Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരെ; സെയ്ഫ് ആകട്ടെ കപ്പ്

Indian-Team ഇന്ത്യൻ ടീം ധാക്കയിൽ പരിശീലനത്തിൽ.

ധാക്ക ∙ ഇന്ത്യൻ ഫുട്ബോളിന്റെ ലോക്കറിലെ ഏറ്റവും ‘സെയ്ഫ്’ ആയ കപ്പ് ഒന്നേയുള്ളൂ; സാഫ് കപ്പ്. ഏഴു വട്ടം ഇന്ത്യ ജേതാക്കളായ ഒരേയൊരു ടൂർണമെന്റ്. ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിൽ എട്ടാം തവണ കിരീടം തേടി മാലദ്വീപിനെതിരെ ഇന്നിറങ്ങുമ്പോൾ അരങ്ങും എതിരാളികളും ഇന്ത്യയ്ക്കു പരിചിതമാണ്. 2009ൽ ഇതേ സ്റ്റേഡിയത്തിൽ ഇതേ എതിരാളികളെ തോൽപിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. അന്നു നിശ്ചിതസമയത്ത് ഇന്ത്യയെ പിടിച്ചുനിർത്തിയ മാലദ്വീപ് പെനൽറ്റി ഷൂട്ടൗട്ടിലാണു വീണുപോയത്. 

ഇത്തവണ പക്ഷേ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ മാലദ്വീപിനെ തോൽപിച്ച ചരിത്രം ഇന്ത്യയ്ക്കുണ്ട്. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാത്ത ഒരേയൊരു ടീമും ഇന്ത്യ മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മാലദ്വീപിനു പുറമെ ശ്രീലങ്കയെയും ഇന്ത്യ തോൽപിച്ചു. 

സെമിഫൈനലിൽ പാക്കിസ്ഥാനെയും. ഗ്രൂപ്പിൽ ഇന്ത്യയോടു തോറ്റതിനു പുറമെ ശ്രീലങ്കയോടു സമനിലയിൽ‌ കുരുങ്ങുകയും ചെയ്ത മാലദ്വീപ് ഗോൾ ശരാശരിയുടെ ബലത്തിലാണു സെമിയിൽ കടന്നത്. എന്നാൽ സെമിയിൽ ആധികാരികമായി നേപ്പാളിനെ 3–0നു തോൽപിച്ചു. ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 97–ാം സ്ഥാനത്താണെങ്കിൽ മാലദ്വീപ് ഏറെ അപ്പുറമാണ്– 150–ാം റാങ്കിൽ. 

പക്ഷേ കഴിഞ്ഞ രണ്ടുവർഷമായി കളിമികവിലും റാങ്കിങ്ങിലും കുതിപ്പു തുടരുന്ന ഇന്ത്യയുടെ ഒന്നാം നിര ടീമല്ല ബംഗ്ലദേശിൽ കളിക്കുന്നത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെയുള്ള പ്രധാന താരങ്ങളൊന്നുമില്ലാത്ത ടീമിൽ ഒരാളൊഴികെ എല്ലാവരും അണ്ടർ–23 താരങ്ങളാണ്. കിരീടം ചൂടുക എന്ന ടീം ലക്ഷ്യത്തിനൊപ്പം കളിക്കാർക്കെല്ലാം മറ്റൊരു വ്യക്തിപരമായ ആഗ്രഹവുമുണ്ട്. 

ജനുവരിയിൽ യുഎഇയിൽ നടക്കുന്ന ഏഷ്യൻ കപ്പിനുള്ള ടീമിൽ ഇടം പിടിക്കുക. കളിക്കാരെ പ്രചോദിപ്പിക്കാൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ അതു വ്യക്തമാക്കിക്കഴിഞ്ഞു 

‘‘ ഇവർക്കു മുന്നിൽ ഒരു കാരറ്റ് ഉണ്ട്– ഏഷ്യൻ കപ്പ് ടീമിൽ ഒരു സ്ഥാനം. അതാരൊക്കെ ഓടിപ്പിടിക്കുമെന്നു കാണാം..’’ മാലദ്വീപിനെതിരെയും പാക്കിസ്ഥാനെതിരെയും ഗോളുകളോടെ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച സ്ട്രൈക്കർ മൻവീർ സിങ്ങാണ് ഇന്ത്യൻ നിരയിലെ മികച്ച കളിക്കാരിലൊരാൾ. 

ഗോളടിച്ചും അടിപ്പിച്ചും തിളങ്ങുന്ന മലയാളി താരം ആഷിഖ് കുരുണിയനും ‘കോൺസ്റ്റന്റൈന്റെ കാരറ്റിൽ’ ലക്ഷ്യം വയ്ക്കാം. ഇന്ത്യ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരുടെ ധൈര്യമാണു മാലദ്വീപിന്റെ കരുത്ത്.

ഇന്ത്യയെ ഇടയ്ക്കെല്ലാം അട്ടിമറിച്ചിട്ടുണ്ടെന്ന ചരിത്രവും അവർക്കു കൂട്ടിനുണ്ട്. ‘‘കഴിഞ്ഞ ഒൻപതു വർഷമായി ഞങ്ങൾ ഫൈനൽ കളിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും ആ അവസരം വന്നിരിക്കുന്നു. അത് അവിസ്മരണീയമാക്കണം..’’– 

മാലദ്വീപ് ക്യാപ്റ്റൻ അക്രം അബ്ദുലിന്റെ വാക്കുകൾ.