ചോദ്യം ഇതാണ്, ഇന്ത്യൻ ഫുട്ബോൾ ടീം എന്നു ലോകകപ്പ് കളിക്കും?

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി.

കഴിഞ്ഞ കുറെ മാസ​ങ്ങളായി ഫുട്ബോൾ പ്രേമികൾ ആനന്ദലഹരിയിലാണ്. അണ്ടർ–17 ലോകകപ്പ്, ഐഎസ്എൽ, ഫിഫ ലോകകപ്പ്, ലാ ലിഗ വേൾഡ് പ്രീ–സീസൺ ടൂർണമെന്റ്, ഇപ്പോഴിതാ രണ്ടു ജൂനിയർ ടീമുകളുടെ ആവേശ വിജയങ്ങളും – നല്ല ഫുട്ബോളിന്റെ മാസ്മരികത ആസ്വദിക്കുമ്പോൾ കേരളത്തിലെ ഒരു സാധാരണ ഫുട്ബോൾ പ്രേമിയുടെ മനസ്സിൽ ഉദിക്കുന്ന ഒരു ചോദ്യമുണ്ട് – ഇന്ത്യ എന്നു ലോകകപ്പിൽ കളിക്കും? 2022 ഖത്തർ ലോകകപ്പിൽ ആ സ്വപ്നം പൂവണിയുമോ? 1956ലെ മെൽബൺ ഒളിംപിക്സിൽ സെമിഫൈനൽ വരെ എത്തിയ രാജ്യമാണു നമ്മുടേത്. പ​​ക്ഷേ, പറഞ്ഞിട്ടെന്തു കാര്യം? ഈ മാസം ഇന്തൊനീഷ്യയിൽ നടക്കാൻ പോകുന്ന ഏഷ്യൻ ഗെയിംസിലെ ഫുട്ബോൾ കളത്തിൽ പോലും നമ്മൾ ഇറങ്ങുന്നില്ല. അപ്പോഴാണു ലോകകപ്പ് സ്വപ്നം കാണുന്നത്!

ലോക ഫുട്ബോളിൽ ശ്രദ്ധേയ സാന്നിധ്യം ആകാൻ തീർച്ചയായും ഇന്ത്യയ്ക്കു സാധിക്കും. പക്ഷേ, അത് ഒറ്റപ്പെട്ട തയാറെടുപ്പുകളിലൂടെ നടക്കില്ല. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഡയറക്ടർ ജനറൽ ആയിരുന്ന വേളയിൽ യൂറോപ്യൻ രാജ്യങ്ങളിലെ ഫുട്ബോൾ അക്കാദമികൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. എന്നെ അമ്പരപ്പിച്ചത് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന്റെ സ്റ്റാഫോഡ്ഷെറിലുള്ള സെന്റ് ജോർജസ് ഫുട്ബോൾ അക്കാദമിയാണ്.

2012ൽ ആരംഭിച്ച ഈ അക്കാദമിയുടെ വിസ്തൃതി 330 ഏക്കറാണ്. അവിടെ 14 ഫുട്ബോൾ പ്രതലങ്ങളുണ്ട്. വിവിധ പ്രായവിഭാഗങ്ങളിലുള്ള 28 ടീമുകൾക്ക് ഒരേസമയം ഇവിടെ പരിശീലനം നടത്താം. മഞ്ഞുകാലത്തു പരിശീലനം മുടങ്ങാതിരിക്കാൻ ഇൻഡോർ കളിക്കളങ്ങളുമുണ്ട്. ഹൈപ്പോ തെറപ്പി, ബയോമെക്കാനിക്സ് സെന്ററുകൾ, വിഡിയോ വിശകലനം ചെയ്യാനുള്ള ക്ലാസ്മുറികൾ, മെഡിക്കൽ ആൻഡ് സ്പോർട്സ് സയൻസ് ലാബുകൾ എന്നു തുടങ്ങി കളിക്കാർക്കു താമസിക്കാൻ ഹിൽട്ടൻ ഹോട്ടലുകൾ വരെ ഇവിടെയുണ്ട്.

ഇതു കണ്ട് അമ്പരന്നുപോയ ഞാൻ ഇന്ത്യയിലും ഇതുപോലൊരു അക്കാദമി വേണമെന്നു വാശിപിടിച്ചു. സ്ഥലം ലഭിക്കുന്നതനുസരിച്ചു കൊൽക്കത്തയിലോ, കേരളത്തിലോ തുടങ്ങാനുള്ള അനുമതിയും നേടിയെടുത്തു. കേരളത്തിലാണെങ്കിൽ അതു മലപ്പുറത്താകണമെന്നാണു ഞാൻ ആഗ്രഹിച്ചത്. ഉൽസാഹത്തോടെ കാലിക്കറ്റ് സർവകലാശാലയെ സമീപിച്ചു. 200 ഏക്കർ സ്ഥലം ചോദിച്ചു. വൈസ് ചാൻസലറായിരുന്ന ഡോ.എം.അബ്ദുൽ സലാം വലിയ താൽപര്യം കാണിച്ചുവെങ്കിലും സിൻഡിക്കറ്റിന്റെ അംഗീകാരം നേടാൻ കഴിഞ്ഞില്ല. ഒരു ഫുട്ബോൾ അക്കാദമി തുട​ങ്ങാൻ എന്തിനാണ് ഇത്രയും സ്ഥലം? അഞ്ചോ, പത്തോ ഏക്കർ പോരേ? എന്തിനു പറയുന്നു, ഇന്നുവരെ ഈ അക്കാദമി വെളിച്ചം കണ്ടിട്ടില്ല! വലിയ സ്വപ്നങ്ങൾ നാം കാണാറില്ലല്ലോ?

