Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീരോടെ വിളിച്ചു, ആരാധകർ വന്നു; വിരുന്നൂട്ടി ഛേത്രി!

chhetri-messi സുനിൽ ഛേത്രി, ലയണൽ മെസ്സി

മുംബൈ ∙ ക്ഷണിച്ചു വരുത്തിയിട്ട് ഊണില്ലെന്ന് പറയുന്ന സ്വഭാവം സുനിൽ ഛേത്രിക്കില്ല. സ്റ്റേഡിയത്തിലേക്കു വിളിച്ചു വരുത്തിയ ആരാധകരെ ചേത്രി ഗോളുകൾകൊണ്ട് വിരുന്നൂട്ടി! നിറഞ്ഞ ഗാലറിക്കു മുന്നിൽ നൂറാം രാജ്യാന്തര മൽസരം കളിച്ച ഛേത്രി ഇരട്ട ഗോളുകളുമായി ടീം ഇന്ത്യയെ മുന്നിൽനിന്ന് നയിച്ചു. മിസോറമിൽനിന്നുള്ള ജെജെ ലാൽപെഖുലെയുടെ ഗോൾ കൂടിയായതോടെ കെനിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മൂന്നു ഗോൾ വിജയം.

ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം ജയം. ആദ്യ മൽസരത്തിൽ ഹാട്രിക് നേടിയ ഛേത്രിക്ക്, ഇക്കുറി ഇരട്ടഗോൾ മധുരം. ഇതോടെ, 100 മൽസരങ്ങളിൽ ഛേത്രി ഇന്ത്യയ്ക്കു വേണ്ടി നേടിയത് 61 ഗോളുകൾ. മൂന്നു ഹാട്രിക്കുകൾ. ഇന്ത്യൻ മണ്ണിനു പുറമെ 22 രാജ്യങ്ങളിൽ ഛേത്രി ഇന്ത്യയ്ക്കു വേണ്ടി കളിച്ചു.

സാക്ഷാൽ ലയണൽ മെസ്സിയുടെ രാജ്യാന്തര ഗോൾ നേട്ടത്തിന് മൂന്നു ഗോൾ മാത്രം അകലെയാണ് ഇപ്പോൾ ഛേത്രി. 124 മൽസരങ്ങളിൽനിന്നാണ് മെസ്സി അർജന്റീനയ്ക്കായി 64 ഗോള്‍ നേടിയത്. 149 മൽസരങ്ങളിൽനിന്ന് 81 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ അതുക്കും മേലെയുണ്ട്. അടുത്ത മൽസരത്തിൽ ന്യൂസീലൻഡിനെ നേരിടുമ്പോൾ മിന്നും ഹാട്രിക്കിലൂടെ മെസ്സിക്കൊപ്പമെത്തുമോ, ഛേത്രി? ആരാധകർ കാത്തിരിക്കുകയാണ്.

2500ൽ നിന്ന് 20,000ലേക്ക്

ഇന്റർ കോണ്ടിനെന്റൽ കപ്പിലെ ആദ്യ മൽസരത്തിൽ ചൈനീസ് തായ്പെയിയെ നേരിടുമ്പോൾ മുംബൈ സ്പോർട്സ് അരീനയിലെ ശുഷ്കിച്ച ഗാലറി കണ്ടാണ് ഛേത്രി കളി കാണാൻ സ്റ്റേഡിയത്തിലേക്കു വരാൻ ഹൃദയം നുറുങ്ങി ആരാധകരോട് ആവശ്യപ്പെട്ടത്. ഛേത്രിക്ക് ഉറച്ച പിന്തുണയുമായി സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്‍ലി തുടങ്ങിയവർ രംഗത്തെത്തിയതോടെ കളി മാറി.

chhetri-sandhu സുനിൽ ഛേത്രി കെനിയയ്ക്കെതിരായ മൽസരത്തിനു മുൻപ്. (ട്വിറ്റർ ചിത്രം)

