Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർസയും യുണൈറ്റഡും കൊച്ചിയിലെത്തുമോ? വൻ അവസരങ്ങൾ തുറന്ന് ലാ ലിഗ പ്രീ–സീസൺ ടൂർണമെന്റ്

Luke-in-Training മെൽബൺ സിറ്റി എഫ്സി താരങ്ങൾ പരിശീലനത്തിൽ (ഫയൽചിത്രം)

കൊച്ചി∙ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനുശേഷം ഇന്ത്യയിലേക്കു വരുന്ന വലിയൊരു ഫുട്ബോൾ മാമാങ്കം– അതാണു ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീ–സീസൺ ടൂർണമെന്റ്. വിദേശ കളിക്കാർ ഉൾപ്പെടുന്ന ഐഎസ്എൽ, ഐ ലീഗ് ടീമുകളുടെ കളി കാണുന്നതിന് അപ്പുറം യഥാർഥ വിദേശ ടീമുകളുടെ കളി കാണാനുള്ള അവസരമാണു കേരളത്തിലെ കാണികൾക്ക് ഒരുങ്ങുന്നത്. സ്പെയിനിലെ ജിറോണ എഫ്സി കലൂർ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ മണ്ണിൽ അത് ആദ്യത്തെ ലാ ലിഗ ക്ലബ്ബിന്റെ ചുവടുകളാകും. മെൽബൺ സിറ്റി എഫ്സിയും മോശക്കാരല്ല. ഈ ടൂർണമെന്റ് ഇന്ത്യയ്ക്കു തുറന്നുതരുന്ന അവസരങ്ങൾ പലതാണ്.

∙കൂടുതൽ വിദേശ ക്ലബ്ബുകൾ ഇന്ത്യയിലേക്കു വരും. കൊച്ചിയിൽ ലാ ലിഗ പ്രീ–സീസൺ അരങ്ങേറുന്ന ദിവസങ്ങളിൽത്തന്നെയാണു സിംഗപ്പൂരിൽ ആർസനലും അത്‌ലറ്റിക്കോ മഡ്രിഡും തമ്മിലുള്ള മൽസരത്തിനു വേദിയാകുന്നത് എന്നകാര്യം ശ്രദ്ധേയം. ഭാവിയിൽ ബാർസിലോനയോ മാഞ്ചസ്റ്റർ യുണൈറ്റഡോ കൊച്ചിയിൽ കളിച്ചേക്കാം.

∙കേരളത്തിൽ യൂറോപ്യൻ ക്ലബ്ബുകൾക്ക് ഇപ്പോൾത്തന്നെ ആരാധകവൃന്ദമുണ്ട്. ഇവരുമായി ക്ലബ്ബുകൾ നേരിട്ട് ഇടപെടുന്ന സാഹചര്യം ഉണ്ടാകും. ക്ലബ്ബിന്റെ ടീ ഷർട്ടുകൾ മുതൽ സ്കാർഫ് വരെയുള്ള സാധനങ്ങളുടെ നേരിട്ടുള്ള വിപണനം സാധ്യമാകും.

∙കേരളത്തിൽനിന്നുള്ള കാണികൾക്കു യൂറോപ്യൻ ലീഗ് മൽസരങ്ങൾ കാണാൻ ക്ഷണം ലഭിക്കാനും സാധ്യത. 

∙ഇന്ത്യയിലെ മൽസരങ്ങൾക്കു ലോകമെങ്ങും ടിവി ‘ലൈവ്’ സംപ്രേഷണ സാധ്യത. അതോടെ ഇന്ത്യൻ സൂപ്പർ ലീഗിനു വരുമാനം കൂടും. നമ്മുടെ കളിക്കാർക്കുമുണ്ടാകും വരുമാന വർധന. ക്ലബ്ബുകളുടെ വരുമാന വർധന താഴേത്തട്ടിലെ ഫുട്ബോൾ വികസനത്തിന് ഇന്ധനമാകും.  

മഞ്ഞപ്പടയെ ഞങ്ങൾക്കറിയാം: മെൽബൺ സിറ്റി ക്യാപ്റ്റൻ

scott-in-action സ്കോട്ട് ജയ്മീസൺ.

‘‘കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചു ഞങ്ങൾക്കറിയാം. ഐഎസ്എല്ലിനെക്കുറിച്ചും. ടിവിയി‍ൽ കാണാറുണ്ട്. ’’ പറയുന്നത് മെൽബൺ എഫ്സി ക്യാപ്റ്റൻ സ്കോട്ട് ജയ്മീസൺ.

സ്കോട്ട് മനോരമയോട്: ‘‘മഞ്ഞപ്പടയെക്കുറിച്ച് എനിക്കറിയാം. ശബ്ദഘോഷം ഉണ്ടാക്കുന്ന കാണികളാണവർ. ഇംഗ്ലിഷ് ലീഗിലെ പ്രമുഖരിൽ ഒരാളായിരുന്ന ഡേവിഡ് ജയിംസിനെയും അറിയാം.

കഴിഞ്ഞ സീസണിൽ ബെർബറ്റോവ് ഇവിടെ കളിക്കാനെത്തിയതും വലിയ വാർത്തയായിരുന്നു. ഇയാൻ ഹ്യൂമിനെയും എനിക്കറിയാം. പരിശീലന വേദിയായി ഞങ്ങൾക്ക് അനുവദിച്ച പനമ്പിള്ളി നഗർ ഗ്രൗണ്ട് രാജ്യാന്തര നിലവാരത്തിലുള്ളതാണ്. ഇന്ന് അവിടെ ഞങ്ങൾ പരിശീലനത്തിന് ഇറങ്ങും. ’’

∙കൊച്ചിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടോ?

