Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോളിൽ 'ആറാ'ടി മെൽബൺ സിറ്റി എഫ്സി; ബ്ലാസ്റ്റേഴ്സ് ഒലിച്ചുപോയി! (6–0)

blasters െമൽബൺ സിറ്റി എഫ്സിയുടെ ഡാരിയോ വിഡോസിച്ച് ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ ഗോൾ നേടുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കൊച്ചി∙ കർക്കടക മാസത്തിൽ മഴ കോരിച്ചൊരിഞ്ഞ രാത്രിയിലൊരു പന്തുകളി. കരുത്തൻമാരായ മെൽബൺ സിറ്റി എഫ്സി എതിരില്ലാത്ത അര ഡസൻ ഗോളുകൾക്കു കേരള ബ്ലാസ്റ്റേഴ്സിനെ മുക്കി (6–0). ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിൽ മൂന്നു പോയിന്റുമായി കിരീടാവകാശത്തിനു വാദം ഉന്നയിച്ചു തുടങ്ങിയിരിക്കുന്നു മെൽബൺ സിറ്റി. മെൽബൺ ടീമിനായി ഡാരിയോ വിഡോസിച് (30'), റൈലി മഗ്രീ (33', 56'), ലാക്ലാൻ വെയ്ൽസ് (49'), റാമി നജ്ജറിൻ (75'), ബ്രൂണോ ഫൊർണാറു (79') എന്നിവർ സ്കോർ ചെയ്തു.

പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ തുടക്കം ഇങ്ങനെയായിരുന്നു–ഗോളി ധീരജ്. പ്രതിരോധത്തിൽ സിറിൽ കാലി, പെസിച്, അനസ്, ജിങ്കാൻ. മധ്യനിരയിൽ കിസിത്തോ, കെ. പ്രശാന്ത്, ദുംഗൽ, നർസാരി. ആക്രമിക്കാൻ സ്റ്റൊയനോവിച്ച്, മറ്റേജ്. ആറു ഗോൾ വഴങ്ങിയെങ്കിലും മൂന്നു മികച്ച സേവുകളോടെ ഗോളി ധീരജ് സിങ് കയ്യടി നേടി. ഇക്കഴിഞ്ഞ നാലാം തീയതി 18 വയസ്സു തികഞ്ഞ ധീരജ് ഇന്നലെ ആദ്യമായി സീനിയർ ടീമിൽ മൽസര ഫുട്ബോൾ കളിക്കുകയായിരുന്നു.

ഇടവേളയ്ക്ക് പിരിയുമ്പോൾ 0-2നു പിന്നിലായിരുന്നെങ്കിലും മൈതാനത്തു ചുംബിച്ചാണു ക്യാപ്റ്റൻ ജിങ്കാൻ മടങ്ങിയത്. രണ്ടാം പകുതി തുടങ്ങും മുൻപ് മഴ തുടങ്ങി. മയമില്ലാത്ത മഴ. ഓസ്ട്രേലിയക്കാർക്കു മഴ ദുരിതമാകുമെന്നു കരുതിയെങ്കിലും അങ്ങനെയായില്ല.

മൈതാനത്ത് അവർ ഗോൾമഴ തീർത്തു. വിദേശ താരങ്ങളായ മറ്റേജ്, കിസിത്തോ, പെസിച്, കാലി എന്നിവരെ പിൻവലിച്ചു പുതിയൊരു ടീമിനെയാണു പരിശീലകൻ ഡേവിഡ് ജയിംസ് രണ്ടാം പകുതിയിൽ അവതരിപ്പിച്ചത്. മഞ്ഞക്കുപ്പായത്തിൽ അപ്പോൾ രണ്ടു വിദേശികൾ മാത്രം.

