Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് ‘ദുരന്ത’ത്തിനു ശേഷം അർജന്റീനയും ബ്രസീലും വീണ്ടും കളത്തിൽ

dybala അർജന്റീന താരം ഡിബാല

റഷ്യ ലോകകപ്പിനു ശേഷം ഉടച്ചുവാർത്ത പുതിയ ടീമുകളെയുമായി ലാറ്റിനമേരിക്കയിലെ പഴയ സിംഹങ്ങൾ സൗഹൃദ മൽസരത്തിന് ഇറങ്ങുന്നു. ബ്രസീൽ കരുത്തരായ യുഎസ്എയെ നേരിടുമ്പോൾ അർജന്റീനയ്ക്കു താരതമ്യേന ദുർബലരായ ഗ്വാട്ടിമാലയാണ് എതിരാളികൾ. ഇന്ത്യൻ സമയം നാളെ രാവിലെയുള്ള മൽസരങ്ങൾക്കു ടെലിവിഷൻ സംപ്രേഷണമില്ല. അതേസമയം, ഫുട്ബോൾ ലൈവ് സ്ട്രീമിങ് വെബ്സൈറ്റുകളിൽ കളി കാണാൻ സാധിക്കും.

മെസ്സിയില്ലാതെ അർജന്റീന

∙ അർജന്റീന – ഗ്വാട്ടിമാല

ഹോർഗെ സാംപോളി പുറത്താക്കപ്പെട്ട ശേഷം അർജന്റീനയുടെ പരിശീലകനായി നിയോഗിക്കപ്പെട്ട ലയണൽ സ്കലോനിക്കാണ് ഈ മൽസരം തലവേദന. ലയണൽ മെസ്സിയുടെ തലമുറക്കാരായ ഫുട്ബോൾ താരങ്ങൾക്കു പറ്റിയ പിൻഗാമികൾ അർജന്റീനയിലുണ്ടോ എന്ന സംശയത്തിനും കോച്ച് മറുപടി നൽകിയേ മതിയാവൂ. അതിനാൽ, ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ യുവതാരം പൗലോ ഡിബാലയെ മുന്നിൽനിർത്തിയാണ് ഈ സൗഹൃദക്കളിക്കു കോച്ച് ടീമിനെ ഒരുക്കുന്നത്.

മെസ്സി, അഗ്യൂറോ തുടങ്ങിയ മുൻനിര താരങ്ങൾ പലരും, യുഎസിലെ കലിഫോർണിയയിൽ നടക്കുന്ന മൽസരത്തിനുള്ള ടീമിലില്ല. ഗോൾകീപ്പർമാർ മുതൽ സ്ട്രൈക്കർമാർ വരെ ടീമിൽ സമ്പൂർണ അഴിച്ചുപണി നടത്തിയാണ് അർജന്റീന അമേരിക്കയിലെത്തിയത്.  

ഏയ്ഞ്ചൽ കോറിയ, മൗറോ ഇകാർദി, ജിയോവാനി സിമിയോണി, ക്രിസ്റ്റ്യൻ പാവോൺ, പൗലോ ഡിബാല എന്നിവരാണു മുന്നേറ്റനിരയിലേക്കു പരിഗണിക്കപ്പെടുന്നവർ. മധ്യനിരയിലും പ്രതിരോധത്തിലും സീനിയർ താരങ്ങൾ ആരുമില്ല. റിസർവ് ഗോളിയായി ടീമിനൊപ്പമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെർജിയോ റൊമേറോ മാത്രമാണ് അർജന്റീന നിരയിലെ സീനിയർ. 

ജിസ്യൂസില്ലാതെ ബ്രസീൽ 

∙ യുഎസ്എ – ബ്രസീൽ 

ന്യൂജഴ്സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ കളി യുഎസ്എയ്ക്കും ബ്രസീലിനും ജയിച്ചേ മതിയാവൂ. ലോകകപ്പിൽനിന്നു പുറത്തായതിന്റെ പേരുദോഷമാണു കാനറികൾക്കെങ്കിൽ, ആതിഥേയരായ യുഎസിനു ലോകകപ്പ് യോഗ്യത നേടാനാകാതെ പോയതിന്റെ വേദന ഇനിയും മാറിയിട്ടില്ല. ലോകകപ്പിനു മുൻപത്തെ സന്നാഹ മൽസരത്തിൽ ഫ്രാൻസിനെ 1–1 സമനിലയിൽ പിടിച്ചതിന്റെ ആത്മവിശ്വാസം യുഎസിന്റെ കാലുകളിലുണ്ട്. അതേസമയം, ബ്രസീൽ നിരയിൽ വലിയ പരീക്ഷണങ്ങൾ നടത്താനാണു കോച്ച് ടിറ്റെയുടെ തീരുമാനം.

ഗബ്രിയേൽ ജിസ്യൂസും മാർസെലോയും ടീമിലില്ല. പകരം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്ദ്രയാസ് പെരേരയെയും ലിവർപൂളിന്റെ ഫാബിഞ്ഞോയെയും ടീമിലെടുത്തിട്ടുമുണ്ട്.

എൽ സാൽവദോറിനെതിരെയും ബ്രസീലിനു സൗഹൃദ മൽസരമുണ്ട്. ജർമൻ ക്ലബ് ബോറൂസിയ ഡോർട്മുണ്ടിനു കളിക്കുന്ന സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച് യുഎസ് ടീമിലുണ്ടാവില്ല. പരുക്കുമൂലം വിശ്രമത്തിലാണു പുലിസിച്. മെക്സിക്കോയ്ക്കെതിരെയും യുഎസ് സൗഹൃദ മൽസരം കളിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.