Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റയലിന് വീണ്ടും ജയം; റോണോ പോയതോടെ ബെയ്‌ലിന്റെ തലവര തെളിയുന്നു?

bale-asensio റയലിനായി ഗോൾ നേടിയ ഗാരത് ബെയ്‌ലും മാർക്കോ അസെൻസിയോയും.

ന്യൂജഴ്‍സി∙ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡ് വിട്ടതോടെ ഗാരത് ബെയ്‌ലിന്റെ തലവര തെളിയുകയാണോ? പ്രീസീസൺ ടൂർണമെന്റായ ഇന്റർനാഷനൽ ചാംപ്യൻസ് കപ്പിലെ തുടർച്ചയായ രണ്ടാം മൽസരത്തിലും ഗോൾ കണ്ടെത്തിയ ഗാരത് ബെയ്‌ലിന്റെ മികവിൽ റയൽ മഡ്രിഡിന് ജയം. ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. റയലിനായി ബെയ്‌ലിനു (15) പുറമെ മാർക്കോ അസെൻസിയോയും (രണ്ടാം മിനിറ്റ്) ഗോൾ നേടി. സ്ട്രൂട്മാന്റെ (83) വകയായിരുന്നു റോമയുടെ ആശ്വാസഗോൾ.

ആദ്യ ഗോളിനു വഴിയൊരുക്കിയും രണ്ടാം ഗോൾ നേടിയും റയലിന്റെ വിജയശിൽപിയായ ബെ‍യ്‍ൽ, ടീം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിഴലിൽനിന്ന് താൻ പുറത്തേക്കു വരികയാണെന്ന് പ്രഖ്യാപിച്ചു. മൽസരം തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ ബെയ്‍ൽ ആദ്യഗോളിന് വിത്തുപാകി. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ബെയ്‌ൽ നൽകിയ തകർപ്പൻ പാസിന് കാലുവയ്ക്കേണ്ട ചുമതലയേ അസെൻസിയോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. സ്കോർ 1–0.

15–ാം മിനിറ്റിൽ ബെയ്‍ൽ ലീഡ് വർധിപ്പിച്ചു. ഡാനി കാർവജാലിൽനിന്നും ലഭിച്ച പന്തുമായി മാർക്കാനോയെ വെട്ടിയൊഴിഞ്ഞ് ബെയ്‌ലിന്റെ അനായാസ ഫിനിഷ്. സ്കോർ 2–0. രണ്ടാം പകുതിയിൽ പാട്രിക് ഷിക്സിന്റെ ഹെഡറിനെ വലയിലേക്ക് തിരിച്ചുവിട്ട് സ്ട്രൂട്മാൻ ഒരു ഗോൾ മടക്കിയെങ്കിലും റയൽ വിജയം കൈവിട്ടില്ല. കഴിഞ്ഞ മൽസരത്തിൽ യുവെന്റസിനെ തോൽപ്പിച്ച റയലിന്, ഇക്കുറി റോമയ്ക്കെതിരെയും വിജയം. കഴിഞ്ഞ മൽസരത്തിൽ ഗോൾ നേടിയ അസെൻസിയോയും ബെയ്‍ലും ഒരിക്കൽക്കൂടി വിജയനായകരായി.