Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേഷൻസ് ലീഗ്: ലോകചാംപ്യൻമാരെ തളച്ച് ജർമനി; ജയിച്ചുകയറി വെയ്ൽസ്

france-germany ഫ്രാൻസ് –ജർമനി മൽസരത്തിൽ നിന്ന്. ട്വിറ്റർ ചിത്രം

മ്യൂണിക്ക് ∙ റഷ്യയിൽ നിന്ന് ആദ്യമേ മടങ്ങിയ ജർമനിയും അവസാനം കപ്പുമായി മടങ്ങിയ ഫ്രാൻസും മ്യൂണിക്കിൽ കൈകൊടുത്തു പിരിഞ്ഞു. യൂറോപ്പിലെ പുതിയ ഫുട്ബോൾ അരങ്ങായ യുവേഫ നേഷൻസ് ലീഗിൽ ലോക ചാംപ്യൻമാർ ഗോളില്ലാ സമനിലയിൽ. ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടാത്ത വെയ്ൽസാണ് അയർലൻഡിനെതിരെ 4–1 ജയത്തോടെ ചാംപ്യൻഷിപ്പിന്റെ ആദ്യ മൽസര ദിനത്തിൽ മികച്ച ഫലം കുറിച്ചത്. യുക്രെയ്ൻ ചെക്ക് റിപ്പബ്ലിക്കിനെയും (2–1), ബൾഗേറിയ സ്ലൊവേനിയയെയും (2–1), നോർവെ സൈപ്രസിനെയും (2–0), മാസിഡോണിയ ജിബ്രാൾട്ടറിനെയും (2–0) തോൽപിച്ചു. ലാത്വിയയും അൻഡോറയും സമനിലയിൽ പിരിഞ്ഞു. ആർസനൽ താരം ഹെന്റിക് മഖിതെര്യാൻ പെനൽറ്റി കിക്ക് നഷ്ടമാക്കിയെങ്കിലും അർമീനിയ ലിച്ചെൻസ്റ്റെയ്നെതിരെ 2–1നു ജയിച്ചു. 

ബയൺ മ്യൂണിക്കിന്റെ മൈതാനമായ അലയൻസ് അരീനയിൽ ആവേശപോരാട്ടം പ്രതീക്ഷിച്ചെത്തിയവരെ നിരാശപ്പെടുത്തുന്നതായി മഴയിൽ കുതിർന്ന ജർമനി–ഫ്രാൻസ് മൽസരം. ലോകകപ്പ് ഫൈനൽ ജയിച്ച ടീമിൽ നിന്ന് ഒരേയൊരു മാറ്റവുമായാണ് ഫ്രഞ്ച് കോച്ച് ദിദിയെ ദെഷാം ടീമിനെ ഇറക്കിയത്. പരുക്കേറ്റ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിനു പകരം ഗോൾകീപ്പറായി അൽഫോൺസെ അരിയോള ഇറങ്ങി. ഫലത്തിൽ നിർണായകമായതും അതു തന്നെ. രണ്ടാം പകുതിയിൽ അരിയോളയുടെ സേവുകളാണ് ഫ്രാൻസിനെ കാത്തത്. അന്റോയ്ൻ ഗ്രീസ്മാന്റെ മികച്ചൊരു ഷോട്ട് സേവ് ചെയ്ത് മാനുവൽ ന്യൂയറും കളി ഗോൾകീപ്പർമാരുടേതാക്കി. ഹോളണ്ടിനെതിരെയാണ് ഫ്രാൻസിന്റെ അടുത്ത കളി. 

കാർഡിഫിൽ ഇതിഹാസ താരവും ടീമിന്റെ പുതിയ പരിശീലകനുമായ റയാൻ ഗിഗ്സിന് ശുഭരാത്രി നേർന്ന വിജയമാണ് അയർലൻ‍ഡിനെതിരെ വെയ്ൽസ് നേടിയത് (4–1). 18–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള മഴവിൽ ഗോളിലൂടെ സൂപ്പർ താരം ഗാരെത് ബെയ്ൽ ഗിഗ്‌സിനു വരവേൽപ് നൽകി. 

∙ യുവേഫ നേഷൻസ് ലീഗ് 

യൂറോപ്യൻ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മൽസരങ്ങൾക്ക് സംഘടിത രൂപം നൽകി യുവേഫ ഈ വർഷം മുതൽ നടത്താൻ തീരുമാനിച്ച ടൂർണമെന്റാണ് നേഷൻസ് ലീഗ്. എ, ബി, സി, ഡി എന്നിങ്ങനെ നാലു ലീഗുകളിലായി നടക്കുന്ന ചാംപ്യൻഷിപ്പിൽ യൂറോപ്പിലെ 55 ദേശീയ ടീമുകൾ മൽസരിക്കുന്നു. ഫിഫ റാങ്കിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ടീമുകളാണ് ലീഗ് എയിൽ. ക്ലബ് മൽസരങ്ങളുടെ ഇടവേളകളിലാകും മൽസരങ്ങൾ നടക്കുക. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന ചാംപ്യൻഷിപ്പിന്റെ ഫൈനൽ 2019 ജൂണിൽ നടക്കും. യൂറോ കപ്പിനുള്ള യോഗ്യതാ ചാംപ്യൻഷിപ്പുകളിലൊന്നു കൂടിയാണ് നേഷൻസ് ലീഗ്.