Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റ്യാനോ ഇല്ലാത്ത ആദ്യപരീക്ഷണം തോറ്റ് റയൽ; അത്‍ലറ്റിക്കോയ്ക്ക് സൂപ്പർകപ്പ് – വിഡിയോ

uefa-super-cup-2018-atletico-madrid അത്‌ലറ്റിക്കോ മഡ്രിഡ് ടീം കിരീടവുമായി. (യുവേഫ ട്വീറ്റ് ചെയ്ത ചിത്രം)

ടാലിൻ (എസ്റ്റോണിയ) ∙ യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിലുള്ള വാർഷിക പോരാട്ടമായ യുവേഫ സൂപ്പർകപ്പിൽ റയൽ മഡ്രിഡിനെ വീഴ്ത്തി അത്‍ലറ്റിക്കോ മഡ്രിഡിനു കിരീടം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അത്‍ലറ്റിക്കോയുടെ ജയം. മുഴുവൻ സമയത്തും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് മൽസരം എക്സ്ട്രാ ടൈമിലേക്കു നീണ്ടപ്പോഴാണ് അത്‍ലറ്റിക്കോയുടെ വിജയഗോളുകളെത്തിയത്. വിജയികൾക്കായി ഡീഗോ കോസ്റ്റ ഇരട്ടഗോൾ (ഒന്ന്, 79) നേടി. സോൾ നിഗ്വെസ് (98), കോക്കെ (104) എന്നിവരുടെ വകയായിരുന്നു എക്സ്ട്രാ ടൈമിലെ വിജയഗോളുകൾ. കരിം ബെൻസേമ (27), സെർജിയോ റാമോസ് (63, പെനൽറ്റി) എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്.

കഴിഞ്ഞ തവണ ചാംപ്യൻസ് ലീഗ് കിരീടം നേടി ഹാട്രിക് തികച്ച റയലിന്, ക്രിസ്റ്റ്യാനോ യുഗത്തിനു ശേഷമുള്ള ആദ്യ പരീക്ഷണം കയ്പ്പു നിറഞ്ഞതായി. സിനദിൻ സിദാന്റെ പിൻഗാമിയായി ചുമതലയേറ്റ പരിശീലകൻ ജുലെൻ ലോപ്പറ്റെഗിക്കും തുടക്കം മറക്കാനാഗ്രഹിക്കുന്നതായി.

സൂപ്പർകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗം കൂടിയ ഗോളുമായി വരവറിയിച്ച സ്പാനിഷ് താരം ഡിഗോ കോസ്റ്റയിലൂടെ അത്‍ലറ്റിക്കോയാണ് മൽസരത്തിൽ ആദ്യം മുന്നിലെത്തിയത്. വലതുവിങ്ങിലൂടെ കുതിച്ചുകയറിയ ഡീഗോ കോസ്റ്റ പോസ്റ്റിനു സമീപത്തുനിന്നും നിറയൊഴിക്കുമ്പോൾ, തടയാനെത്തിയ റയൽ പ്രതിരോധം നിഷ്പ്രഭമായി.

എന്നാൽ, 27–ാം മിനിറ്റിൽ ഗാരത് ബെയ്‍ലിന്റെ തകർപ്പൻ ക്രോസിന് ഗോളിലെ ഹെ‍ഡറിലൂടെ ഗോളിലേക്കയച്ച് കരിം ബെൻസേമ റയലിന് സമനില സമ്മാനിച്ചു. ആദ്യപകുതിയിൽ കൂടുതൽ ഗോളുകളൊന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയിൽ ആദ്യം ലീഡ് നേടിയത് റയൽ. ബോക്സിനുള്ളിൽ യുവാൻഫ്രാന്റെ ഹാൻഡ്ബോളിന് ലഭിച്ച പെനൽറ്റി റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് ലക്ഷ്യത്തിലെത്തിച്ചു.

റയൽ വിജയം സ്വപ്നം കണ്ടു തുടങ്ങുന്നതിനിടെ 79–ാം മിനിറ്റിൽ വീണ്ടും ഡീഗോ കോസ്റ്റയുടെ പ്രഹരം. റയൽ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ക്ലോസ് റേഞ്ചിൽനിന്ന് കോസ്റ്റ ലക്ഷ്യം കണ്ടു. മുഴുവൻ സമയത്ത് മൽസരം 2–2ന് സമനിലയിൽ തുടർന്നതോടെ വിജയികളെ നിർണയിക്കാൻ മൽസരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി. ഇക്കുറി റയൽ താരനിരയെ നിഷ്പ്രഭരമാക്കിക്കളഞ്ഞ അത്‍ലറ്റിക്കോ ആദ്യപകുതിയിൽത്തന്നെ ഇരട്ടഗോൾ നേടിയതോടെ കിരീടവഴിയിലെത്തി, അവർ. സോൾ നിഗ്വെസിന്റെ തകർപ്പൻ വോളിയിലൂടെ 98–ാം മിനിറ്റിൽ ലീഡ് നേടിയ അത്‍ലറ്റിക്കോ, ആറു മിനിറ്റിനുള്ളിൽ കോക്കെയിലൂടെ നാലാം കണ്ടെത്തിയതോടെ മൽസരം പൂർണം.