Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇറ്റാലിയൻ റോണോ’ ഇന്നു കളത്തിൽ; യുവെ ജഴ്സിയിൽ റൊണാൾഡോയ്ക്ക് ഇന്ന് അരങ്ങേറ്റം

ronaldo-juventus-13

റോം ∙ യൂറോപ്പിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ആൽപ്സ് മഞ്ഞുപർവത നിരകൾ ഇന്ന് യുവെന്റസിന്റെ വെള്ളയും കറുപ്പും ജഴ്സിയണിയും. ആൽപ്സിന്റെ ഇറ്റാലിയൻ ചെരുവിലുള്ള വില്ലാർ പിരോസ എന്ന കൊച്ചു പട്ടണം ഒരു അരങ്ങേറ്റത്തിനു വേദിയാവുകയാണ്. യുവെന്റസ് ജഴ്സിയിൽ ലോക ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ മൽസരം! കനത്തിലുള്ള ലീഗ് സീസണിനു മുൻപ് ബെഡ് കോഫി കുടിക്കുന്നതു പോലെ, സൗഹൃദ മൽസരത്തിൽ ക്രിസ്റ്റ്യാനോയുടെ യുവെന്റസ് പിരോസ പട്ടണത്തിലെ ബി ടീമിനെ നേരിടുന്നു.

യുവെന്റസിന്റെയും കാർ നിർമാതാക്കളായ ഫിയറ്റിന്റെയുമെല്ലാം ഉടമസ്ഥരായ ആഗ്‌നെല്ലി കുടുംബത്തിന്റെ എസ്റ്റേറ്റും വേനൽക്കാല വസതിയും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ടൂറിനിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള വില്ലാർ പിരോസ. മുൻ ക്ലബ് ചെയർമാൻ ജിയാന്നി ആഗ്‌നെല്ലി ഈ പട്ടണത്തിന്റെ മേയറുമായിരുന്നു.

∙ ആചാരങ്ങൾ, മനോഹരം

വില്ലാർ പിരോസ പട്ടണത്തിലെ ആകെ ജനസംഖ്യ 4100 മാത്രമാണ്. അതിനേക്കാൾ കൂടുതലാളുകൾ ഇന്ന് കളി കാണാനെത്തും. മുൻ ഇറ്റലി സെന്റർ ബായ്ക്ക് ഗെയ്റ്റാനോ ഷിറിയയുടെ പേരിലുള്ള സ്റ്റേ‍ഡിയത്തിൽ നടക്കുന്ന മൽസരത്തിന്റെ അയ്യായിരം ടിക്കറ്റുകൾ വിറ്റുപോയി. മൽസരത്തിനു മുൻപ് പട്ടണത്തിൽ അതീവ സുരക്ഷയാണ്. ശനിയാഴ്ച മുതൽ മദ്യവിൽപന വരെയില്ല.

റൊണാൾഡോയുടെ വരവ് പ്രമാണിച്ച് ആദ്യ മൽസരം അലയൻസ് അരീനയിലേക്കു മാറ്റിയാലോ എന്ന് നേരത്തേ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് വർഷങ്ങളായുള്ള പാരമ്പര്യം തെറ്റിക്കേണ്ട എന്ന് ക്ലബ് അധികൃതർ കരുതി. കളിയിലുമുണ്ട് ആചാരങ്ങൾ. രണ്ടാം പകുതിയിൽ കളി തുടങ്ങി അ​ഞ്ചു മിനിറ്റാകുമ്പോൾ ആരാധകർ മൈതാനം കയ്യേറും. കളി നിർത്തി വയ്ക്കും. പിന്നെ ആരാധകർക്ക് തങ്ങളുടെ പ്രിയതാരങ്ങളെ ആശംസിക്കാനുള്ള അവസരമാണ്. അതു കഴിഞ്ഞേ കളി തുടരൂ...

