Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറിന്റെ (ഗോളിന്റെ) നിറവിൽ; സുനിൽ ഛേത്രിയെക്കുറിച്ച്

പ്രതീഷ് ജി.നായർ
chhetri-sandhu

ജീവശ്വാസം നിറച്ച കാൽപ്പന്തിനു പിന്നാലെ ഇന്ന് ഇന്ത്യൻ മനസ്സ് സഞ്ചരിക്കുന്നതിൽ പ്രധാന കാരണം നീലക്കുപ്പായത്തിലെ ആ മനുഷ്യനാണ്. ക്യാപ്റ്റന്റെ ആം ബാൻഡ് കെട്ടിയ അഞ്ചടി ഏഴിഞ്ചുകാരനെ കാട്ടി ഇന്ത്യൻ ജനത പറയുന്നു ലോക താരങ്ങളോടു താരതമ്യപ്പെടുത്താൻ ഒരു താരം ഇവിടെയുമുണ്ട്. ലോക ഫുട്ബോളിൽ ഇന്നു കളിക്കുന്ന താരങ്ങളിലെ ഗോൾ സ്കോറർമാരിൽ മൂന്നാമൻ. നൂറിന്റെ നിറവിലെത്തി നിൽക്കുന്ന ഇന്ത്യയുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ – സുനിൽ ഛേത്രി.

ഗോൾ വേട്ടയിൽ ഛേത്രിക്കു മുന്നിൽ ഇപ്പോൾ കളിക്കുന്നവരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും മാത്രം. ഗോളടിച്ചു കൊണ്ടേയിരിക്കുക ഛേത്രിയുടെ ശീലമായിപ്പോയി. 100 മൽസരങ്ങളിൽ നിന്ന് 61 ഗോൾ. മെസി നേടിയിട്ടുള്ള രാജ്യാന്തര ഗോൾ 64!! പ്രകടനങ്ങളുടെ താരതമ്യം അവിടെ നിൽക്കട്ടെ. നമുക്ക് ഒരു ലോകതാരമുണ്ടെന്നു ചൂണ്ടിക്കാട്ടാൻ ഛേത്രിയുണ്ടല്ലോ എന്നഭിമാനിക്കാം. 

നൂറിലും ഗോളടി

മുംബൈ ആതിഥ്യം വഹിക്കുന്ന ഇന്റർകോണ്ടിനെന്റൽ ഫുട്ബോൾ കപ്പ് ഛേത്രിയുടെ ജീവിതത്തിലെ നിർണായക ടൂർണമെന്റായി മാറുകയായിരുന്നു. ആദ്യ മൽസരം ചൈനീസ് തായ്പേയിയുമായി. ഹാട്രിക് അടിച്ചു ഛേത്രി ഇന്ത്യൻ വിജയം ആഘോഷമാക്കി. രണ്ടാം മൽസരം കെനിയക്കെതിരെ ഇരട്ട ഗോളുകളുമായി ഛേത്രി കളിക്കളം വാണു. ഛേത്രിയുടെ നൂറാം രാജ്യാന്തര മൽസരം കൂടിയായിരുന്നു കെനിയക്കെതിരെ മുംബൈയിൽ നടന്നത്.

കഴിഞ്ഞ വർഷം ഇന്ത്യയ്ക്കായി അഞ്ചു ഗോളുകൾ നേടിയിരുന്ന ഛേത്രി ഇക്കൊല്ലം ഇതുവരെ മാത്രം അഞ്ചു ഗോളുകൾ സ്വന്തം പേരിലാക്കി. ലോകകപ്പിൽ മെസി ഗോളടിച്ചു കൂട്ടാതിരുന്നാൽ ഇന്റർകോണ്ടിനെന്റൽ കപ്പും അടുത്തു വരുന്ന ഏഷ്യൻ കപ്പിൽ നിന്നുമായി ഛേത്രിക്കു മെസിയെ മറികടക്കാം. !!!

