സാഫ് കപ്പിൽ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ; എതിരാളികൾ മാലദ്വീപ്

പാക്കിസ്ഥാനെതിരെ ഇരട്ട ഗോൾ നേടിയ ഇന്ത്യയുടെ മൻവീർ സിങ്ങിനെ കെട്ടിപ്പിടിക്കുന്ന പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. ട്വിറ്റർ ചിത്രം

ധാക്ക∙ ബദ്ധവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ 12–ാമത് സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. യുവതാരം മൻവീർ സിങ്ങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. ഫൈനലിൽ മാലദ്വീപാണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ മാലദ്വീപിനെ തോൽപ്പിച്ചിരുന്നു.

ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മൽസരത്തിലെ നാലു ഗോളുകളും പിറന്നത്. മലയാളി താരം ആഷിഖ് കുരുണിയനാണു രണ്ടു ഗോളുകൾക്കു വഴിയൊരുക്കിയത്. അഞ്ചു വർഷത്തിനു ശേഷം പാക്കിസ്ഥാനെതിരെ കളിക്കാനിറങ്ങിയ ഇന്ത്യ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ വന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ കെട്ടുപൊട്ടിച്ചു. വിങിലൂടെ ഓടിക്കയറിയ ആഷിഖ് നൽകിയ ലോ ക്രോസ് മൻവീർ ഗോളിലേക്കു തിരിച്ചു വിട്ടു. 69–ാം മിനിറ്റിൽ മൻവീർ രണ്ടാം ഹോളും നേടിയതോടെ ഇന്ത്യ കളിയിൽ കാലുറപ്പിച്ചു.

ആഷിഖ്

ചാങ്തെ ഓടിക്കയറി തുടക്കമിട്ട മുന്നേറ്റത്തിൽ വിനീത് റായിയുടെ പാസിൽ നിന്നായിരുന്നു മൻവീറിന്റെ രണ്ടാം ഗോൾ. പരുക്കേറ്റ് മൻവീർ കയറിയപ്പോൾ പകരമെത്തിയ പാസിയും ഹെഡറിലൂടെ ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു. ഇത്തവണയും അവസരമൊരുക്കിയത് ആഷിഖ് തന്നെ.

അതേസമയം, മൽസരത്തിനിടെ കയ്യാങ്കളിക്കു തുനിഞ്ഞ രണ്ടു താരങ്ങൾ ചുവപ്പുകാർഡ് കണ്ടതിനാൽ 10 പേരുമായാണ് ഇരു ടീമുകളും മൽസരം പൂർത്തിയാക്കിയത്. ഇന്ത്യൻ താരം ലാലിയൻസ്വാല ചാങ്തെ, പാക്കിസ്ഥാൻ താരം മൊഹ്സിൻ അലി എന്നിവരാണ് 86–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായത്. ഇതോടെ ചാങ്തെയ്ക്ക് മാലദ്വീപിനെതിരായ കലാശക്കളി നഷ്ടമാകും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ മാലദ്വീനെ നേരിട്ടപ്പോൾ ചാങ്തെ ഗോൾ നേടിയിരുന്നു.

ആദ്യ സെമിയിൽ നേപ്പാളിനെ വീഴ്ത്തിയാണ് മാലദ്വീപ് ഫൈനലിൽ കടന്നത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് നേപ്പാളിനെതിരെ മാലദ്വീപിന്റെ ജയം. ഇബ്രാഹിം വഹീദിന്റെ ഇരട്ടഗോളും (84, 86), അക്രം ഘനീ 9–ാം മിനിറ്റിൽ നേടിയ ഗോളുമാണ് മാലദ്വീപിന് വിജയം സമ്മാനിച്ചത്.