∙ തൂത്തുവാരി യുവെ

റൊണാൾഡോയുടെ വരവോടെ യുവെന്റസ് ടീമിലും അടിമുടി മാറ്റങ്ങളാണ്. പ്രധാനപ്പെട്ട അതിഥി വരുമ്പോൾ മുറ്റം തൂത്തു വൃത്തിയാക്കുന്നതു പോലെ യുവെ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന സ്ട്രൈക്കറായിരുന്ന അർജന്റീനക്കാരൻ ഗോൺസാലോ ഹിഗ്വെയിനെ എസി മിലാനു വിറ്റു. യുവ ഡിഫൻഡർ മാറ്റിയ കാൽഡാറയെ വച്ചു മാറി മുൻ യുവെ താരം ആൻഡ്രിയ ബർസാഗ്ലിയെ മിലാനിൽ നിന്ന് തിരിച്ചു ടീമിലെത്തിച്ചു. 24കാരനെ കൊടുത്ത് 31കാരനെ ടീമിലെത്തിച്ച ആ തീരുമാനത്തിൽ ആരാധകർ അത്ര തൃപ്തരല്ല.

പക്ഷേ, റൊണാൾഡോയുടെ വരവിന്റെ ആഘോഷത്തിൽ അവരതു മറന്നു നിൽക്കുകയാണ്. തുടർച്ചയായ എട്ടാം സെരി എ കിരീടം മാത്രമല്ല യുവെ ലക്ഷ്യമിടുന്നത്. രണ്ടു പതിറ്റാണ്ടിനിടെ പലവട്ടം കയ്യെത്തും ദൂരെ വിട്ടു പോയ ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുക എന്നതു കൂടിയാണ്. പൗളോ ഡിബാല, ഡഗ്ലസ് കോസ്റ്റ എന്നിവരാകും മുന്നേറ്റത്തിൽ റൊണാൾഡോയ്ക്കു കൂട്ട്. 18നാണ് ലീഗ് സീസണിനു തുടക്കം. ആദ്യ മൽസരത്തിൽ യുവെ ചിയെവോയെ നേരിടും.

∙ പ്രതീക്ഷയോടെ ഇറ്റലി

റൊണാൾഡോയുടെ വരവോടെ യുവെന്റസ് ക്ലബ് മ്യൂസിയത്തിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ ഈ വർഷം 15 ശതമാനത്തോളം വർധനയായി. ടിക്കറ്റ് തുക 30 ശതമാനത്തോളം വർധിപ്പിച്ചിട്ടും മുപ്പതിനായിരത്തോളം സീസൺ ടിക്കറ്റുകൾ വിറ്റു പോയി. സെരി എ സംപ്രേഷണാവകാശം ഇഎസ്പിഎൻ സ്വന്തമാക്കി. മാറ്റങ്ങൾ യുവെയിൽ മാത്രമല്ല. പ്രധാന എതിരാളികളായ നാപ്പോളിയും റോമയുമെല്ലാം സടകുടഞ്ഞ് എണീറ്റതോടെ ഇറ്റാലിയൻ ഫുട്ബോളിൽ മാറ്റത്തിന്റെ കാറ്റു വീശുകയാണ്. ചെൽസിയിലേക്കു പോയ കോച്ച് മൗറീഷ്യോ സാറിക്കു പകരം കാർലോ ആഞ്ചലോട്ടിക്കു കീഴിലാണ് നാപ്പോളി ഇറങ്ങുന്നത്.

ഇതിഹാസ ബ്രസീലിയൻ താരം കക്കാ എസി മിലാനിൽ സ്പോർട്ടിങ് ഡയറക്ടറായി തിരിച്ചെത്തും. റയൽ മഡ്രിഡിൽ റൊണാൾഡോയുടെ സഹതാരവും ലോകകപ്പിലെ മികച്ച കളിക്കാരനുമായ ലൂക്ക മോഡ്രിച്ചിനെ സ്വന്തമാക്കാൻ ഇന്റർ മിലാനും ശ്രമിച്ചിരുന്നു. എല്ലാ മാറ്റങ്ങളും നല്ലതിനാണെന്ന് ഇറ്റലിക്കാർ വിശ്വസിക്കുന്നു. റഷ്യൻ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ സങ്കടം മറന്ന് അവർ സ്വപ്നം കാണുന്നത് മറ്റൊന്നാണ്. തൊണ്ണൂറുകൾ മുതൽ രണ്ടായിരത്തിന്റെ തുടക്കത്തിൽ വരെ ഇറ്റാലിയൻ ക്ലബുകൾ യൂറോപ്പ് ഭരിച്ചിരുന്ന ആ നല്ലകാലം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.