Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റ്യാനോ റയൽ മഡ്രിഡ് വിട്ടു; 805 കോടി രൂപയ്ക്ക് യുവെന്റസിലേക്ക്

Christiano-Ronaldo-3 ചാംപ്യൻസ് ലീഗിൽ യുവെന്റസിനെതിരെ ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ കാണികളെ അഭിവാദ്യം ചെയ്യുന്നു.

മഡ്രി‍ഡ‍്∙ യുവേഫ ചാംപ്യൻസ് ലീഗ് മൽസരത്തിലെ ബൈസിക്കിൾ കിക്കിനു വേദിയായ യുവെന്റ്സ് അരീനയുടെ അധിപനാകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലെ ടൂറിനിലേക്ക്. 2009 മുതൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ സൂപ്പർ താരമായിരുന്ന ക്രിസ്റ്റ്യാനോയെ പത്തു കോടി യൂറോ (ഏകദേശം 805 കോടി രൂപ) മുടക്കി ഇറ്റാലിയൻ ക്ലബ് യുവെന്റ്സ് സ്വന്തമാക്കി. ഏകദേശം 242 കോടി രൂപ വാർഷിക ശമ്പളത്തിൽ നാലു വർഷത്തേക്കാണു കരാറെന്നു സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴു സീസണുകളിലായി യുവെന്റസാണ് ഇറ്റാലിയൻ സീരി എ ചാംപ്യൻമാർ.

കഴിഞ്ഞ സീസണിൽ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മൽസരത്തിൽ യുവെന്റസിനെതിരെ അവരുടെ മൈതാനത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ ബൈസിക്കിൾ കിക്ക്. ഈ മൽസരത്തിൽ റയൽ 3–0നു ജയിച്ചു. ഇപ്പോൾ അതേ മൈതാനത്തേക്കാണ് മുപ്പത്തിമൂന്നുകാരൻ ക്രിസ്റ്റ്യാനോ എത്തുന്നത്. 

പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് സിപിയിൽനിന്ന് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെയാണു ക്രിസ്റ്റ്യാനോയ്ക്കു സൂപ്പർതാര പരിവേഷം ലഭിച്ചത്. യുണൈറ്റഡ് കോച്ച് സർ അലക്സ് ഫെർഗൂസന്റെ കീഴിൽ ആറു വർഷം ഇംഗ്ലണ്ടിൽ തുടർന്ന ക്രിസ്റ്റ്യാനോ 2009ൽ  അന്നത്തെ റെക്കോർഡ് തുകയായ എട്ടു കോടി പൗണ്ടിനാണ് (ഏകദേശം 728 കോടി രൂപ) സ്പാനിഷ് ക്ലബ് റയലിൽ ചേർന്നത്. റയലിനൊപ്പം നാലുതവണ ചാംപ്യൻസ് ലീഗ്, രണ്ടു തവണ ലാ ലിഗ, സ്പാനിഷ് കപ്പ്, മൂന്നു തവണ ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളിൽ പങ്കാളിയായി. റയലിനുവേണ്ടി 451 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ക്ലബ്ബിന്റെ ടോപ് സ്കോററുമാണ്. പോർച്ചുഗൽ ദേശീയ ടീം ക്യാപ്റ്റനായ റൊണാൾഡോ 2016ലെ യൂറോ കപ്പ് കിരീടനേട്ടത്തിലേക്കു ടീമിനെ നയിച്ചു. ഇത്തവണത്തെ ലോകകപ്പിൽ പോർച്ചുഗൽ പ്രീക്വാർട്ടറിൽ യുറഗ്വായോടു പരാജയപ്പെട്ടു. അഞ്ചു തവണ ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

റയലിനു വേണ്ടി ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം കാണാനെത്തിയത് 85, 000 ആരാധകരാണ്. തുടർന്ന് പിന്നിട്ട ഒൻപതു സീസണുകളിൽ എട്ടെണ്ണത്തിലും നാൽപതിലധികം ഗോളുകൾ വീതം നേടി ക്രിസ്റ്റ്യാനോ ക്ലബിന്റെ വീരനായകനായി. 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റയൽ ചാംപ്യൻസ് ലീഗ് കിരീടം 2014ൽ നേടിയതും ക്രിസ്റ്റ്യാനോയുടെ മികവിന്റെ കരുത്തിലാണ്. തുടർന്ന് മൂന്നുതവണ കൂടി ക്ലബ് യൂറോപ്പിന്റെ ചാംപ്യൻമാരായതിലും സൂപ്പർതാരത്തിന്റെ പ്രതിഭയാണ് നിർണായകമായത്.  ഇക്കഴിഞ്ഞ ചാംപ്യൻസ് ലീഗ് ഫൈനലി‍ൽ റയൽ വിജയികളായതിനു പിന്നാലെ ക്ലബ് വിട്ടേക്കുമെന്നു സൂചിപ്പിച്ച ക്രിസ്റ്റ്യാനോ പിന്നീട് ഇതു തിരുത്തിയിരുന്നു. എന്നാൽ, കുറേ ആഴ്ചകളായി ക്ലബ് മാറ്റത്തെക്കുറിച്ച്  ഊഹാപോഹങ്ങൾ ശക്തമായിരുന്നു.  

ക്രിസ്റ്റ്യാനോയുടെ വിടവാങ്ങലോടെ റയൽ മഡ്രിഡിന്റെ സുവർണ കാലഘട്ടത്തിലെ ഒരു അധ്യായത്തിനാണു തിരശ്ശീല വീഴുന്നത്. ഒരു പതിറ്റാണ്ടായി റയൽ മ‍ഡ്രിഡ് – ബാർസിലോന പോരാട്ടത്തെക്കാൾ ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നത് ഇരു ടീമുകളുടെയും പ്രധാന താരങ്ങളായ ക്രിസ്റ്റ്യാനോയുടെയും ലയണൽ മെസ്സിയുടെയും കൊമ്പുകോർക്കലുകളായിരുന്നു. ഇനി ഇവർ തമ്മിൽ പൊരുതുന്നതു യൂറോപ്യൻ ക്ലബ് ടൂർണമെന്റുകളുടെ പൊതുവേദിയിൽ മാത്രമാകും. 

അതേസമയം, പകരക്കാരനായി റയലിലേക്ക് ആരെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറുടെയും കിലിയൻ എംബപെയുടെയും പേരുകൾ ഇപ്പോൾ സജീവമാണ്.