Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സുമായി കളിച്ചിട്ടില്ലെന്ന് ബാങ്കോക്ക് എഫ്സി; ആരാധകർക്ക് ‘കൺഫ്യൂഷൻ’

kbfc-bangkok-fc ബാങ്കോക്ക് എഫ്സിയെ തോൽപ്പിച്ച മൽസരത്തിലേത് എന്നു വ്യക്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ് പോസ്റ്റ് ചെയ്ത ചിത്രവും അതിനു താഴെ ബാങ്കോക്ക് എഫ്സി നൽകിയ മറുപടികളും.

ഹുവാ ഹിൻ (തായ്‌ലൻഡ്) ∙ പുതിയ സീസണിനു മുന്നോടിയായി നടന്ന കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സന്നാഹ മൽസരം വിവാദക്കുരുക്കിൽ. പുതിയ സീസണിനു മുന്നോടിയായുള്ള ഒരുക്കത്തിനായി തായ്‍ലൻഡിലുള്ള കേരളാ ബ്ലാസ്റ്റേഴ്സ്, ആദ്യ പരിശീലന മൽസരത്തിൽ ബാങ്കോക്ക് എഫ്സിയെ തോൽപ്പിച്ചതായി ക്ലബ് അറിയിച്ചിരുന്നു. ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തുവിടുകയും ചെയ്തു.

തായ്‌ലൻഡിലെ ഹുവാ ഹിനിൽ നടന്ന പരിശീലനക്കളിയിൽ ബ്ലാസ്റ്റേഴ്സ് 4–1നു ബാങ്കോക്ക് എഫ്സിയെ തോൽപിച്ചെന്നായിരുന്നു റിപ്പോർട്ട്. ലെൻ ഡോംഗൽ (17), മലയാളി താരം കണ്ണൂർ പയ്യന്നൂർ സ്വദേശി സഹൽ അബ്ദുസമദ് (70), സ്റ്റൊജാനോവിച് (73), ഖർപാൻ (80) എന്നിവരാണു ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയതെന്നും. 86–ാം മിനിറ്റിൽ ബാങ്കോക്ക് എഫ്സിക്കു വേണ്ടി പുൻബൂൻചു ആശ്വാസഗോൾ കുറിച്ചുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ, കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങൾക്കെതിരെ ഒരു മൽസരം പോലും കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സാക്ഷാൽ ബാങ്കോക്ക് എഫ്സി അധികൃതർ രംഗത്തെത്തിയതോടെയാണ് ‘കളി’ മാറിയത്. ബാങ്കോക്ക് എഫ്സിയെ തോൽപ്പിച്ചതായി വ്യക്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ് പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് ക്ലബ് അധികൃതർ മറുപടിയുമായി എത്തിയത്. കേരളാ ബ്ലാസ്റ്റേഴ്സുമായി പ്രീ സീസൺ മൽസരങ്ങളൊന്നും തങ്ങൾ കളിച്ചിട്ടില്ലെന്നാണ് ബാങ്കോക്ക് എഫ്സിയുടെ മറുപടി. ബാങ്കോക്ക് എഫ്സിയെ തോൽപ്പിച്ചതായി വ്യക്തമാക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ പോസ്റ്റും ഒപ്പം ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ ലോഗോയും നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതേ പോസ്റ്റിനു നൽകിയ മറ്റൊരു മറുപടിയിൽ ബ്ലാസ്റ്റേഴ്സ് ഏതു ടീമിനോടാണു കളിച്ചതെന്നും ബാങ്കോക്ക് എഫ്സി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കോക്ക് തോൻബുരി സർവകലാശാലാ ടീമിനോടാണ് ബ്ലാസ്റ്റേഴ്സ് കളിച്ചതത്രേ. ഇവരുടെ ഫാൻ പേജിന്റെ ലിങ്കും ബാങ്കോക്ക് എഫ്സി അധികൃതർ നൽകിയിട്ടുണ്ട്. സംഭവത്തോട് കേരളാ ബ്ലാസ്റ്റേഴ്സ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ടീമിന് ബാങ്കോക്ക് എഫ്സി എന്നു പേരുണ്ടോ എന്നും വ്യക്തമല്ല.

21 ദിവസം തായ്‌ലൻഡിൽ പരിശീലനം നടത്തുന്ന ബ്ലാസ്റ്റേഴ്സ് അവിടെ നാലു സന്നാഹ മൽസരങ്ങൾ കൂടി കളിക്കുന്നുണ്ട്. 29ന് കൊൽക്കത്തയിൽ നടക്കുന്ന പുതിയ സീസൺ കിക്കോഫ് മൽസരത്തിൽ എടികെയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

അതേസമയം, ടീമിന്റെ പേരു മാറിപ്പോയ സംഭവം ആരാധകർ ഏറ്റെടുത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ഫെയ്സ്ബുക് പേജിൽ ആകെ ബഹളമയമായി. ഇത്രയും ആയ സ്ഥിതിക്ക് ശരിക്കും ബാങ്കോക്ക് എഫ്സിയുമായി കേരളാ ബ്ലാസ്റ്റേഴ്സ് കളിക്കണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആവശ്യം. മറ്റൊരു കൂട്ടരുടെ പ്രതികരണം ഇങ്ങനെ: ഞങ്ങൾക്ക് കലിപ്പടക്കണം കപ്പടിക്കണം. അതിപ്പോ കളിച്ചാലും ശരി കളിച്ചില്ലേലും ശരി. ഇറങ്ങി പോടെ..... പോടെ.

related stories