ലോകകപ്പിനു ശേഷമുള്ള ആദ്യ മൽസരത്തിൽ ഇംഗ്ലണ്ട് സ്പെയിനോടു തോറ്റു (1–2)

ലണ്ടൻ ∙ പുതിയ പരിശീലകൻ ലൂയി എൻറിക്വെയ്ക്കു കീഴിൽ സ്പെയിന് ആദ്യ ജയം. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലണ്ടിനെതിരെ 2–1നാണ് സ്പെയിൻ ജയം കുറിച്ചത്. ഒരു ഗോളിനു പിന്നിലായ ശേഷമായിരുന്നു സ്പാനിഷ് പടയുടെ തിരിച്ചുവരവ്. വെംബ്ലിയിൽ കഴിഞ്ഞ 25 മൽസരങ്ങൾക്കിടെ ഇംഗ്ലണ്ടിന്റെ ഏക തോൽവിയാണിത്. 11–ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. എന്നാൽ ഇടവേളയ്ക്കു മുൻപു തന്നെ സോൾ നിഗ്വേസ്, റോഡ്രിഗോ എന്നിവരുടെ ഗോളുകളിൽ സ്പെയിൻ കളി മറിച്ചു.

സ്പെയിൻ ഡിഫൻഡർ ഡാനി കർവഹാലുമായി കൂട്ടിയിടിച്ച് ഇംഗ്ലണ്ട് ലെഫ്റ്റ് ബായ്ക്ക് ലൂക്ക് ഷായ്ക്ക് പരുക്കേറ്റതായിരുന്നു രണ്ടാം പകുതിയിലെ പ്രധാന സംഭവം. പന്തു കൈവശം വച്ച് സ്പെയിൻ ആധിപത്യം പുലർത്തിയെങ്കിലും കളിയുടെ അവസാനം ഇംഗ്ലണ്ടിന് മികച്ച സുവർണാവസരം കിട്ടി. എന്നാൽ പന്ത് സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡിഗിയയ്ക്കു നേരെ അടിച്ച് റാഷ്ഫോർഡ് അതു തുലച്ചു. ഡാനി വെൽബക്കിന്റെ ഒരു ഗോൾ റഫറി അനുവദിച്ചതുമില്ല.

സ്റ്റേഡിയത്തിലെത്തിയ എൺപതിനായിരത്തിലേറെ ആരാധകർക്കു മുന്നിൽ ലോകകപ്പ് ഗോൾഡൻ ബൂട്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നു സമ്മാനിച്ചതിനു ശേഷമായിരുന്നു മൽസരത്തിന്റെ തുടക്കം. ഇന്നലെ മറ്റു മൽസരങ്ങളിൽ എസ്റ്റോണിയ 1–0ന് ഗ്രീസിനെയും ലക്സംബർഗ് 4–0ന് മോൾഡോവയെയും തോൽപ്പിച്ചു.