‘‘കനത്ത മഴയിലേക്കാണു ഞങ്ങൾ വന്നിറങ്ങിയത്. ഇന്നലെ വെയിൽവന്നു. വെയിൽ ഞങ്ങൾക്കൊരു പ്രശ്നമല്ല. കടുത്ത ചൂട് ഓസ്ട്രേലിയക്കാർക്കു പുതുമയല്ല. പക്ഷേ ഈ മഴ കടുപ്പം.’’

∙ഓസ്ട്രേലിയ പുറത്തായശേഷം ലോകകകപ്പിൽ ഏതു ടീമിനെ പിന്തുണച്ചു ഓസ്ട്രേലിയക്കാർ?

‘‘ഓസ്ട്രേലിയയിൽ ഒട്ടേറെ ക്രൊയേഷ്യക്കാരുണ്ട്. അവരുടെ ടീം ഫൈനലിലേക്ക് എത്തിയ വഴി ത്രസിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ക്രൊയേഷ്യയെ പിന്തുണച്ചു.’’

ടിക്കറ്റുകൾ ഓൺലൈനായും ഓഫ്‌ലൈനായും

ഓൺലൈൻ ടിക്കറ്റുകൾ www.insider.in വെബ്സൈറ്റിലും പേയ് ടിഎമ്മിലും ലഭ്യമാണ്. ‌തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലായി 14 കേന്ദ്രങ്ങളിൽ ടിക്കറ്റുകൾ നേരിട്ടും ലഭിക്കും. കൊച്ചി: നിപ്പൺ ടയോട്ട ഷോറൂമുകൾ (നെട്ടൂർ, കളമശേരി), മൈ ജി ഷോറൂമുകൾ (പാലാരിവട്ടം, ഇടപ്പള്ളി, ആലുവ, പെന്റ മേനക), ലുലു മാൾ (ഇടപ്പള്ളി), ചായ് കോഫി (കലൂർ), ദ് കുക്കറി റസ്റ്ററന്റ് (പാടിവട്ടം), ബർഗർ ജംക്‌ഷൻ (പനമ്പിള്ളി നഗർ). കോഴിക്കോട്: ത്രി ജി മൊബൈൽ വേൾഡ് ( ഹൈലൈറ്റ് മാൾ), മലപ്പുറം: ത്രി ജി മൊബൈൽ വേൾഡ് (പെരിന്തൽമണ്ണ), തൃശൂർ: നിപ്പൺ ടയോട്ട ഷോറൂം. തിരുവനന്തപുരം: നിപ്പൺ ടയോട്ട ഷോറൂം (ഇഞ്ചയ്ക്കൽ). ടോൾഫ്രീ നമ്പർ: 6235544444.

സ്പെയിൻ, ഓസ്ട്രേലിയ, ഇന്ത്യ

സ്പാനിഷ് ക്ലബ് ജിറോണ എഫ്സി, ഓസ്ട്രേലിയൻ എ ലീഗ് ടീം മെൽബൺ സിറ്റി എഫ്സി എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ പ്രതിനിധിയായി കേരള ബ്ലാസ്റ്റേഴ്സും കപ്പിനായി പൊരുതും. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയമാണു വേദി. അഞ്ചു ദിവസം മാത്രം നീളുന്ന ടൂർണമെന്റിലെ ആദ്യ മൽസരത്തിൽ 24നു ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റി എഫ്സിയും ഏറ്റുമുട്ടും. 27നു ജിറോണയും മെൽബൺ സിറ്റിയും മാറ്റുരയ്ക്കും. 28നു ബ്ലാസ്റ്റേഴ്സും ജിറോണയും തമ്മിലുള്ള പോരാട്ടത്തോടെ ടൂർണമെന്റിനു തിരശീല വീഴും. കൂടുതൽ പോയിന്റ് നേടുന്ന ടീം ജേതാക്കളാകും. ലാ ലിഗ വേൾഡ് ആദ്യമായാണ് ഇന്ത്യയിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് പരിശീലനത്തിൽ

kerala-blasters ടൂർണമെന്റിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനം നടത്തുന്നു.

അടിമുടി മുഖം മാറിയെത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. അഹമ്മദാബാദ് ട്രാൻസ് സ്റ്റേഡിയ സ്റ്റേഡിയത്തിലാണു പരിശീലനം. കറേജ് പെക്കുസൻ, പെസിച്ച്, കെസിറോൺ കിസിത്തോ തുടങ്ങിയ പഴയ മുഖങ്ങൾക്കൊപ്പം സെർബിയൻ സ്ട്രൈക്കർ സ്‌ലാവിസ സ്റ്റോയനോവിച്ച്, ഇന്ത്യൻ താരം അനസ് എടത്തൊടിക, സക്കീർ മുണ്ടംപാറ, ദുംഗൽ, എം.എസ്.ജിതിൻ, അബ്ദുൽ ഹക്കു, ഹാളിചരൺ നർസാരി തുടങ്ങിയവരെല്ലാം ക്യാംപിലുണ്ട്.