ബ്ലാസ്റ്റേഴ്സിനെതിരെ ഹ്യൂം കളിച്ചേക്കില്ല

കൊച്ചി∙ ഇയാൻ ഹ്യൂം എഫ്സി പുണെ സിറ്റി കുപ്പായത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇറങ്ങുമോ? സാധ്യതയില്ലെന്നാണു സൂചന. നവംബർ രണ്ടിന് തങ്ങളുടെ മൂന്നാം എവേ മൽസരത്തിനു ബ്ലാസ്റ്റേഴ്സ് പുണെയിൽ ബൂട്ടുകെട്ടുമ്പോൾ ഹ്യൂമും മഞ്ഞപ്പടയും തമ്മിലൊരു പോരിനു കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ. 

നവംബർ രണ്ടിലെ പോരാട്ടത്തിനു ഹ്യൂം കളത്തിലിറങ്ങാൻ സാധ്യത കുറവാണെന്ന വിലയിരുത്തലിനു പിന്നിൽ ചില കാരണങ്ങളുണ്ട്:

∙ഹ്യൂം ഇപ്പോൾ പുണെ നിരയിൽ ഉണ്ടെങ്കിലും കളിക്കളത്തിൽ സജീവമല്ല. ‘മാച്ച് ഫിറ്റ്നസ്’ നേടാനുള്ള ശ്രമം സൂചിപ്പിക്കുന്ന പരിശീലന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ.

∙ഗോവയിൽ നടക്കുന്ന ടൂർണമെന്റിൽ പുണെ സിറ്റി കളിച്ചെങ്കിലും ഹ്യൂം ഇറങ്ങിയില്ല.

∙ഈ സ്ട്രൈക്കർ ഉടനെയൊന്നും ‘മാച്ച് ഫിറ്റ്നസ്’ കൈവരിക്കില്ല എന്നു ടീം മാനേജ്മെന്റ് പോലും കരുതുന്നു.

∙ഐഎസ്എൽ അഞ്ചാം പതിപ്പിൽ ഓരോ ക്ലബിനും ഏഴു വിദേശികളെ ടീമിൽ എടുക്കാമെന്നിരിക്കെ പുണെ സിറ്റി എട്ടു പേരുമായി കരാറിൽ എത്തിയിട്ടുണ്ട്. ഹ്യൂമിന്റെ രംഗപ്രവേശം വൈകുമെന്നതിന്റെ സൂചനയായി ഇതിനെ വ്യാഖ്യാനിക്കാം.

∙ഹ്യൂമിനു പുറമെ മാർസെലീഞ്ഞോ, എമിലിയാനോ അൽഫാറോ, ഡിയഗോ കാർലോസ്, മാർക്കോ സ്റ്റാൻകോവിച്, മാർട്ടിൻ ഡയസ്, മാറ്റ് മിൽസ്, ജൊനാഥൻ വിയ എന്നീ വിദേശ താരങ്ങളാണ് ടീമിലുള്ളത്. 

∙ഏഴു പേരെയേ ഐഎസ്എല്ലിൽ റജിസ്റ്റർ ചെയ്യാനാവൂ. അതിനാൽ ഫിറ്റ്നസ് കൈവരിക്കുന്നതുവരെ ഹ്യൂമിനെ റജിസ്റ്റർ ചെയ്യാൻ സാധ്യതയില്ല. ഹ്യൂമിനെ റജിസ്റ്റർ ചെയ്യുകയാണെങ്കിൽ മറ്റൊരാളെ ഒഴിവാക്കേണ്ടിവരും. ഏതായാലും പുണെ നിരയിലെ എട്ടു വിദേശികളിൽ ഒരാൾ ലീഗിന്റെ തുടക്കത്തിൽ പുറത്തിരിക്കും. അതു ഹ്യൂം ആകാനാണു സാധ്യത.