തകർത്തുപെയ്ത മഴപോലും വകവയ്ക്കാതെയാണ് മുംബൈ ഫുട്ബോൾ അരീനയിലേക്ക് ആരാധകർ ഒഴുകിയെത്തിയത്. 20,000 കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം സൂചി കുത്താൻ ഇടയില്ലാത്തവിധം തിങ്ങിനിറഞ്ഞു. ഇന്ത്യൻ പതാകകളും 100–ാം മൽസരത്തിനിറങ്ങിയ ഛേത്രിയുടെ പ്ലക്കാർഡുകളുമേന്തിയാണ് ആരാധകർ എത്തിയത്. സ്റ്റേഡിയത്തിൽ ആകെമൊത്തം ഒരു ക്രിക്കറ്റ് മൽസരത്തിന്റെ ഫീൽ. തകർത്തു പെയ്ത മഴയിലും സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടത് ഇന്ത്യയ്ക്കും ഛേത്രിക്കുമായുള്ള ആർപ്പുവിളികൾ മാത്രം!

ഇരട്ടച്ചങ്കൻ ഛേത്രി

ഛേത്രിയുടെ ആഹ്വാനത്തെ ഹൃദയത്തിലെടുത്ത് സ്റ്റേഡിയത്തിലെത്തിയ ആരാധകർക്ക് മഴ പെയ്തു കുതിർന്ന മൈതാനത്ത് മനസ്സും നിറഞ്ഞു. കളിയുടെ തുടക്കത്തിൽ കെനിയ ആക്രമിച്ചു കളിച്ചെങ്കിലും ഇന്ത്യ പിടിച്ചു നിന്നു. പതിയെ കളി പിടിച്ചെടുത്ത ഇന്ത്യ ആസൂത്രിത മുന്നേറ്റങ്ങളിലൂടെ കെനിയൻ ഗോൾകീപ്പറെ പരീക്ഷിച്ചു തുടങ്ങി. കെനിയയുടെ ലോങ്ബോൾ തന്ത്രത്തെ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധം സമർഥമായി ചെറുത്തതായിരുന്നു ആദ്യ പകുതിയിലെ ചിത്രം. വലതു വിങിലൂടെ ഉദാന്ത സിങും അനിരുദ്ധ് ഥാപ്പയും ചേർന്നുള്ള മുന്നേറ്റങ്ങളിലൂടെ ഇന്ത്യയും സൂചന നൽകി.

chhetri-happy ഗോൾനേട്ടം ആഘോഷിക്കുന്ന ഛേത്രി. (ട്വിറ്റർ ചിത്രം)

രണ്ടാം പകുതിയിൽ ജെജെയും ഛേത്രിയും ഹാൽദറും ആക്രമിച്ചു കയറിയതോടെ കളി ഇന്ത്യയ്ക്കു സ്വന്തം. 68–ാം മിനിറ്റിൽ ഇന്ത്യയുടെ അധ്വാനത്തിനു പ്രതിഫലം. ഛേത്രിയെ കെനിയൻ താരം പിന്നിൽ നിന്നു തള്ളി വീഴ്ത്തിയതിനു ഇന്ത്യയ്ക്കു പെനൽറ്റി. കിക്കെടുത്ത ഛേത്രി തന്റെ നൂറാം മൽസരത്തിൽ ലക്ഷ്യം കണ്ടു.

ഗോൾ നേടിയതോടെ ഇന്ത്യ ആവേശത്തിലായി. മൂന്നു മിനിറ്റിനകം ജെജെയും ലക്ഷ്യം കണ്ടു. സുന്ദരമായ ഹാഫ് വോളിയിൽ ഇന്ത്യ 2–0നു മുന്നിൽ. എന്നാൽ ആരാധകരുടെ മനസ്സു നിറഞ്ഞ നിമിഷം ഇൻജുറി ടൈമിൽ. കെനിയൻ ഡിഫൻഡർമാർക്കൊപ്പം പന്തുമായി ഓടിയ ഛേത്രി മുന്നോട്ടു കയറി വന്ന ഗോൾകീപ്പറുടെ തലയ്ക്കു മുകളിലൂടെ പന്തു കോരിയിട്ടു. ആരാധകർക്ക് ഛേത്രിയുടെ ഗോൾ നന്ദി!

ഹൃദയം നുറുങ്ങി ഛേത്രി!

