിൽ റയലിനെതിരെ മേധാവിത്തം പുലർത്തിയ ലിവർപൂൾ, താരം മടങ്ങിയതോടെ പ്രതിരോധത്തിലേക്കു വലിഞ്ഞിരുന്നു. രണ്ടാം പകുതിയിൽ മൂന്നു ഗോൾ വഴങ്ങി മൽസരം കൈവിടുകയും ചെയ്തു.

റയൽ മഡ്രിഡിന് അഭിനന്ദനങ്ങൾ. അവർ വീണ്ടും ചാംപ്യൻസ് ലീഗ് നേടിയെന്നത് നിസാര കാര്യമല്ല – ക്ലോപ്പ് പറഞ്ഞു. അതേസമയം, മുഹമ്മദ് സലയ്ക്കെതിരായ റാമോസിന്റെ ഫൗൾ കളിയിൽ നിർണായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൽസരം തോറ്റ ശേഷം ഇത്തരം ഫൗളുകളെ കുറ്റം പറയുന്നതിൽ വലിയ കാര്യമില്ലെന്ന് എനിക്കറിയാം. എങ്കിലും ഈ മൽസരം ഞങ്ങൾ കൈവിട്ടതിനു പിന്നിൽ സലയുടെ പരുക്കും വലിയ കാരണമാണ്. വളരെ ക്രൂരമായൊരു ഫൗളായിരുന്നു അത്. ഏതാണ്ട് ഗുസ്തിയിലൊക്കെ കാണുന്നപോലൊരെണ്ണം. ആ വീഴ്ചയിൽ സലയുടെ തോളിനു പരുക്കേറ്റത് നിർഭാഗ്യകരമായിപ്പോയി – ക്ലോപ്പ് പറഞ്ഞു.

സല പരുക്കേറ്റ് കയറിയതോടെയാണ് റയൽ മഡ്രിഡ് മൽസരത്തിൽ മേധാവിത്തം നേടിയതെന്നും ക്ലോപ്പ് ചൂണ്ടിക്കാട്ടി. സലയുടെ പരുക്ക് മറ്റു താരങ്ങൾക്ക് വലിയ ഷോക്കായിപ്പോയി. താരങ്ങൾ ആ ഞെട്ടലിൽനിന്ന് കരകയറും മുൻപാണ് റയൽ മേധാവിത്തം നേടിയത്. അസാധാരണമായ പിഴവിലൂടെ രണ്ടു ഗോളുകൾ വഴങ്ങേണ്ടി വന്നതും തിരിച്ചടിയായി – ക്ലോപ്പ് ചൂണ്ടിക്കാട്ടി.