Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റൊണാൾഡോയുടെ ക്ലബ്ബി’നെ റയൽ വീഴ്ത്തി, വരവറിയിച്ച് വിനീസ്യൂസ് – വിഡിയോ

real-madrid-vs-juventus-fc മൽസരശേഷം റയൽ ട്വീറ്റ് ചെയ്ത ചിത്രം.

ന്യൂജഴ്സി∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടെങ്കിലെന്ത്, പ്രീ സീസൺ ടൂർണമെന്റായ ഇന്റർനാഷനൽ ചാംപ്യൻസ് കപ്പിൽ അതേ റൊണാൾഡോയുടെ ക്ലബ്ബായ യുവെന്റസിനെതിരെ റയൽ മഡ്രിഡിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ ജയിച്ചുകയറിയത്. റയലിനായി ഗാരത് ബെയ്‌ൽ (39), മാർക്കോ അസെൻസിയോ (47, 56) എന്നിവർ ഗോൾ നേടിയപ്പോൾ, ഡാനി കാർവജാൽ വഴങ്ങിയ സെൽഫ് ഗോൾ യുവെന്റസിന്റെ പേരിൽ കുറിക്കപ്പെട്ടു. ഈ സീസണിൽ ടീമിനൊപ്പമെത്തിയ ബ്രസീലിയൻ യുവതാരം വിനീസ്യൂസ് ജൂനിയറിന്റെ പ്രകടനമായിരുന്നു കളിയിലെ ഹൈലൈറ്റ്.

മറ്റൊരു മൽസരത്തിൽ ബാർസിലോനയെ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാൻ വീഴ്ത്തി. ഇൻജുറി ടൈമിൽ പോർച്ചുഗീസ് താരം ആന്ദ്രെ സിൽവ നേടിയ ഗോളിലാണ് മിലാന്റെ ജയം. മെസ്സി, സ്വാരസ്, റാക്കിട്ടിച്ച് തുടങ്ങിയ പ്രമുഖ താരങ്ങളൊന്നുമില്ലാതെയാണ് ബാർസ കളിച്ചത്. അതേസമയം, പുതിയതായി ടീമിലെത്തിയ ബ്രസീലിന്റെ മാൽക്കം, ആർതർ തുടങ്ങിയവർ കളത്തിലിറങ്ങി.

ഇന്റർനാഷനൽ ചാംപ്യൻസ് കപ്പിൽ റൊണാൾഡോ കളിക്കുന്നില്ലെങ്കിലും താരത്തിന്റെ ടീമിനെതിരെ റയൽ വിജയം നേടിയത് ടീമിന്റെ കരുത്തു വെളിവാക്കി. റൊണാൾഡോയ്ക്ക് ഇനിയും പകരക്കാരനെ കണ്ടെത്താനാകാതെ ഉഴറുന്ന റയലിനെ, ടീമിനുള്ളിൽത്തന്നെ പകരക്കാരുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന പ്രകടനമാണ് ബെയ്‌ലും അസെൻസിയോയും ഉൾപ്പെടെയുള്ളവർ പുറത്തെടുത്തത്. ഈ സീസണിൽ ടീമിലെത്തിയ ബ്രസീലിയൻ കൗമാര വിസ്മയം വിനീസ്യൂസ് ജൂനിയറും പ്രകടനമികവുകൊണ്ട് ആരാധകരുടെ ഹൃദയം കവർന്നു.

ടോണി ക്രൂസും കരിം ബെൻസേമയും ഉൾപ്പെടെ പ്രമുഖ താരങ്ങളെ അണിനിരത്തി കളത്തിലിറങ്ങിയ റയലിന് 12–ാം മിനിറ്റിൽ തിരിച്ചടിയേറ്റു. ജാവോ കാൻസലോയുടെ ക്രോസ് രക്ഷപ്പെടുത്താനുള്ള ഡാനി കാർവജാലിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിച്ചു. യുവെന്റസിന് ലീഡ്.

എന്നാൽ, പതുക്കെ കളം പിടിച്ച ലോപടെഗുയിയുടെ കുട്ടികൾ ആദ്യപകുതിയിൽത്തന്നെ തിരിച്ചടിച്ചു. ക്രിസ്റ്റ്യാനോയുടെ പ്രഭാവത്തിൽ മങ്ങിപ്പോയ ബെയ്‌ലാണ് ലക്ഷ്യം കണ്ടത്. 39-ാം മിനിറ്റിൽ‌ ബോക്സിനു തൊട്ടുപുറത്ത് കിട്ടിയപന്തിൽ ബെയ്‌ലിന്റെ തകർപ്പൻ ഫിനിഷിങ്. സ്കോർ 1–1.

രണ്ടാം പകുതിയിൽ റയൽ നിരയിൽ വിനീസ്യൂസ് ജൂനിയറും മാർകോ അസെൻസിയോയും എത്തിയതോടെ കളി പൂർണമായും റയലിന്റെ നിയന്ത്രണത്തിലായി. 47–ാം മിനിറ്റിൽ അസെൻസിയോ–വിനിസ്യൂസ് സഖ്യം തന്നെ ടീമിന് ലീഡും സമ്മാനിച്ചു. പന്തുമായി കുതിച്ചുകയറിയ അസെൻസിയോ ഇടതുവിങ്ങിൽ വിനീസ്യൂസിന് പന്തു മറിച്ചു. മുന്നോട്ടുകയറിയ വിനീസ്യൂസ് ബോക്സിനുള്ളിൽ നൽകിയ അളന്നുമുറിച്ച ക്രോസ് അസെൻസിയോ പോസ്റ്റിലേക്ക് തട്ടിയിട്ടു. സ്കോർ 2–1.

56–ാം മിനിറ്റിൽ അസെൻസിയോ വീണ്ടും ലക്ഷ്യം കണ്ടു. ബോക്സിനു പുറത്തുനിന്നും ലഭിച്ച പന്ത് കാലിൽക്കൊരുത്ത് മുന്നോട്ടുകയറിയ അസെൻസിയോ തൊടുത്ത ദുർബലമായ ഷോട്ട് യുവെ ഗോൾകീപ്പറുടെ ദേഹത്തുതട്ടി വലയിലേക്ക്. റയലിന് 3–1 ജയം.