കുടുംബ ഫുട്ബോൾ 

നേപ്പാളി വംശജരാണു ഛേത്രിയുടെ മാതാപിതാക്കൾ. അച്ഛൻ കെ.ബി. ഛേത്രി ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനും അർമി ഫുട്ബോൾ ടീം അംഗവുമായിരുന്നു. ഇരട്ട സഹോദരിമാർ നേപ്പാൾ ഫുട്ബോൾ ടീമിൽ കളിച്ചിട്ടുണ്ട്. കുടുംബത്തിൽ  നിന്നു തന്നെ ഫുട്ബോൾ സിരകളിൽ പകർന്നു കിട്ടിയ ഛേത്രിയിലെ ഫുട്ബോൾ മികവു തിരിച്ചറിഞ്ഞു പ്രഫഷനൽ ലോകത്തേക്കു കൈപിടിച്ചുയർത്തിയതു കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനാണ്.

െജസിടി, ഡെംപോ, ഇസ്റ്റ്ബംഗാൾ, ചിരാഗ് യുണൈറ്റഡ് തുടങ്ങിയ ടീമുകളിലും ബൂട്ട് കെട്ടിയ ഛേത്രി ഇന്ത്യൻ ഫുട്ബോളിലെ വണ്ടർ ടീമായ െബംഗളൂരു എഫ്സിയുടെ ഭാഗമാണിപ്പോൾ. ഈ സീസൺ ഒഴികെ രൂപീകരണത്തിനു ശേഷമുള്ള എല്ലാ സീസണുകളിലും ബെംഗളൂരുവിന്റെ ടോപ് സ്കോററും ഛേത്രിയായിരുന്നു. മൽസരിക്കുന്നിടത്തെല്ലാം സ്വന്തം കയ്യൊപ്പു കുറിക്കുന്ന ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ഹാട്രിക് നേടിയ ആദ്യഇന്ത്യൻ താരവുമാണ്. 

കളിക്കളത്തിൽ ഛേത്രി 

സാങ്കേതിക പരിചയത്തിൽ ഛേത്രി വളരെ മുൻപിലാണ്. അറ്റാക്കിങ്ങിൽ ഇത്രയും മികവു കാണിക്കുന്ന താരങ്ങൾ വിരളം. അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബായ കാൻസസ് സിറ്റി പരിശീലകൻ പീറ്റർ വെർമസിന്റെ വാക്കുകളാണിത്.

മേജർ സോക്കർ ലീഗിൽ അവസരം കിട്ടുന്ന മൂന്നാമത്തെ സൗത്ത് ഏഷ്യക്കാരനായാണു 2010ൽ ഛേത്രി മാറിയത്. 2012ൽ പോർച്ചുഗലിലെ സ്പോർട്ടിങ് ക്ലബ് ഡി പോർച്ചുഗൽ ബി ടീമിലും ഛേത്രി ഇടം പിടിച്ചു. ആവശ്യത്തിന് അവസരങ്ങൾ ഉണ്ടാകാത്തതിനെത്തുടർന്നു ഛേത്രി ഇന്ത്യയിലേക്കു തന്നെ മടങ്ങി. 

ഇന്ത്യയുടെ മുന്നേറ്റം

ഇന്ത്യൻ ഫുട്ബോളിന്റെ മുന്നേറ്റത്തിന്റെ മുഖമാണു ഛേത്രി. 2011 സാഫ് ചാംപ്യൻഷിപ്പ്, 2007, 09, 12 വർഷങ്ങളിലെ നെഹ്റു കപ്പ്, 2008ലെ എഎഫ്സി ചാലഞ്ച് കപ്പ് എന്നിവ നേടിയെടുക്കുന്നതിൽ ഛേത്രി ഏറെ പങ്കു വഹിച്ചു. ബൈചുങ് ബൂട്ടിയക്കൊപ്പം ഇന്ത്യൻ മുന്നേറ്റത്തിന്റെ ചുമതല വഹിച്ചിരുന്ന ഛേത്രി ബൂട്ടിയ വിരമിച്ചതോടെ ഏതാണ്ട് ഒറ്റയ്ക്ക് ആ ചുമതല ഏറ്റുവാങ്ങി.

ടീമിനെ മുന്നോട്ടു നയിക്കുന്നതിലുള്ള അസാമാന്യ കഴിവ് മികച്ച ക്യാപ്റ്റനെന്നുള്ള പേരും നൽകി. ബെംഗളൂരു എഫ്സി ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിലും മികവു തുടരുന്ന ഛേത്രി എഎഫ്സി കപ്പ് ഫൈനൽ വരെ ടീമിനെ എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.