ഇതാ, ഇന്ത്യൻ ഫുട്ബോളിന്റെ ദയനീയ സാക്ഷ്യപത്രം! – വിഡിയോ

മുംബൈ∙ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിൽ കൈത്താങ്ങാകാൻ ആരാധകരെ ആഹ്വാനം ചെയ്ത് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലാകുന്നു. സ്റ്റേഡിയത്തിലെത്തി മൽസരങ്ങൾ കാണാനും ടീമിനെ പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെട്ട് ഛേത്രി നടത്തിയ ആഹ്വാനമാണ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായത്. ഇന്ത്യയിലെങ്ങും ലോകകപ്പ് ജ്വരം പടർന്നു പിടിക്കുമ്പോഴാണ് സ്വന്തം ടീമിനെയും പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനവുമായി ഇന്ത്യൻ നായകൻ രംഗത്തെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ളവർ ഛേത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് വിഡിയോ ഷെയർ ചെയ്തു.

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ചൈനീസ് തായ്പെയിക്കെതിരെ നടത്തിയ ഹാട്രിക് പ്രകടനത്തിനു പിന്നാലെയാണ് ടീം ഇന്ത്യയുടെ കളികൾ സ്റ്റേഡിയത്തിലെത്തി കാണാനും ടീമിനെ പ്രോത്സാഹിപ്പിക്കാനും ഛേത്രി ആവശ്യപ്പെട്ടത്. മൽസരത്തിൽ ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ജയിച്ചിരുന്നു. ഇന്നു രാത്രി എട്ടു മണിക്ക് മുംബൈയിൽ നടക്കുന്ന രണ്ടാം മൽസരത്തിൽ ഇന്ത്യ കെനിയയെ നേരിടുന്നുണ്ട്. രാജ്യാന്തര ഫുട്ബോളിൽ ഛേത്രിയുടെ 100–ാം മൽസരം കൂടിയാണിത്.

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര മൽസരങ്ങൾ കളിച്ച രണ്ടാമത്തെ താരമായ ഛേത്രി, ഇപ്പോൾ സജീവ ഫുട്ബോളിൽ ഉള്ളവരിൽ മാതൃരാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗലിനായി 149 കളിയിൽ 84 ഗോള്‍), ലയണൽ മെസ്സി (അർജന്റീനയ്ക്കായി 124 മൽസരങ്ങളിൽനിന്ന് 64 ഗോൾ) എന്നിവർ മാത്രമാണ് ഇക്കാര്യത്തിൽ ഛേത്രിക്കു മുന്നിലുള്ളത്. കഴിഞ്ഞ ദിവസം ചൈനീസ് തായ്പെയിക്കെതിരെ നേടിയ ഹാട്രിക്കോടെ ഇന്ത്യയ്ക്കായി ഛേത്രിയുടെ ഗോൾ നേട്ടം 99 മൽസങ്ങളിൽ 59 ആയി ഉയർന്നു.

ഛേത്രിയുടെ വാക്കുകളിൽനിന്ന്

‘കളി കാണാൻ എത്താത്ത എല്ലാവരോടും ഞാൻ അപേക്ഷിക്കുകയാണ്. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരോടുമായാണിത്... ദയവായി വരൂ, രണ്ടു കാരണങ്ങൾകൊണ്ടു ഞങ്ങളുടെ കളി കാണുക. ലോകത്തെ ഏറ്റവും മികച്ച കളിയാണു ഫുട്ബോൾ എന്നതാണ് ഒന്നാമത്തെ കാരണം. ഞങ്ങൾ കളിക്കുന്നത് ഇന്ത്യയ്ക്കുവേണ്ടിയാണ് എന്നുള്ളതു രണ്ടാമത്തേതും. ഒരുകാര്യം ഞങ്ങൾ ഉറപ്പുതരുന്നു; ഒരിക്കൽ ഞങ്ങളുടെ കളി കണ്ടാൽ പഴയ ആളായി ആയിരിക്കില്ല വീട്ടിലേക്കു നിങ്ങൾ തിരിച്ചുപോകുന്നത്.

