സാഫ് കപ്പ്: ഇന്ന് ഇന്ത്യ–ശ്രീലങ്ക

ധാക്ക ∙ സാഫ് കപ്പ് ഫുട്ബോളിൽ നാളെ ഇന്ത്യ ആദ്യ മൽസരത്തിൽ ശ്രീലങ്കയെ നേരിടും. ഒരു മാസത്തെ വിദേശ പരിശീലനത്തിനു ശേഷമെത്തുന്ന ഇന്ത്യൻ ടീമിൽ സ്ട്രൈക്കർ സുമീത് പാസി ഒഴികെ എല്ലാവരും അണ്ടർ 23 ടീമിലെ കളിക്കാരാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന്ആണു കിക്കോഫ്. നിലവിലെ ജേതാക്കളായ ഇന്ത്യയാണു  ഫേവറിറ്റുകൾ. ഞായറാഴ്ച മാലദ്വീപിനെതിരെയാണ്  ഇന്ത്യയുടെ രണ്ടാം മൽസരം. മൂന്നു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാർ സെമിഫൈനലിൽ കടക്കും. 15നാണ് ഫൈനൽ. 

മുൻപ് 22 തവണ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കളിച്ചിട്ടുണ്ട്. 15 തവണയും ഇന്ത്യയ്ക്കായിരുന്നു വിജയം. മികച്ച യുവനിരയാണ് ഇന്ത്യയുടേതെന്നും ഓസ്ട്രേലിയയിൽ നടത്തിയ  ക്യാംപ് ടീമിന്റെ പ്രകടനത്തെ സ്വാധീനിക്കുമെന്നും ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു. ഇന്നലെ പാക്കിസ്ഥാൻ 2–1നു നേപ്പാളിനെ യും ആതിഥേയരായ ബംഗ്ലദേശ് 2–0ന് ഭൂട്ടാനെയും പരാജയപ്പെടുത്തി.