രണ്ടാം ജയത്തോടെ ഇന്ത്യ സാഫ് കപ്പ് സെമിയിൽ; എതിരാളി പാക്കിസ്ഥാൻ - വിഡിയോ

സാഫ് കപ്പിൽ ഇന്ത്യയും മാലദ്വീപും തമ്മിൽ നടന്ന മൽസരത്തിൽനിന്ന്.

ധാക്ക∙ സാഫ് കപ്പ് ഫുട്ബോളിലെ തുടർച്ചയായ രണ്ടാം മൽസരത്തിലും ഇന്ത്യയ്ക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാലദ്വീപിനെയാണ് ഇന്ത്യ തകർത്തത്. നിഖിൽ പൂജാരി (36), മൻവീർ സിങ് (45) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ േനടിയത്. രണ്ടാം ജയത്തോടെ ബി ഗ്രൂപ്പ് ചാംപ്യൻമാരായ ഇന്ത്യ ആറു പോയിന്റുമായി സെമിയിൽ കടന്നു. അവിടെ ചിരവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ബുധനാഴ്ചയാണ് സെമി പോരാട്ടം.

മൽസരത്തിലുടനീളം ഇന്ത്യയ്ക്കായിരുന്നു ആധിപത്യം. 11–ാം മിനിറ്റിൽത്തന്നെ നിഖിൽ പൂജാരിയിലൂടെ ഇന്ത്യ മുന്നിലെത്തേണ്ടതായിരുന്നു. അനിരുദ്ധ് ഥാപ്പയുടെ ക്രോസിന് നിഖിൽ തലവച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ ക്രോസ് ബാറിനു മുകളിലൂടെ പന്തു പുറത്തുപോയി. വിങ്ങുകളിൽ നിഖിലും ലാലിയൻസുവാല ചാങ്തെയും മിന്നൽപ്പിണറുകളായതോടെ ഏതു നിമിഷവും ഗോൾ വഴങ്ങിയേക്കുമെന്ന നിലയിലായിരുന്നു മാലദ്വീപ്.

നിരന്തരം സമ്മർദ്ദം ചെലുത്തിയ ഇന്ത്യയ്ക്കു പക്ഷേ ലീഡ് നേടാൻ 36–ാം മിനിറ്റു വരെ കാത്തിരിക്കേണ്ടി വന്നു. ഫാറൂഖ് ചൗധരിയുമായി പന്തു കൈമാറി മാലദ്വീപ് ബോക്സിലേക്കു കടന്ന നിഖിൽ പൂജാരി, മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. സ്കോർ 1–0.

ഇടവേളയ്ക്കു തൊട്ടുമുൻപ് മൻവീർ സിങ്ങിലൂടെ ഇന്ത്യ ലീഡ് വർധിപ്പിച്ചു. അനിരുദ്ധ് ഥാപ്പയുടെ തകർപ്പൻ ക്രോസിന് കൃത്യമായി ഗോളിലേക്കു വഴികാട്ടി മൻവീർ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിലും ഇന്ത്യയ്ക്ക് മികച്ച ചില അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനാകാതെ പോയതോടെ രണ്ടു ഗോൾ ജയവുമായി സെമിയിലേക്ക്.

അവിടെ നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാനും ഇന്ത്യയും ഒരു ഔദ്യോഗിക മൽസരത്തിൽ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനു മുൻപ് 2013ലെ സാഫ് കപ്പിലാണ് ഇരു ടീമുകളും മുഖാമുഖമെത്തിയത്. അന്ന് ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിനു ജയിച്ചു.