മധ്യനിരയിൽ കറേജ് പെക്കുസനും മുന്നിൽ സ്റ്റൊയാനോവിച്ചും. ഒൻപത് ഇന്ത്യക്കാരിൽ നാലു പേർ മലയാളികൾ. അനസ്, സക്കീർ മുണ്ടംപാറ, എൻ.എസ്. ഋഷിദത്ത്, കെ. പ്രശാന്ത്. സക്കീറിനും ഋഷിക്കുമൊപ്പം മുഹമ്മദ് റാകിപ്പും സുരാജ് റാവത്തും ലോകൻ മീതേയിയും രണ്ടാം പകുതിയിൽ ഇറങ്ങി.
ഇന്ത്യക്കാർ മാത്രമുള്ള പ്രതിരോധമായി ബ്ലാസ്റ്റേഴ്സിന്റേത്–ജിങ്കാൻ, അനസ്, റാകിപ് എന്നിവർ. കളി തീരാൻ അഞ്ചു മിനിറ്റുള്ളപ്പോൾ ജിങ്കാനു പകരം ലാൽറുവാത്താര ഇറങ്ങുകയും ചെയ്തു.

ഗോൾ 1 (30')

ലൂക്ക് ബ്രാറ്റൻ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഉയർത്തിവിട്ട പന്തിലേക്കു വായുവിൽ ‍‍ഡൈവ് ചെയ്ത് ഡാരിയോ വിഡോസിച്ചിന്റെ ഉജ്വലമായ ഹെഡർ. മെൽബൺ സിറ്റി മുന്നിൽ.

ഗോൾ 2 (33')

ആന്തണി കസേറസ് വലതുകാൽകൊണ്ടു വച്ചുനീട്ടിയ പന്തിൻമേൽ റൈൽ മഗ്രീയുടെ ഇടങ്കാലൻ ഷോട്ട്. ലോകോത്തര ക്ലബ് ഫുട്ബോളിന്റെ മുദ്ര പതിച്ച ഫിനിഷ്.

ഗോൾ 3 (49’)

ഇടതുപാർശ്വത്തിലുടെ ബ്ലാസ്റ്റേഴ്സ് ബോക്സിനകത്ത് ഗോൾ രേഖയ്ക്ക് സമാന്തരമെന്നോണം മൈക്കൽ ഒ ഹലോറൻ. ഷോട്ട് ധീരജിന്റെ കൈകളിൽനിന്നു വഴുതി. പന്തുവീണ്ടും മെൽബൺ താരങ്ങളുടെ കാലിലേക്ക്. രണ്ടാമത്തെ ഷോട്ടിൽ ലാക്ലാൻ വെയ്ൽസ് ലക്ഷ്യം കണ്ടു

ഗോൾ 4 (56’)

വീണ്ടും മഗ്രീ. ഇടങ്കാൽ ഷോട്ട് കിടിലം. മഗ്രീയുടെ രണ്ടാം ഗോൾ.

ഗോൾ 5 (75’)

വലതുവശത്തു കൂടി ബോക്സിൽ കയറിയ കോണർ മെറ്റ്കാൽഫെയുടെ ഷോട്ട് ജിങ്കൻ നിലത്തുവീണ് അടിച്ചകറ്റാൻ ശ്രമിച്ചു. പക്ഷേ പുല്ലിൽ നിറഞ്ഞ വെള്ളത്തിൽ അതു ഫലിച്ചില്ല. റാമി നജ്ജറിൻ പന്തടിച്ചു വലയ്ക്കകത്താക്കി.

ഗോൾ 6 (79’)

പ്രത്യാക്രമണനീക്കത്തിൽ ഒറ്റയ്ക്ക് പന്തുമായി ബോക്സിലേക്കു കടന്ന ബ്രൂണോ ഫെർണാറു കൃത്യമായി സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ ക്യാപ്റ്റന്റെ ആം ബാൻഡുമായി കളത്തിലിറങ്ങിയ യുറഗ്വായ് താരം മോശമാക്കിയില്ല.

related stories