Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡ്രിച്ച് റയൽ വിടുമോ? കോര്‍ട്ടോയും ഹസാഡും റയലിലെത്തുമോ?; ഇന്നറിയാം

modric-hazard-courtois ലൂക്കാ മോഡ്രിച്ച്, ഏ‍ഡൻ ഹസാർഡ്, തിബോ കോർട്ടോ

ലണ്ടൻ ∙ പ്രീമിയർ ലീഗ് ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമം ഊർജിതമാക്കി മുൻനിര ക്ലബുകൾ. ചെൽസിയില്‍നിന്ന് ഏദൻ ഹസാഡിനെ റെക്കോർഡ് തുകയ്ക്കു റയൽ മഡ്രിഡ് സ്വന്തമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.

റയൽ മഡ്രിഡ് ഫസ്റ്റ് ഇലവനിൽ സ്ഥാനം ഉറപ്പില്ലാത്ത ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാറ്റിയോ കോവാസിച്ച് വായ്പാ അടിസ്ഥാനത്തിൽ ചെൽസിയിൽ കളിക്കാനുള്ള തയാറെടുപ്പിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച ചെൽസി താരം വില്ലിയന്‍ കൂടുമാറുമോ എന്നും ഇന്നറിയാം. 

∙ പോഗ്ബ ബാര്‍സയിലേക്ക്?

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നു ഫ്രഞ്ച് താരം പോൾ പോഗ്ബ ബാര്‍സിലോനയിലേക്കു ചേക്കേറാനൊരുങ്ങുകയാണ് എന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് യുവെന്റസിൽ നിന്ന് ഇരുപത്തിയഞ്ചുകാരനായ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്.

പോഗ്ബയ്ക്കായി വന്‍തുക മുടക്കാന്‍ ബാര്‍സ തയാറാണെന്നാണു റിപ്പോര്‍ട്ടുകള്‍. ടോട്ടനത്തിന്റെ ബല്‍ജിയന്‍ താരം ടോബി ആള്‍ഡര്‍വെയ്റള്‍ഡിനെ ടീമിലെടുക്കാനാണു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രമം. അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഹോസെ ഗിമ്മെനെസ്, ലെസ്റ്റർ താരം ഹാരി മഗ്വയിര്‍ എന്നിവരും മൗറീഞ്ഞോയുടെ പരിഗണനയിലുണ്ട്. 

∙ വിലകൂടിയ ഗോള്‍കീപ്പറാകാന്‍ കെപ്പ

ഏറ്റവും വിലകൂടിയ ഗോൾകീപ്പർ എന്ന വിശേഷണവുമായി പ്രീമിയർ ലീഗ് ക്ലബ് ചെൽസിയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് കെപ്പ അറിസാബെലാഗ എന്ന ഇരുപത്തിമൂന്നുകാരൻ‌. സ്പാനിഷ് താരത്തിനായി 80 മില്യൺ യൂറോ (ഏകദേശം 636 കോടി രൂപ) മുടക്കാൻ തയാറാണെന്നാണു ചെൽസിയുടെ പ്രഖ്യാപനം. നിലവിലെ ക്ലബ് അ‌ത്‌ലറ്റിക്കോ ബിൽബാവോയുമായുള്ള കരാർ അവസാനിക്കാത്തതിനാൽ ബൈ ഔട്ട് ക്ലോസ് പ്രകാരം 80 ദശലക്ഷം യൂറോ നൽകി അത്‌ലറ്റിക്കോയിൽനിന്നു സ്വതന്ത്രനായ കെപ്പയുടെ ലക്ഷ്യം ചെൽസിയുടെ നീലക്കുപ്പായമാണ്.

അടുത്തിടെ റോമയിൽനിന്നു ലിവർപൂളിലേക്കു ചേക്കേറിയ ബ്രസീലിയൻ ഗോൾകീപ്പർ ആലിസൻ ബെക്കറുടെ ട്രാൻസ്ഫർ റെക്കോർഡ് തകരുമെന്ന് ഇതോടെ ഉറപ്പായി. ഏകദേശം 600 കോടി രൂപയ്ക്കാണ് ആലിസൻ ആൻഫീൽഡിലെത്തിയത്. ആലിസനെ ടീമിലെടുക്കാൻ ചെൽസിക്കും താൽപര്യമുണ്ടായിരുന്നെങ്കിലും ലിവർപൂളിനായി കളിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. 

∙ കോര്‍ട്ടോ റയലിലേക്ക്?

ചെൽസിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ തിബോ കോർട്ടോ റയൽ മഡ്രിഡിലേക്കു ചേക്കേറുമെന്നും ഏറെക്കുറെ ഉറപ്പ്. കോർട്ടോയെ ടീമിലെത്തിക്കാൻ കുറച്ചുനാളായി റയൽ ശ്രമിക്കുന്നുണ്ട്. റയലില്‍ കളിക്കാനുള്ള താൽപര്യം കോര്‍ട്ടോയും വ്യക്തമാക്കിയതോടെ കമ്യൂണിറ്റി ഷീല്‍ഡ് ഫൈനല്‍ ഉള്‍പ്പെടെയുള്ള മല്‍സരങ്ങളില്‍ റിസര്‍വ് താരം വില്ലി കബെല്ലെറോയെയാണ് ചെല്‍സി പരിശീലകന്‍ മൗറീഷ്യോ സാറി ഗോള്‍വല കാക്കാൻ നിയോഗിച്ചത്.

കോർട്ടോയുടെ കരാറിൽ ഒരുവർഷം മാത്രം ബാക്കിയുള്ളതിനാൽ ശരിയായ മൂല്യത്തിലുള്ള വിലയും ചെൽസിക്കു ലഭിക്കില്ല. പരമാവധി 40 മില്യൺ യൂറോയാകും റയൽ നൽകുക. ഈ സീസണൊടുവിൽ താരത്തിനു സൗജന്യമായി ടീം വിടാമെന്നിരിക്കെ ചെൽസി കരാർ സ്വീകരിക്കാനാണ് സാധ്യത. കോർട്ടോ ടീം വിടുന്നതോടെ കെപ്പയാകും ചെൽസിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ. 

∙ മോഡ്രിച്ച് റയല്‍ വിടുന്നു?

ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ ജേതാവായ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ ഇറ്റാലിയൻ ക്ലബ് ഇന്റര്‍മിലാന്‍. കഴിഞ്ഞ ആറു സീസണുകളില്‍ റയലിനായി പന്തുതട്ടിയ മോഡ്രിച്ച് ഇന്ററിലേക്കു കൂടുമാറാന്‍ ആഗ്രഹിക്കുന്നെന്നു റിപ്പോര്‍ട്ടുകളുണ്ട്. മോഡ്രിച്ചിന് ഇന്ററില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് ക്ലബിലെ ക്രൊയേഷ്യന്‍ ടീമിലെ സഹതാരങ്ങളായ ഇവാന്‍ പെരിസിച്ച്, മാര്‍സലോ ബ്രോസോവിച്ച്, സിമെ വ്രസാല്‍കോ എന്നിവര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

അത്‌ലറ്റികോ മഡ്രിഡ് താരം വ്രസാല്‍കോ വായ്പാ അടിസ്ഥാനത്തിലാണ് ഈ സീസണില്‍ ഇന്ററിലെത്തിയത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിനു പിന്നാലെ മധ്യനിരയിലെ പ്രധാനിയായ മുപ്പത്തിരണ്ടുകാരൻ മോഡ്രിച്ചിനെ റയല്‍ വിട്ടുനൽകുമോ എന്നതു കണ്ടറിയണം. 

∙ കുഞ്ഞല്ല കെപ്പ

കടുത്ത ഫുട്ബോൾ ആരാധകരിൽ ചിലർ പോലും കേട്ടിരിക്കില്ല ഈ പേര്. യുവതാരത്തിന്റെ മികവ് കണ്ടറിയണമെങ്കിൽ 2012 അണ്ടർ 19 യൂറോ സെമി കണ്ടു നോക്കണം. ഫ്രഞ്ച് താരങ്ങളെ മുഴുവൻ സമയവും പിടിച്ചുനിർത്തിയ താരം പെനൽറ്റി ഷൂട്ടൗട്ടിൽ എതിരാളികളുടെ രണ്ടു ഷോട്ടുകളും തടുത്തിട്ടു. ഇതിനോടകം സ്പാനിഷ് ക്ലബിനു വേണ്ടി 54 തവണ വല കാത്തിട്ടുള്ള താരത്തിനു വെറും 23 വയസ്സു മാത്രമേയുള്ളൂ.

2017ൽ സ്പെയിൻ ദേശീയ ടീമിനുവേണ്ടി അരങ്ങേറി.‌ ഇക്കഴിഞ്ഞ ജനുവരിയിൽ റയൽ മഡ്രിഡ് താരത്തിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും താരം അത്‍ലറ്റിക്കോയിൽ തുടരുകയായിരുന്നു. റിഫ്ലക്സ്, അതിവേഗത്തിൽ ഏതു ഭാഗത്തേക്കും നീങ്ങാനുള്ള കഴിവ് എന്നിവ കെപ്പയുടെ പ്രത്യേകത.