Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റയലിൽ ക്രിസ്റ്റ്യാനോയ്ക്കു പകരമാകാൻ ഹസാഡ്; 1530 കോടിയുടെ കൈമാറ്റം

Belgium's Eden Hazard

ബൽജിയം സൂപ്പർതാരം ഏദൻ ഹസാഡിനെ 1530 കോടി രൂപയ്ക്കു (190 ദശലക്ഷം യൂറോ)  റയൽ‌ മഡ്രിഡിനു വിട്ടുനൽകാൻ ചെൽസി തയാറെന്നു സൂചന.  2020 വരെയാണു ചെൽസിയുമായി ഹസാഡിന്റെ കരാർ.  ഇതു റദ്ദാക്കി ഹസാഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒഴിവു നികത്താൻ റയൽ മഡ്രിഡിലെത്തുമെന്ന് ഏറെക്കുറ ഉറപ്പായി. 

ചെൽസിയിൽ മറ്റു രണ്ടു മാറ്റങ്ങൾ കൂടി ഈ സീസണിലുണ്ടായേക്കും.  ഫ്രാൻസുകാരൻ എംഗോളോ കാന്റെയ്ക്കായി ഫ്രഞ്ച് ക്ലബ് പിഎസ്ജി വലവിരിച്ചു കഴിഞ്ഞു. വില്ലിയനെ വിട്ടുനൽകാൻ ബാർസിലോന 55 ദശലക്ഷം പൗണ്ട് (496 കോടി രൂപ) വാഗ്ദാനമാണു ചെൽസിക്കു മുൻപാകെ വച്ചിരിക്കുന്നത്. 

ഹിഗ്വെയിനെ നോക്കി ചെൽസി

ഇറ്റാലിയൻ മധ്യനിര താരം ജോർജീഞ്ഞോയെ നാപ്പോളിയിൽ നിന്ന് 57 ദശലക്ഷം പൗണ്ട് (511 കോടി രൂപ) മുടക്കി ചെൽസി ടീമിലെടുത്തു കഴിഞ്ഞു. ഹസാഡ് ടീം വിട്ടാലും മധ്യനിരയുടെ നീക്കങ്ങൾക്കു കരുത്തുപകാരാൻപോന്ന താരമാണു ജോർജീഞ്ഞോ. 

പ്രമുഖ താരങ്ങൾ കൂടുമാറുന്നതോടെ യുവെന്റെസ് സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയിനിനെ ടീമിലെടുക്കാനാണു ചെൽസിയുടെ ശ്രമം. യുവെന്റസിന്റെ ഇറ്റാലിയൻ പ്രതിരോധതാരം ഡാനിയേൽ റുഗാനിയുമായും സിഎസ്കെഎ മോസ്കോയുടെ മധ്യനിര താരം അലക്സാണ്ടർ ഗോലോവിനുമായും ചർച്ചകൾ തുടരുന്നു. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയ തിബോ കോർട്ടോ റയലിലേക്കു കൂടുമാറിയാൽ എസി മിലാന്റെ പത്തൊൻപതുകാരൻ ഗോൾകീപ്പർ ജിയാൻ ലൂയിജി ഡോണാരുമ്മയെയോ ലെസ്റ്റർ സിറ്റി ഗോളി കാസ്പർ സ്മൈക്കലിനെയോ ചെൽസി വാങ്ങിയേക്കും. 

മൂന്നുപേർക്കായി യുണൈറ്റഡ് 

ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ മൂന്നു താരങ്ങളിലാണു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കണ്ണ് ഉടക്കിയിരിക്കുന്നത്. പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി, സ്പാനിഷ് മിഡ്ഫീൽഡർ തിയേഗോ അൽകാൻട്ര, ചിലെയുടെ അർതുറോ വിദാൽ എന്നിവരാണവർ. തുക ഒത്തുവന്നാൽ താരങ്ങളെ വിട്ടുനൽകാൻ തയാറാണെന്നു ബയണും പറഞ്ഞുകഴിഞ്ഞു. ക്രൊയേഷ്യൻ വിങ്ങർമാരായ ഇവാൻ പെരിസിച്ചിനെയും ആന്റെ റെബിച്ചിനെയും ടീമിലെടുക്കാൻ വൻ തുക മുടക്കാമെന്നു യുണൈറ്റഡ് മാനേജർ ഹോസെ മൗറീഞ്ഞോ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രണ്ടു താരങ്ങളും പ്രതികരിച്ചിട്ടില്ല. 

റയൽ മഡ്രിഡിൽ അസംതൃപ്തനായ സൂപ്പർ താരം ഗരേത് ബെയ്‌ലിനെ ടീമിലെത്തിക്കാനും മൗറീഞ്ഞോ ശ്രമിക്കുന്നുണ്ട്. 

സാഹയ്ക്കായി ടോട്ടനം 

ക്രിസ്റ്റൽ പാലസിനായി പന്തു തട്ടുന്ന ഐവറികോസറ്റ് സൂപ്പർതാരം വിൽഫ്രഡ് സാഹയെ ടീമിലെടുക്കാൻ 60 ദശലക്ഷം പൗണ്ട് (540 കോടി രൂപ) മുടക്കാൻ തയാറായി ടോട്ടനം രംഗത്ത്. മുന്നേറ്റനിരയിലെ ഗോളടിയന്ത്രം ഹാരി കെയ്നിനൊപ്പം സാഹ കൂടി ചേർന്നാൽ ടോട്ടനത്തിന്റെ മുന്നേറ്റനിര പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും കരുത്തുറ്റതായേക്കും. സാഹയ്ക്കായി എവർട്ടണും രംഗത്തുണ്ട്.  വിൽഫ്രഡ് സാഹയ്ക്കു ക്രിസ്റ്റൽ പാലസിൽ തുടരാൻ താൽപര്യമില്ലെന്നാണു റിപ്പോർട്ടുകൾ.