Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് താരവുമായി ഈസ്റ്റ് ബംഗാൾ അധികൃതർ മാധ്യമങ്ങൾക്കു മുന്നിൽ; പിന്നെ ‘ചമ്മി’

johny-acosta-neymar റഷ്യൻ ലോകകപ്പിൽ ബ്രസീൽ താരം നെയ്മറിന്റെ മുന്നേറ്റം തടയാനുള്ള അകോസ്റ്റയുടെ ശ്രമം.

കൊൽക്കത്ത∙ ഇക്കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ കളിച്ച താരം ഇന്ത്യയിൽ വന്ന് ഐ ലീഗിൽ പന്തു തട്ടുക! കോസ്റ്റ റിക്കൻ താരം ജോണി അകോസ്റ്റയെ ടീമിലെടുത്ത കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിന് ഇതിലും വലിയൊരു ‘മൈലേജ്’ കിട്ടാനുണ്ടോ? പറഞ്ഞിട്ടെന്ത്, താരം ഇന്ത്യയിലെത്തിയതിനു പിന്നാലെ മാധ്യമ പ്രവർത്തകർക്കു മുന്നിൽ അവതരിപ്പിക്കാനെത്തി നാണം കെട്ടിരിക്കുകയാണ് ക്ലബ് അധികൃതർ. സ്പാനിഷ് ഭാഷ മാത്രം വശമുള്ള താരവുമായി പത്രസമ്മേളനത്തിനെത്തിയ ക്ലബ് അധികൃതർ ഒരുകാര്യം മാത്രം മറന്നു, പരിഭാഷകനെ കൊണ്ടുവരാൻ!

ബുധനാഴ്ച വൈകീട്ട് 5.30നാണ് പരിഭാഷകനില്ലാതെ അകോസ്റ്റയുമായി ക്ലബ്ബിന്റെ പുതിയ സിഇഒ സഞ്ജിത് സെന്നും സംഘവും വാർത്താ സമ്മേളനത്തിനായി എത്തിയത്. വാർത്താ സമ്മേളനം ആരംഭിച്ചയുടൻ അധികൃതർക്ക് അമളി മനസ്സിലായി. ഇതോടെ, ഭാഷ അറിയാത്തവർക്കായി ഗൂഗിളിന്റെ ‘സംഭാവന’യായ ഗൂഗിൾ ട്രാൻസ്‍‌ലേറ്ററിന്റെ സഹായം തേടാനായി ശ്രമം

എന്നാൽ, വാർത്താ സമ്മേളനം നടന്ന മുറിയിൽ ഇന്റർനെറ്റ് ലഭ്യമല്ലാതെ പോയതോടെ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച അവസ്ഥയിലായി ഈസ്റ്റ് ബംഗാൾ ക്ലബ് അധികൃതർ. ഇതോടെ, ടീമിന്റെ ബ്രാൻസ് അംബാസഡർ കൂടിയായ മുൻ താരം ആൽവിറ്റോ ഡികൂഞ്ഞയെ എത്തിച്ച് പ്രശ്നം പരിഹരിക്കാനായി നീക്കം. ഗോവൻ താരമായ ഡികൂഞ്ഞയുടെ പോർച്ചുഗീസ് പ്രാവീണ്യം ഉപയോഗപ്പെടുത്താമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ.

സ്പാനിഷ് എവിടെ കിടക്കുന്നു, പോർച്ചുഗീസ് എവിടെ കിടക്കുന്നു! ഈ നീക്കവും പൊളിഞ്ഞുപാളീസായെന്ന് പറയേണ്ടതില്ലല്ലോ. ഇതോടെ ക്ലബ് സിഇഒ സഞ്ജിത് സെന്നിന്റെ മുഖം വിവർണമായി. പിന്നാലെ, ഇന്റർനെറ്റ് സൗകര്യം വൈഫൈ വഴി ലഭ്യമാക്കാനായി വേറൊരു മുറിയിലേക്ക് പത്രസമ്മേളനം മാറ്റി.

മാധ്യമപ്രവർത്തരിലേറെയും ബംഗാളികളായതിനാൽ ഈ നീക്കവും പാളി. ബംഗാളിയിലുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിലേക്കും പിന്നീട് സ്പാനിഷിലേക്കും മൊഴിമാറ്റാനുള്ള ശ്രമങ്ങൾ അനന്തമായി നീണ്ടതോടെ ലോകകപ്പ് താരത്തെ കാണാനെത്തിയ മാധ്യമപ്രവർത്തകരുടെ ആവേശവും തണുത്തു. ഇതിനിടെ അകോസ്റ്റയ്ക്കായി ക്ലബ് സിഇഒ മറുപടി നൽകാൻ തുനിഞ്ഞെങ്കിലും മാധ്യമപ്രവർത്തകർ സമ്മതിക്കാതെ പോയതോടെ വാർത്താ സമ്മേളനം വ്യാഴാഴ്ചത്തേക്കു മാറ്റി. അപ്പോഴും പ്രശ്നം പൂർണമായും പരിഹരിക്കപ്പെട്ടില്ലെങ്കിലും ചില ചോദ്യങ്ങൾക്ക് അകോസ്റ്റ മറുപടി നൽകി. കോസ്റ്റ റിക്ക ഗ്രൂപ്പു ഘട്ടത്തിൽ തന്നെ പുറത്തായെങ്കിലും ബ്രസീലിനെതിരെ ഉൾപ്പെടെ ടീമിന്റെ മൂന്നു മൽസരങ്ങളിലും അകോസ്റ്റ കളത്തിലിറങ്ങിയിരുന്നു.