Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവാനിയെ നോട്ടമിട്ട് റയൽ; വിറ്റാൽ പിഎസ്ജിക്കു രണ്ടുണ്ട് കാര്യം!

Edinson Cavani

മഡ്രിഡ്∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതോടെ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാൻ റയൽ മഡ്രിഡ് നെട്ടോട്ടമോടുന്നു. ക്രിസ്റ്റ്യാനോയ്ക്ക് പകരം പറഞ്ഞുകേട്ട നെയ്മർ, കിലിയൻ എംബപെ, ഏദൻ ഹസാഡ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ വരവിന്റെ കാര്യം അനിശ്ചിതത്വത്തിലായതോടെ യുറഗ്വായ് താരം എഡിസൻ കവാനിയെ റയൽ നോട്ടമിട്ടിരിക്കുന്നതായാണ് റിപ്പോർട്ട്.

നിലവിൽ പിഎസ്ജിയുടെ താരമാണ് കവാനി. കഴിഞ്ഞ സീസണിൽ ടീമിലെത്തിയ ബ്രസീലിയൻ സൂപ്പർതാരം നെയ്മറും യുറഗ്വായ് താരവും തമ്മിലുള്ള പ്രശ്നങ്ങൾ ഫുട്ബോൾ ലോകത്ത് പരസ്യമാണ്. ഈ സാഹചര്യത്തിൽ നല്ല വില ലഭിച്ചാൽ പിഎസ്ജി കവാനിയെ വിൽക്കാനുള്ള സാധ്യതയുണ്ടെന്നാണ് റയലിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ രണ്ടു സീസണുകളിൽ പിഎസ്‍ജിക്കായി 89 ഗോളുകളാണ് കവാനി അടിച്ചുകൂട്ടിയത്. റയലിന്റെ ഗോളടിയന്ത്രമായ റൊണാൾഡോയ്ക്കു പകരം നിൽക്കാൻ എന്തുകൊണ്ടു കവാനിക്കാകുമെന്നാണ് റയൽ മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. ഇക്കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോയുടെ പോർച്ചുഗലിനെ പ്രീക്വാർട്ടറിൽ യുറഗ്വായ് തോൽപ്പിച്ചത് കവാനിയുടെ ഇരട്ടഗോൾ മികവിലായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. എന്തായാലും 100 മില്യൻ യൂറോ കിട്ടിയാൽ പിഎസ്ജി കവാനിയെ കൈമാറാനാണ് സാധ്യതയും.