ഇന്ത്യയുടെ മൽസരം സ്റ്റേഡിയത്തിൽ എത്തി കാണണമെന്ന് ഇന്ത്യയിലെ ഫുട്ബോൾ ആരാധകരോടു ഛേത്രി ട്വിറ്റർ വിഡിയോയിലൂടെ  അപേക്ഷിച്ചിരുന്നു. ഫുട്ബോളിന് ഇന്ത്യയിലുള്ള ആരാധകവൃന്ദത്തെ തിരിച്ചറിഞ്ഞ യൂറോപ്യൻ ക്ലബുകൾ ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുമ്പോഴും ഇന്ത്യൻ ഫുട്ബോളിനോടു മുഖം തിരിക്കുന്ന ആരാധകരുടെ സമീപനമാണു ഛേത്രിയെ ഈ ഗതികേടിൽകൊണ്ടെത്തിച്ചത്. 

chhetri-thanks ഛേത്രി മൽസരശേഷം. (ട്വിറ്റർ ചിത്രം)

ക്രിക്കറ്റ് ഭ്രമത്തിനു പേരുകേട്ട ഇന്ത്യയിൽ ഫുട്ബോളിന്റെ സ്ഥാനം പിന്നിലാണ്. എങ്കിലും, ഫുട്ബോൾ മൽസരങ്ങൾ കാണുന്ന കാര്യത്തിലും ഇന്ത്യൻ ആരാധകർ പിന്നിലല്ല എന്നു വീണ്ടും  തെളിഞ്ഞിരിക്കുകയാണ് ഇന്നത്തെ മൽസരത്തിലൂടെ. 2014ലെ ലോകകപ്പ് മൽസരങ്ങൾ ഇന്ത്യയിലെ എട്ടരക്കോടി ആളുകൾ കണ്ടു എന്നാണു കണക്കുകൾ.

ഫിഫയുടെ കണക്കുകൾ പ്രകാരം റഷ്യൻ ലോകകപ്പിനുള്ള ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയിട്ടുള്ള പത്തു രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിനും സ്പാനിഷ് ലാ ലീഗയ്ക്കുമുള്ള ഇന്ത്യൻ ആരാധകരുടെ പിന്തുണയുടെ ചുവടുപിടിച്ചു പല ക്ലബുകളും ഇന്ത്യയിൽ ലോക്കൽ അക്കാദമികളും സ്ഥാപിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് മാത്രം ഇന്ത്യയിൽ മൂന്നര കോടി ആരാധകർ ഉണ്ടെന്നാണു കണക്ക്.

ഛേത്രിയുടെ വാക്കുകളിൽനിന്ന്

‘കളി കാണാൻ എത്താത്ത എല്ലാവരോടും ഞാൻ അപേക്ഷിക്കുകയാണ്. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരോടുമായാണിത്... ദയവായി വരൂ, രണ്ടു കാരണങ്ങൾകൊണ്ടു ഞങ്ങളുടെ കളി കാണുക. ലോകത്തെ ഏറ്റവും മികച്ച കളിയാണു ഫുട്ബോൾ എന്നതാണ് ഒന്നാമത്തെ കാരണം. ഞങ്ങൾ കളിക്കുന്നത് ഇന്ത്യയ്ക്കുവേണ്ടിയാണ് എന്നുള്ളതു രണ്ടാമത്തേതും. ഒരുകാര്യം ഞങ്ങൾ ഉറപ്പുതരുന്നു; ഒരിക്കൽ ഞങ്ങളുടെ കളി കണ്ടാൽ പഴയ ആളായി ആയിരിക്കില്ല വീട്ടിലേക്കു നിങ്ങൾ തിരിച്ചുപോകുന്നത്.

chhetri-leader ഛേത്രിയെ പിന്തുണയ്ക്കുന്ന പ്ലക്കാർഡുമായി ഗാലറിയിലെത്തിയവർ. (ട്വിറ്റർ ചിത്രം)

യൂറോപ്യൻ ക്ലബ് ഫുട്ബോളുമായി തട്ടിച്ചുനോക്കുമ്പോൾ ഞങ്ങളുടെ നിലവാരം വളരെ താഴെയാണെന്നു പറയുന്ന യൂറോപ്യൻ ക്ലബുകളുടെ ആരാധകർക്കായി, ശരിയാണ്.. ഞങ്ങളുടെ നിലവാരം വളരെ താഴെയാണ്. പക്ഷേ ഞങ്ങളുടെ അഭിലാഷവും ഇച്ഛാശക്തിയും കൊണ്ട് ഞങ്ങൾ ഉറപ്പുതരുന്നു, നിങ്ങളുടെ സമയം നഷ്ടമാകില്ല.

