Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറു മാസത്തിനുശേഷം ഫ്രഞ്ച് ലീഗിൽ ‘നെയ്മർ ഗോൾ’; പിഎസ്ജിക്ക് വിജയത്തുടക്കം – വിഡിയോ

Neymar celebrates - French L1 ഗോൾ നേടിയ നെയ്മറുടെ ആഹ്ലാദം.

പാരിസ് ∙ ആറു മാസത്തോളം നീണ്ട ഇടവേളയ്ക്കുശേഷം ഫ്രഞ്ച് ലീഗിലേക്കുള്ള തിരിച്ചുവരവിന് ഗോളിന്റെ അഴകു ചാർത്തി ബ്രസീലിയൻ താരം നെയ്മർ. സൂപ്പർതാരങ്ങളായ എഡിസൻ കവാനിയും കിലിയൻ എംബപ്പെയും പുറത്തിരുന്ന മൽസരത്തിൽ പിഎസ്ജി, കെയ്നെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു. പിഎസ്ജിക്കായി സൂപ്പർതാരം നെയ്മർ 10–ാം മിനിറ്റിൽ തുടങ്ങിവച്ച ഗോളടി, അഡ്രിയാൻ റാബിയട്ട് (35), തിമോത്തി വിയ (89) എന്നിവരാണ് പൂർത്തിയാക്കിയത്.

ഇതോടെ, നിലവിലെ ചാംപ്യൻമാർ കൂടിയായ പിഎസ്ജി പുതിയ സീസണിന് വിജയത്തോടെ തുടക്കമിട്ടു. പിഎസ്ജി കമാൻഡറായി ഈ സീസണിൽ ടീമിലെത്തിയ ജർമൻ പരിശീലകൻ തോമസ് ടൂഷലിനും ഇതോടെ വിജയത്തോടെ തുടക്കമിടാനായി. മൽസരത്തിന് മുൻപ് ലോകകപ്പ് കിരീടം ചൂടിയ ഫ്രഞ്ച് ടീമിലെ പിഎസ്ജി താരങ്ങളെ ആദരിച്ചു.

യുവെന്റസിൽനിന്ന് ഈ സീസണിൽ ടീമിലെത്തിയ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ബുഫണിന് ആദ്യ ഇലവനിൽ അവസരം നൽകിയാണ് പിഎസ്ജി പരിശീലകൻ തോമസ് ടൂഷൽ ടീമിനെ ഇറക്കിയത്. അതേസമയം എംബപ്പെ, കവാനി എന്നിവർക്കു പുറമെ ജൂലിയൻ ഡ്രാക്സ്‌ലർ, തോമസ് മ്യൂനിയർ, കെവിൻ ട്രാപ്പ് തുടങ്ങിയവർ പകരക്കാരുടെ ബെഞ്ചിലിരുന്നു.

മൽസരം തുടങ്ങി 10–ാം മിനിറ്റിൽത്തന്നെ നെയ്മർ ആദ്യ ഗോൾ നേടി. എൻകുൻഗുവിൽനിന്ന് ലഭിച്ച പന്തുമായി കെയ്ൻ ബോക്സിലേക്കു കയറിയ നെയ്മർ അനായാസം ലക്ഷ്യം കണ്ടു. 35–ാം മിനിറ്റിൽ മധ്യനിര താരം റാബിയട്ട് ലീഡ് വർധിപ്പിച്ചു. കെയ്ൻ താരങ്ങളുടെ പിഴവു മുതലെടുത്ത് എയ്ഞ്ചൽ ഡി മരിയ നൽകിയ പാസ്, റാബിയട്ട് അനായാസം വലയിലെത്തിച്ചു. രണ്ടാം പകുതിയിലും പിഎസ്ജി ഒട്ടേറെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും പോസ്റ്റിനു മുന്നിൽ കെയ്ൻ ഗോൾകീപ്പർ സാമ്പ വിലങ്ങുതടിയായി.

ഒടുവിൽ നെയ്മറിനു പകരം കളത്തിലിറങ്ങിയ തിമോത്തി വിയ ഗോൾ നേടിയതും സാമ്പയുടെ പിഴവു മുതലെടുത്തുതന്നെ. ബോക്സിനുള്ളിൽ പന്തു ലഭിച്ച സാമ്പ അതുവച്ചു താമസിപ്പിച്ചതാണ് വിനയായത്. അവസരം മുതലെടുത്ത വിയ പന്തു ഗോളിലെത്തിക്കുമ്പോൾ, താരം കളത്തിലെത്തിയിട്ട് ആറു മിനിറ്റ് മാത്രം! ജഴ്‌സിയൂരി ഗോൾ ആഘോഷിച്ച വിയ മഞ്ഞക്കാർഡും കണ്ടു.