Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൂക്കാ മോഡ്രിച്ച് മികച്ച യൂറോപ്യൻ ഫുട്ബോളർ; ക്രിസ്റ്റ്യാനോയും സലായും പിന്നിൽ

modric

മൊണാക്കോ ∙ യൂറോപ്യൻ ലീഗുകളിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 2017-18 വർഷത്തിലെ യുവേഫ പുരസ്കാരം റയൽ മഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചിന്. റയൽ മഡ്രിഡിൽനിന്ന് ഈ സീസണിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്കു ചേക്കേറിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, പ്രീമിയർ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ എന്നിരെ പിന്നിലാക്കിയാണ് മോഡ്രിച്ച് പുരസ്കാരം നേടിയത്. ഈ വർഷം റഷ്യയിൽ നടന്ന ലോകകപ്പിൽ ഫൈനലിലെത്തിയ ക്രൊയേഷ്യൻ ടീമിന്റെ നായകനായിരുന്നു ഈ മുപ്പത്തിരണ്ടുകാരൻ.

മികച്ച താരങ്ങൾക്കുള്ള പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാമതെത്തി. മുഹമ്മദ് സലായാണ് മൂന്നാമത്. അന്റോയിൻ ഗ്രീസ്മൻ, ലയണൽ മെസ്സി, കിലിയൻ എംബപ്പെ, കെവിൻ ഡിബ്രൂയിനെ, റാഫേൽ വരാൻ, ഏ‍ഡൻ ഹസാർഡ്, സെർജിയോ റാമോസ് എന്നിവരാണ് യഥാക്രമം രണ്ടു മുതൽ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്. 

യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും തുടർച്ചയായ രണ്ടാം വർഷവും മോഡ്രിച്ച് നേടി. അതേസമയം, മികച്ച താരത്തിനുള്ള പുരസ്കാരം തലനാരിഴയ്ക്കു നഷ്ടമായെങ്കിലും പോയ സീസണിലെ മികച്ച സ്ട്രൈക്കറായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. റയൽ മഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് മികച്ച ഡിഫൻഡറായും റയലിന്റെ തന്നെ കോസ്റ്റ റിക്കൻ താരം കെയ്‌ലർ നവാസ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.