പ്രതീക്ഷ നശിച്ച എല്ലാവരോടുമായി – ദയവായി സ്റ്റേഡിയത്തിലേക്കു വന്നു ഞങ്ങളുടെ കളി കാണുക. ദയവായി സ്റ്റേഡിയത്തിലേക്കു വരൂ. നിങ്ങൾക്കറിയില്ല നിങ്ങളുടെ പിന്തുണ എത്രമാത്രം വിലമതിക്കുന്നു എന്ന്. ഞങ്ങൾക്കായി ആർപ്പുവിളിക്കൂ, ഞങ്ങളുടെ കളി കാണൂ, ഞങ്ങളെ ചീത്തവിളിക്കൂ, വിമർശിക്കൂ, കളിയെക്കുറിച്ചു സംസാരിക്കൂ, വീട്ടിലെത്തിയശേഷം ചർച്ചകൾ നടത്തൂ, ഞങ്ങൾക്കു വേണ്ടി പോസ്റ്ററുകളെഴുതൂ, ദയവായി ഞങ്ങൾക്കൊപ്പം ചേരൂ. 

butia-chhetri-vijayan നൂറാം മൽസരത്തിനിറങ്ങുന്ന ഛേത്രിക്ക് മെമെന്റോ സമ്മാനിക്കുന്ന ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയയും ഐ.എം. വിജയനും. (ട്വിറ്റർ ചിത്രം)

ഇന്ത്യൻ ഫുട്ബോളിലെ നിർണായകമായ സമയമാണ് ഇത്. ഇന്ത്യൻ ഫുട്ബോളിനു നിങ്ങളെയാണ് ആവശ്യം. അതുകൊണ്ടു നിങ്ങളുടെ പിന്തുണ ഞാൻ അഭ്യർഥിക്കുന്നു– വരൂ, ഞങ്ങളെ പിന്തുണയ്ക്കൂ, മുംബൈയിലും ഞങ്ങൾ കളിക്കുന്ന എല്ലായിടത്തും, ജയ്ഹിന്ദ്.’

chhetri-goal-1 ഗോൾ നേടിയ ഛേത്രിക്ക് സഹതാരങ്ങളുടെ അഭിനന്ദനം. (ട്വിറ്റർ ചിത്രം)
butia-vijayan-2 ഛേത്രിയുടെ പേരെഴുതിയ ജഴ്സിയണിഞ്ഞ് ബൂട്ടിയയും വിജയനും. (ട്വിറ്റർ ചിത്രം)
chhetri-after-match ഛേത്രിയും സംഘവും മൽസരത്തിനിടെ. (ട്വിറ്റർ ചിത്രം)
chhetri-respect നൂറാം രാജ്യാന്തര മൽസരത്തിനിറങ്ങുന്ന ഛേത്രിക്ക് സഹതാരങ്ങളുടെ ആദരം. (ട്വിറ്റർ ചിത്രം)
chhetri-vs-kenya ഛേത്രി മൽസരത്തിനിടെ. (ട്വിറ്റർ ചിത്രം)
sunil-chhetri-1 ആരാധകർക്ക് ഛേത്രിയുടെ അഭിവാദ്യം. (ട്വിറ്റർ ചിത്രം)
butia-vijayan-praful ബൂട്ടിയയും വിജയനും ഗാലറിയിൽ. (ട്വിറ്റർ ചിത്രം)
butia-praful-abhishek-vijayan ബൂട്ടിയ, പ്രഫുൽ പട്ടേൽ, അഭിഷേക് ബച്ചൻ, ഐ.എം. വിജയൻ എന്നിവർ. (ട്വിറ്റർ ചിത്രം)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.