നൂറാം മൽസരത്തിൽ ഛേത്രിക്ക് ഇരട്ടഗോൾ; ഇന്ത്യ കെനിയയെ വീഴ്ത്തി (3–0)‌

നൂറാം മൽസരത്തിൽ ഇരട്ടഗോളുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച സുനിൽ ഛേത്രി. (ട്വിറ്റർ ചിത്രം)

മുംബൈ∙ ദേശീയ ജഴ്സിയിലെ നൂറാം മൽസരത്തിന് ഇരട്ട ഗോളിന്റെ ചന്തം ചാർത്തിയ സൂപ്പർതാരം സുനിൽ ഛേത്രിയുടെ മികവിൽ ഇന്റർ കോണ്ടിനെന്റൽ കപ്പിലെ രണ്ടാം മൽസരത്തിലും ഇന്ത്യയ്ക്ക് വിജയമധുരം. ആഫ്രിക്കൻ കരുത്തുമായെത്തിയ കെനിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ മൂന്നു ഗോളുകളും.

68–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ. മൂന്നു മിനിറ്റിനുശേഷം ജെജെ ലാൽപെഖൂലെ ലീ‍ഡ് വർധിപ്പിച്ചു. ഒടുവിൽ ഇൻജുറി ടൈമിൽ ഉജ്വലമായൊരു ഗോളിലൂടെ ഛേത്രി ലീഡ് മൂന്നാക്കി ഉയർത്തി. ആദ്യ മൽസരത്തിൽ ചൈനീസ് തായ്പെയിയെ ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ആദ്യ മൽസരത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച കെനിയയ്ക്ക് ടൂർണമെന്റിലെ ആദ്യ തോൽവിയാണിത്.

സ്റ്റേഡിയത്തിൽ വന്ന് ടീമിനെ പ്രോത്സാഹിപ്പിക്കാനുള്ള ഛേത്രിയുടെ ആഹ്വാനം ഹൃദയത്തിലേറ്റെടുത്ത് ഗാലറി നിറച്ചെത്തിയ ആരാധകരെ നിരാശപ്പെടുത്താത്ത പ്രകടനമായിരുന്നു ടീമിന്റേത്. പെരുമഴയത്തായിരുന്നു മൽസരത്തിന്റെ തുടക്കം. ആദ്യപകുതിയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ കരുത്തു തെളിയിച്ചു. മുന്നിൽനിന്ന് നയിച്ച ഛേത്രിയുടെ പ്രകടനമായിരുന്നു മൽസരത്തിന്റെ ഹൈലൈറ്റ്.

ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ മൂന്നു ഗോളുകളും. സുനിൽ ഛേത്രിയെ ബോക്സിനുള്ളിൽ കെനിയൻ പ്രതിരോധതാരം കിബ്‌വാഗെ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിൽനിന്നായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. കിക്കെടുത്ത ഛേത്രി യാതൊരു പിഴവും കൂടാതെ പന്ത് വലയിലാക്കി. 100–ാം മൽസരത്തിൽ ഛേത്രിക്ക് 60–ാം രാജ്യാന്തര ഗോൾ.

പെനൽറ്റിയുടെയും ആദ്യ ഗോളിന്റെയും അമ്പരപ്പ് വിട്ടുമാറാതെ കളിച്ച കെനിയയെ പ്രതിരോധത്തിലാക്കി മൂന്നാം മിനിറ്റിൽ ഇന്ത്യ ലീഡുയർത്തി. ഇക്കുറി ജെജെ ലാൽപെഖൂലെയുടെ ഊഴമായിരുന്നു. നർസാരിയുടെ ഷോട്ട് കെനിയൽ താരത്തിന്റെ ദേഹത്തു തട്ടി ജെജെയ്ക്കു മുന്നിലേക്ക്. ജെജെയുടെ പിഴവറ്റ ഷോട്ട് കെനിയയുടെ വലയനക്കി. സ്കോർ 2–0.

രണ്ടു ഗോൾ വിജയവുമായി ഇന്ത്യ തിരിച്ചുകയറുമെന്ന് ഉറപ്പിച്ചിരിക്കെ ഇൻജുറി ടൈമിൽ ഛേത്രിയുടെ ബൂട്ടുകൾ വീണ്ടു ശബ്ദിച്ചു. മികച്ചൊരു കൗണ്ടർ അറ്റാക്കിനൊടുവിൽ ബൽവന്ത് സിങ്ങിൽനിന്ന് പന്ത് ഛേത്രിയിലേക്ക്. കെനിയൻ ഗോൾകീപ്പറിനെ നിസഹായനാക്കി ഛേത്രി ചിപ് ചെയ്ത പന്ത് വലയിലേക്ക്. സ്കോർ 3–0.