1987ൽ ജംഷഡ്പുരിൽ തുടങ്ങിയ ടാറ്റ ഫുട്ബോൾ അക്കാദമിയിൽനിന്നു പരിശീലനം നേടിയ 135 കളിക്കാർ ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുണ്ട്. 19 ക്യാപ്റ്റൻമാരെയും അവർ സംഭാവന ചെയ്തു. ഇതുപോലെ എത്ര അക്കാദമികൾ നമുക്കുണ്ട്?

അക്കാദമികളോടൊപ്പം മികച്ച ഫുട്ബോൾ സംസ്കാരവും ഉണ്ടാകണം. അതിനുള്ള ഏറ്റവും നല്ല മാർഗം ഫുട്ബോളിന്റെ ചെറുരൂപമായ ‘ഫുട്സാൽ’ പ്രചരിപ്പിക്കുന്നതാണ്. ഫുട്സാൽ കളിക്കാൻ ഒരു ബാസ്കറ്റ്ബോൾ കോർട്ട് മതിയാവും. ഫുട്ബോളിനെക്കാളും വലുപ്പം കുറഞ്ഞ, അധികം ബൗൺസ് ലഭിക്കാത്ത പന്താണ് ഉപയോഗിക്കുന്നത്. അതിനാൽ പന്തടക്കം കാട്ടാനും ഡ്രിബിൾ ചെയ്യാനുമുള്ള കഴിവു കളിക്കാരിൽ വർധിക്കും. എന്തുകൊണ്ടു കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഫുട്സാൽ നിർബന്ധമാക്കിക്കൂടാ? ഇതിനുവേണ്ടി ഞാൻ ഒരു ശ്രമം നടത്തിയതാണ്.

ഫുട്സാലിനു വേണ്ട പന്തുകളും നെ‌റ്റും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) വഴി സൗജന്യമായി നൽകാമെന്നും കോച്ചുകളെ പരിശീലിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തു കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചു. കാര്യവട്ടത്തുള്ള സായ് ക്യാംപസിൽ അദ്ദേഹത്തെ കൊണ്ടുപോയി. ആവശ്യകത വിശദീകരിച്ചു. എല്ലാം കഴിഞ്ഞു മടങ്ങിയപ്പോൾ അദ്ദേഹം ചോദിച്ചു: സംഗതി കൊള്ളാം. പക്ഷേ, നിങ്ങളുടെ സ്ഥാപനത്തിനു സായിബാബയുടെ പേര് എന്തിനാ ഇട്ടത്!

സായിയുമായി ചേർന്നു നമ്മുടെ വിദ്യാലയങ്ങളിൽ ഫുട്സാൽ കളിക്കളങ്ങൾ ഉണ്ടാക്കുക. ജില്ലാ, സംസ്ഥാന തലങ്ങളിൽ ടൂർണമെന്റുകൾ നടത്തുക. ഇതിനെല്ലാം സ്പോൺസർമാരെ കണ്ടെത്താൻ കഴിയും. സംസ്ഥാന സർക്കാരിനു കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടാവുകയുമില്ല. ഈ കളിക്കളങ്ങളിലൂടെ ഭാവിയിലെ താരങ്ങളെ കണ്ടെത്താം. അവർക്കു ഫുട്ബോൾ അക്കാദമികളിൽ വിദഗ്ധ പരിശീലനം നൽകാം. അങ്ങനെ നൂറുകണക്കിനു താരങ്ങൾ വളരുമ്പോഴാണു മികവുള്ളവരെ കണ്ടെത്താൻ കഴിയുന്നത്. അതോടൊപ്പം ഓരോ പഞ്ചായത്തിലും ഒരു കളിക്കളമെങ്കിലും സജ്‍ജമാക്കുക. നല്ല പരിശീലകരെ സൃഷ്ടിക്കുക. ഇതൊക്കെ ചെയ്താലേ നമ്മൾ സ്വപ്നം കാണുന്ന ഫുട്ബോൾ വസന്തം വിടരൂ...

(മുൻ ചീഫ് സെക്രട്ടറിയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ ജനറലുമാണ് ലേഖകൻ).