യൂറോപ്യൻ ക്ലബ് ഫുട്ബോളുമായി തട്ടിച്ചുനോക്കുമ്പോൾ ഞങ്ങളുടെ നിലവാരം വളരെ താഴെയാണെന്നു പറയുന്ന യൂറോപ്യൻ ക്ലബുകളുടെ ആരാധകർക്കായി, ശരിയാണ്.. ഞങ്ങളുടെ നിലവാരം വളരെ താഴെയാണ്. പക്ഷേ ഞങ്ങളുടെ അഭിലാഷവും ഇച്ഛാശക്തിയും കൊണ്ട് ഞങ്ങൾ ഉറപ്പുതരുന്നു, നിങ്ങളുടെ സമയം നഷ്ടമാകില്ല.

പ്രതീക്ഷ നശിച്ച എല്ലാവരോടുമായി – ദയവായി സ്റ്റേഡിയത്തിലേക്കു വന്നു ഞങ്ങളുടെ കളി കാണുക. ദയവായി സ്റ്റേഡിയത്തിലേക്കു വരൂ. നിങ്ങൾക്കറിയില്ല നിങ്ങളുടെ പിന്തുണ എത്രമാത്രം വിലമതിക്കുന്നു എന്ന്. ഞങ്ങൾക്കായി ആർപ്പുവിളിക്കൂ, ഞങ്ങളുടെ കളി കാണൂ, ഞങ്ങളെ ചീത്തവിളിക്കൂ, വിമർശിക്കൂ, കളിയെക്കുറിച്ചു സംസാരിക്കൂ, വീട്ടിലെത്തിയശേഷം ചർച്ചകൾ നടത്തൂ, ഞങ്ങൾക്കു വേണ്ടി പോസ്റ്ററുകളെഴുതൂ, ദയവായി ഞങ്ങൾക്കൊപ്പം ചേരൂ.

ഇന്ത്യൻ ഫുട്ബോളിലെ നിർണായകമായ സമയമാണ് ഇത്. ഇന്ത്യൻ ഫുട്ബോളിനു നിങ്ങളെയാണ് ആവശ്യം. അതുകൊണ്ടു നിങ്ങളുടെ പിന്തുണ ഞാൻ അഭ്യർഥിക്കുന്നു– വരൂ, ഞങ്ങളെ പിന്തുണയ്ക്കൂ, മുംബൈയിലും ഞങ്ങൾ കളിക്കുന്ന എല്ലായിടത്തും, ജയ്ഹിന്ദ്.’

പിന്തുണയുമായി കോഹ്‌ലി

ഛേത്രിയുടെ വികാരനിർഭരമായ അപേക്ഷയ്ക്കു പൂർണ പിന്തുണയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ആരാധകരോടു സ്റ്റേഡിയത്തിൽ എത്തി കളി കാണാൻ കോഹ്‌ലി ആഹ്വാനം ചെയ്തു. ‘എന്റെ സുഹൃത്തും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനുമായ ഛേത്രിയുടെ വിഡിയോ കണ്ടു. എല്ലാവരോടും സ്റ്റേഡിയത്തിലെത്തി ഇന്ത്യയുടെ കളി കാണാൻ ഞാൻ അഭ്യർഥിക്കുന്നു’, കോഹ്‌ലി പറഞ്ഞു. നമ്മുടെ സ്പോർട്സ് സംസ്കാരത്തിനുതന്നെ മുതൽക്കൂട്ടാകും ഇത്. കായികമേഖലയ്ക്കു പ്രാധാന്യം നൽകുന്ന രാജ്യം എന്ന നിലയിലേക്കുയരാൻ എല്ലാ മൽസരങ്ങളെയും ഒരുപോലെ സമീപിക്കാൻ നമുക്കാകണം, കോഹ്‌ലി കൂട്ടിച്ചേർത്തു.