Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിയാണ്, ചില സമയത്ത് ‘ഓവറാ’കുന്നുണ്ട്: തുറന്നുപറഞ്ഞ് നെയ്മർ – വിഡിയോ

neymar-vs-costarica-4

പാരിസ്∙ ചില സമയത്ത് കളത്തിൽ അഭിനയിച്ച് ‘ഓവറാക്കാറുണ്ടെന്ന്’ ഏറ്റുപറഞ്ഞ് ബ്രസീലിയൻ താരം നെയ്മർ. റഷ്യൻ ലോകകപ്പിലെ നെയ്മറിന്റെ ‘പ്രകടനം’ കടുത്ത വിമർശനം വരുത്തിവച്ച പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. ഞായറാഴ്ച പുറത്തുവന്ന ഗില്ലെറ്റിന്റെ പരസ്യത്തിലൂടെയാണ് നെയ്മർ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചത്. ബ്രസീലിലെ വിവിധ ടെലിവിഷൻ ചാനലുകളിൽ ഈ പരസ്യം ആവർത്തിച്ച് പ്രക്ഷേപണം ചെയ്തു.

റഷ്യൻ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ ബൽജിയത്തോട് തോറ്റു പുറത്തായശേഷം തന്റെ പ്രതികരണങ്ങളെല്ലാം നെയ്മർ ഇന്‍സ്റ്റഗ്രാമിൽ മാത്രമായി ഒതുക്കിയിരുന്നു. ലോകകപ്പ് തോൽവിക്കുശേഷം താൻ മാധ്യമങ്ങളോട് സംസാരിക്കാതിരുന്നതിന്റെ കാരണവും ഈ വിഡിയോയിൽ നെയ്മർ വ്യക്തമാക്കുന്നുണ്ട്. തോൽവിയേക്കുറിച്ച് നെയ്മർ നിശബ്ദത പാലിച്ചതും താരത്തിന്റെ സ്വഭാവത്തെക്കുറിച്ച് പരാതി ഉയരാൻ ഇടയാക്കിയിരുന്നു.

നെയ്മറിന്റെ പ്രതികരണത്തിലൂടെ

ഫൗൾ ചെയ്യപ്പെടുമ്പോഴുള്ള പ്രതികരണത്തിൽ ഞാൻ അതിശയോക്തി കലർത്തുകയാണെന്ന് നിങ്ങൾക്കു തോന്നിയിട്ടുണ്ടാകും. ശരിയാണ്. ചില സമയത്ത് ഞാൻ അതിശയോക്തി കലർത്താറുണ്ട്. പക്ഷേ, കളത്തിൽ ഞാൻ അനുഭവിക്കുന്ന ഫൗളുകളും അതു സമ്മാനിക്കുന്ന വേദനകളുമോ? അവ വാക്കുകൾക്ക് അതീതമാണ്.

തോൽവിക്കുശേഷം ഞാൻ അഭിമുഖങ്ങളൊന്നും നൽകാതെ പോകുന്നത് അഭിനന്ദനങ്ങൾ മാത്രമേ ഏറ്റുവാങ്ങൂ എന്നുള്ളതുകൊണ്ടല്ല. ഇപ്പോഴും നിങ്ങളെ നിരാശപ്പെടുത്താൻ എനിക്കറിയാത്തതുകൊണ്ടാണ്. എന്റെ പെരുമാറ്റം ചിലപ്പോൾ മാന്യമല്ലാതെ പോകുന്നത് ഞാൻ മോശക്കാരനായതുകൊണ്ടുമല്ല. നിരാശ പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും എനിക്കറിയാത്തതുകൊണ്ടാണ്.

എന്റെ ഉള്ളിൽ ഒരു പയ്യനുണ്ട്. ചില സമയത്ത് അവൻ ലോകത്തെ സന്തോഷിപ്പിക്കും. മറ്റു ചിലപ്പോൾ ലോകം മുഴുവനെയും വെറുപ്പിക്കുകയും ചെയ്യും. ഈ ‘പയ്യനെ’ ഉള്ളിന്റെയുള്ളിൽ ഊർജസ്വലനാക്കി നിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഈ ‘പയ്യനെ’ കളത്തിൽ പുറത്തെടുക്കാൻ താൽപര്യവുമില്ല.

ഞാൻ കൂടുതലായി വീഴുന്നുവെന്ന് നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ, ഞാൻ വീഴുന്നതല്ലെന്നതാണ് വസ്തുത. പലപ്പോഴും തട്ടിവീഴുകയാണ്. ശസ്ത്രക്രിയയ്ക്ക് വിധേയമായ കാലുകളിൽ ചവിട്ടുമ്പോഴുണ്ടാകുന്നതിലും വലിയ വേദനയാണ് അതു സമ്മാനിക്കുന്നത്.

നിങ്ങളുടെ വിമർശനങ്ങൾ അല്‍പം വൈകിയാണെങ്കിലും ഞാൻ ഏറ്റെടുക്കുന്നു. വൈകിയാണെങ്കിലും ഉള്ളിലേക്കു നോക്കി പുതിയൊരു മനുഷ്യനാകാനും ശ്രമിക്കുന്നു. തീർത്തും തുറന്ന ഹൃദയത്തോടെയാണ് ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത്. വീണുപോയി, ശരിയാണ്. എങ്കിലും വീണുപോകുന്നവർക്കു മാത്രമേ സ്വയം പിടിച്ചെഴുന്നേൽപ്പിക്കാനാകൂ.

‘നിങ്ങൾക്ക് എന്നെ തുടർന്നും കല്ലെറിയാം. അല്ലെങ്കിൽ കല്ലു ദൂരെയെറിഞ്ഞ് എഴുന്നേറ്റു നിൽക്കാൻ എന്നെ സഹായിക്കാം. ഞാൻ നിവർന്നു നിൽക്കുമ്പോൾ, ഈ രാജ്യം മുഴുവൻ എനിക്കൊപ്പം നിവർന്നുനിൽക്കുന്നു.’